പാരീസ് എ.ഐ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഒപ്പിടാതെ യുഎസും യുകെയും. എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സുസ്ഥിര എഐ വികാസത്തിന്‌ ആഹ്വാനം ചെയ്താണ് ഉച്ചകോടി സംഘടിപ്പിച്ചത്. സുരക്ഷിതവും നീതിയുക്തവും സുതാര്യവുമായി എഐ സാങ്കേതികവിദ്യയെ മുന്നോട്ടുനയിക്കണമെന്നാണ്‌ പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെടുന്നത്‌.

എഐ സാങ്കേതികവിദ്യയുടെ വികസനത്തെയും നിയന്ത്രണത്തെയും കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ചൊവ്വാഴ്ച ഒപ്പിട്ട 60 രാജ്യങ്ങളുടെ പിന്തുണയുള്ള പ്രഖ്യാപനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിടാത്തതിന്റെ കാരണം അവർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം എഐ സംരംഭങ്ങളെ യൂറോപ്പിലേക്ക്‌ സ്വാഗതം ചെയ്ത ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ അമേരിക്ക ഊർജത്തിനായി ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിനെ പരിഹസിച്ചു. ആണവോർജത്തിനെ ആശ്രയിക്കുന്നതിനാൽ എഐ സംരംഭങ്ങളുടെ ശക്തികേന്ദ്രമായി യൂറോപ്പും ഫ്രാന്‍സും മാറുമെന്നും മക്രോൺ ഉച്ചകോടിയില്‍ പറഞ്ഞു.

ഫ്രാന്‍സ്, യുകെയുടെ അടുത്ത പങ്കാളിയായിട്ടും ഈ തീരുമാനമെടുക്കാന്‍ ഇരുവര്‍ക്കും മതിയായ കാരണങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പിന്മാറ്റമെന്നാണ് സൂചന.

അതേസമയം, സുസ്ഥിര എ.ഐ സംരംഭത്തില്‍ യുകെ ഒപ്പുവെച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷാ പ്രസ്താവനയെ പിന്തുണച്ചെന്നും യുകെ പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാല്‍ യുഎസിന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് യൂറോപ്പിന്റെ സാങ്കേതികവിദ്യയുടെ അമിതമായ നിയന്ത്രണത്തെയും ചൈനയുമായുള്ള സഹകരണത്തെയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസും യുകെയും പ്രഖ്യാപനത്തില്‍ ഒപ്പിടാത്തത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുത്തു.

Select Language »