എഐ മേഖലയെ പൊതുജനങ്ങൾക്ക് സുപരിചിതമാക്കിയതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടൂളാണ് ചാറ്റ് ജിപിടി. ഓപണ്‍ എഐ (Open Ai) എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മൈക്രോസോഫ്റ്റ് ആണ് ഓപൺഎ.ഐയുടെ പ്രധാന നിക്ഷേപകർ.
വിഷയം ഏതുമായിക്കോട്ടെ, അതിൽ എന്ത് സംശയം ചോദിച്ചാലും മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി തരാൻ ചാറ്റ്ജിപിടി എന്ന എ.ഐ ചാറ്റ്ബോട്ടിന് കഴിയും. കവിതയും കഥയും സാഹിത്യവും ശാസ്ത്രവും ചരിത്രവും ഒക്കെ വഴങ്ങും.
എന്നാൽ, ചാറ്റ്ജിപിടി വെറും ‘മന്ദബുദ്ധി’യാണെന്നാണ് (dumbest) ഓപൺഎ.ഐ സി.ഇ.ഒ ആയ സാം ആൾട്ട്മാൻ തന്നെ പറയുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിച്ച ഒരു ചോദ്യോത്തര സെഷനിലായിരുന്നു ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന് അടിസ്ഥാനമായ ജിപിടി 4-നെ കുറിച്ച് ആൾട്ട്മാൻ വിചിത്രമായ പ്രസ്താവന നടത്തിയത്. GPT-4 നിലവിൽ ലോകത്തിലെ ഏറ്റവും കഴിവുള്ള വലിയ ഭാഷാ മോഡലുകളിലൊന്നാണെന്നും അതേസമയം ഏറ്റവും മോശം AI മോഡൽ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിപിടി-4 പോലുള്ള എ.ഐ മോഡലുമായി ഉപയോക്താക്കള്‍ക്ക് ഇനി കൂടുതൽ കാലം ഇടപഴകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ കഴിവുകളുള്ള പുതിയ ജനറേറ്റീവ് AI മോഡലിനെക്കുറിച്ചുള്ള സൂചന നൽകുകയായിരുന്നു ആൾട്ട്മാൻ. മനുഷ്യനെ മറികടക്കുന്ന ബുദ്ധിയുണ്ടാകുമെന്ന് പറയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) യാഥാര്‍ത്ഥ്യമാക്കാനുള്ള ത്രീവ്രയജ്ഞത്തിലാണെന്നാണ് നിലവിൽ ഓപണ്‍എഐ. മനുഷ്യനെ പോലെ എല്ലാ കാര്യങ്ങളിലുമുള്ള വിവേചന ബുദ്ധി എ.ഐ കൈവരിക്കുന്ന സാഹചര്യം സങ്കൽപ്പിക്കാൻ കഴിയുമോ…?
എങ്കിൽ അതാണ് എ.ജി.ഐ. നിലവിൽ ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത് ജിപിടി-4നെ അടിസ്ഥാനമാക്കിയാണ്. വരും വർഷങ്ങളിൽ എ.ജി.ഐ-യുടെ കഴിവുകളുള്ള ജിപിടി-6 അല്ലെങ്കിൽ ജിപിടി-7 അവതരിപ്പിക്കാനാണ് സാം ആൾട്ട്മാനും സംഘവും ലക്ഷ്യമിടുന്നത്. എ.ജി.ഐ അഞ്ചല്ലെങ്കിൽ 50 ബില്യൺ ഡോളർ വരെ മുടക്കാൻ ഒരുക്കമാണെന്നാണ് ആൾട്ട്മാൻ പറയുന്നത്.
Most Welcome