ആഗോളതലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്കായി അവർ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഒപ്പം ആപ്പിന്റെ രൂപഘടനയിലും മാറ്റങ്ങള്‍ വരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള എഐ കാരക്ടറുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് കമ്പനി.
വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ വി2.25.1.26 ല്‍ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയ AIs ടാബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമാണിത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ചുള്ള എഐ കാരക്ടറുകള്‍ നിര്‍മിക്കാനാവും. ഉദാഹരണത്തിന്, റിലേഷന്‍ ഷിപ്പ് കോച്ച്, പ്രൊഡക്ടിവിറ്റി അസിസ്റ്റന്റ് പോലെ വിവിധ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിക്കാനാവും.
മെറ്റ എഐയുടെ ചാറ്റ് ബോട്ട് നേരത്തെ തന്നെ വാട്‌സാപ്പില്‍ ലഭ്യമാണ്. ചാറ്റ് ജിപിടിയും വിവിധ ആവശ്യങ്ങള്‍ക്കുള്ള ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ചാറ്റ്‌ബോട്ട് ഒരുക്കാനുള്ള സൗകര്യം ഇതാദ്യമായാണ് വരുന്നത്. നിങ്ങള്‍ നിര്‍മിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനും മറ്റുള്ളവര്‍ നിര്‍മിക്കുന്ന ഉപകാരപ്രദമായ ചാറ്റ്‌ബോട്ടുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.
അതേസമയം കമ്മ്യൂണിറ്റീസ് ടാബിനെ പ്രധാന ചാറ്റ് ടാബിനുള്ളിലേക്കാണ് മാറ്റുക. നിലവില്‍ ഇത് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന അപ്‌ഡേറ്റുകളാണ്. ഔദ്യോഗികമായി ഇവ എന്ന് വാട്‌സാപ്പില്‍ എത്തുമെന്ന് വ്യക്തമല്ല.