ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യ. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് എഐ സഹായത്തോടെ വികസിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയും ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ അടിസ്ഥാനപ്പെടുത്തിയ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള സംവിധാനം കാര്യക്ഷമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് സങ്കീര്‍ണതകള്‍ തുടങ്ങിയവയ്ക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്‌നമാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍. പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോവുകയോ ആളുകള്‍ അവഗണിക്കുകയോ ആണ് ചെയ്യുക. ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ മാത്രമാണ് ആളുകള്‍ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നത്. ഈ രോഗാവസ്ഥ തിരിച്ചറിയപ്പെടാതെ നിരവധി ആളുകള്‍ ജീവിക്കുന്നുണ്ട്. പലപ്പോഴും പെട്ടെന്നുള്ള ഹൃദയാഘാതത്തിന് ഇത് കാരണമാകുകയും ചെയ്യും.

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ഗവേഷകര്‍ രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനമൊരുക്കിയത്. രോഗം വരാന്‍ സാധ്യത ഇതിലൂടെ നേരത്തെ കണ്ടെത്താന്‍ സാധിക്കും. അതിനനുസരിച്ച് തുടര്‍പരിശോധനകള്‍ നടത്തിയാല്‍ പെട്ടെന്നുള്ള പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയാക്കാനാകും. പ്രായം, ലിംഗം, വംശം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഒരാള്‍ക്ക് വരാന്‍ സാധ്യതയുണ്ടോയെന്ന് കണ്ടെത്തുക. ഹൃദയാഘാതം സംഭവിച്ചതിന് ശേഷം മാത്രമേ ചിലപ്പോള്‍ ഈ രോഗം തിരിച്ചറിയാന്‍ സാധിക്കു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകുമെന്നതാണ് പുതിയ കണ്ടുപിടിത്തത്തിന്റെ നേട്ടം.

Select Language »