പതിറ്റാണ്ടുകളായി ഗവേഷകരെ കുഴപ്പിച്ചിരുന്ന ‘സൂപ്പര്‍ബഗ് മിസ്റ്ററി’ക്ക് മണിക്കൂറുകള്‍ കൊണ്ട് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍ വികസിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍. ആന്റിബയോട്ടിക് റെസിസ്റ്റന്റ് എന്നറിയപ്പെടുന്ന സൂപ്പര്‍ബഗുകള്‍ക്ക് പിന്നിലെ നിഗൂഢതയ്ക്കാണ് എഐ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് സൂപ്പര്‍ബഗുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് സാധിക്കാത്തത് എന്ന് കണ്ടെത്താന്‍ വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷക സംഘം ഇതിനുത്തരം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ട് നാളുകളായി. പ്രൊഫസര്‍ ജോസ് പെനേഡ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണങ്ങള്‍ നടന്നത്. ഒടുവില്‍ ഗൂഗിളിന്റെ കോ-സയന്റിസ്റ്റ് എന്ന എഐ ടൂളിനെ പഠനത്തിനായി ഉപയോഗിക്കാന്‍ ജോസും സംഘവും തീരുമാനിച്ചു. ഇതിനുള്ള കമാന്‍ഡ് നല്‍കുകയും ചെയ്തു. സംഘത്തെ ഞെട്ടിച്ചുകൊണ്ടാണ് 48 മണിക്കൂറിനുള്ളില്‍ എഐ നിഗമനത്തിലെത്തിയത്.

ഇതുവരെയുള്ള പഠനഫലങ്ങള്‍ ഒന്നും ലഭിക്കാതെയാണ് എഐ മണിക്കൂറുകള്‍ക്കുള്ളില്‍ നിഗമനത്തിലെത്തിയതെന്നത് തങ്ങളെ ഞെട്ടിച്ചുവെന്നാണ് പ്രൊഫസര്‍ ജോസ് പ്രതികരിച്ചത്. തന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ എഐ ചോര്‍ത്തിയോ എന്ന് പോലും ഒരു ഘട്ടത്തില്‍ താന്‍ സംശയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തില്‍ സംശയം തീര്‍ക്കാന്‍ താന്‍ ഗൂഗിളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജോസ് പറഞ്ഞു.

എങ്ങനെയാണ് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ബഗുകള്‍ ഉണ്ടാകുന്നതെന്നും, അവയ്‌ക്കെങ്ങനെയാണ് ഈ പ്രതിരോധം സാധ്യമാകുന്നതെന്നുമാണ് പ്രൊ.ജോസും സംഘവും പഠനം നടത്തിയത്. പഠനങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ബഗുകള്‍ക്ക് ഒരു സ്പീഷീസില്‍ നിന്ന് മറ്റൊന്നിലേക്ക് പകരാന്‍ കഴിയുമെന്ന സിദ്ധാന്തത്തില്‍ അവരെത്തി. എന്നാല്‍ ഈ നിഗമനം എവിടെയെങ്കിലും പ്രസിദ്ധീരിക്കുകയോ മറ്റാരെങ്കിലുമായി പങ്കുവെക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ എഐ ടൂള്‍ 48 മണിക്കൂറില്‍ ഈ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്ന കണ്ടുപിടുത്തത്തിലെത്തിയത്.

ഈ സിദ്ധാന്തത്തിന് പുറമെ മറ്റ് നാല് സാധ്യതകള്‍ കൂടി എഐ മുന്നോട്ടുവെച്ചു. വര്‍ഷങ്ങളായുള്ള ഗവേഷണങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും ഈ സാധ്യതകള്‍ തങ്ങളുടെ ടീമിന്റെ ചിന്തയില്‍ വന്നില്ലെന്നത് അതിശയകരമാണെന്നും ജോസ് പറഞ്ഞു. ഈ സാധ്യതകളില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Select Language »