ഇ-കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണും എഐ മേഖലയിലേക്ക്. ടെക്സ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോകളും പ്രോസസ് ചെയ്യാൻ കഴിവുള്ള ന്യൂ ജനറേഷൻ എഐ മോഡലാണ് വികസിപ്പിച്ചത്. ഇതുവരെ ആശ്രയിച്ചിരുന്ന എഐ സ്റ്റാർട്ടപ്പായ ആൻട്രോപ്പിക്കിൽ നിന്ന് ഇതോടെ ആമസോണിന് സ്വതന്ത്രമാകാൻ സാധിക്കും.
“ഒളിംപസ്” എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ലാർജ് ലംഗ്വേജ് മോഡൽ (LLM), ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മനസ്സിലാക്കി, ഉപയോക്താക്കളിൽ നിന്നും ലളിതമായ ടെക്സ്റ്റ് നിർദ്ദേശങ്ങൾ സ്വീകരിച്ച് മികച്ച ഔട്ട്പുട്ട് നൽകും.
“ഒരു ബാസ്കറ്റ്ബോൾ ഷോട്ട് കാണിക്കൂ…”
“ഒരു കുട്ടി സൈക്കിൾ ചവിട്ടുന്ന വീഡിയോ കാണിക്കൂ…”
എന്നിങ്ങനെ വളരെ ലളിതമായ പ്രോംപ്റ്റുകളിൽ നിന്നും പോലും വളരെ റിയലിസ്റ്റിക് ആയ ആക്ഷൻ വീഡിയോകൾ വരെ ഒളിംപസിന് നിർമ്മിക്കാൻ സാധിക്കും.
ഈ പുതിയ എഐ മോഡലിന്റെ വികസനത്തോടെ ഇനി ആൻട്രോപ്പിക്കിന്റെ ചാറ്റ്‌ബോട്ടായ ക്ലോഡിനെ ആശ്രയിക്കേണ്ടി വരില്ല. നിലവിൽ, അമസോൺ വെബ് സർവീസസിലെ (AWS) ജനപ്രിയമായ ഒരു സേവനമാണ് ക്ലോഡ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഈ വർഷം തുടക്കത്തിലും നാല് ബില്യൺ ഡോളർ ആൻട്രോപ്പിക്കിൽ നിക്ഷേപിച്ച അമസോൺ, ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒപ്പൺഎഐ തുടങ്ങിയ കമ്പനികൾ ജനറേറ്റീവ് എഐ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ, അമസോണും ഈ മത്സരത്തിൽ സജീവമായി ഇടപെടുകയാണ്. അടുത്ത ആഴ്ച നടക്കുന്ന വാർഷിക AWS ഉപഭോക്തൃ സമ്മേളനത്തിൽ ഒളിംപസ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Very useful information. Thank you Art of Ai Team