കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ഇനി മുതൽ എഐ നമുക്ക് നൽകും. കാലാവസ്ഥ പ്രവചിക്കാൻ പുതിയ എഐ മോഡലുകളുമായി ഗൂഗിൾ എത്തിയിരിക്കുന്നു. ഇതിന് വെതർനെക്സ്റ്റ് (WeatherNext) എന്നാണ് പേരിട്ടിരിക്കുന്നത്. ഗൂഗിൾ ഡീപ് മൈൻഡും ഗൂഗിൾ റിസർച്ചും സംയുക്തമായാണ് വെതർനെക്സ്റ്റ് എഐ മോഡലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത കാലാവസ്ഥ പ്രവചന രീതികളേക്കാൾ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയുമാണ് ഇത് പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ അവകാശപ്പെടുന്നതനുസരിച്ച് കമ്പനിയുടെ ഏറ്റവും നൂതനമായ കാലാവസ്ഥാ പ്രവചന എഐ സാങ്കേതികവിദ്യയാണ് വെതർനെക്സ്റ്റ്.
നിലവിലെ കാലാവസ്ഥ പ്രവചന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ എഐ മോഡലായ വെതർനെക്സ്റ്റ് കൂടുതൽ കൃത്യതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഗൂഗിൾ പറയുന്നു. പരമ്പരാഗത ഭൗതികശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ മോഡലുകളേക്കാൾ വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമാണ് വെതർനെക്സ്റ്റ് മോഡൽ എന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് വ്യക്തമാക്കി.
കൃത്യമായ പ്രവചനത്തിന് രണ്ട് എഐ മോഡലുകൾ
വെതർനെക്സ്റ്റ് കുടുംബത്തിൽ രണ്ട് വ്യത്യസ്ത എഐ മോഡലുകൾ അടങ്ങിയിരിക്കുന്നു. ഇതിലൊന്ന് വെതർനെക്സ്റ്റ് ഗ്രാഫും, മറ്റൊന്ന് വെതർനെക്സ്റ്റ് ജനറലുമാണ്. ഇവ രണ്ടും ഓരോന്നായി നമുക്ക് പരിചയപ്പെടാം.
വെതർനെക്സ്റ്റ് ഗ്രാഫ്: ആറ് മണിക്കൂർ റെസല്യൂഷനും 10 ദിവസത്തെ ലീഡ് സമയവും ഉള്ള പ്രവചനങ്ങൾ നൽകുന്ന ശക്തമായ മോഡലാണിത്. വേഗതയേറിയതും കൃത്യവുമായ പ്രവചനങ്ങൾക്ക് ഇത് അനുയോജ്യമാണ്. ഇന്ന് ഉപയോഗിക്കുന്ന മികച്ച സംവിധാനങ്ങളേക്കാൾ കൂടുതൽ കൃത്യമായ പ്രവചനങ്ങൾ വെതർനെക്സ്റ്റ് ഗ്രാഫ് നൽകുന്നുവെന്ന് ഗൂഗിൾ പറഞ്ഞു.
വെതർനെക്സ്റ്റ് ജെൻ: ഈ മോഡലിന് 12 മണിക്കൂർ റെസല്യൂഷനും 15 ദിവസത്തെ ലീഡ് സമയവും ഉള്ള 50 കാലാവസ്ഥാ സാഹചര്യങ്ങൾ പ്രവചിക്കാൻ കഴിയും. ചുഴലിക്കാറ്റുകൾ പോലുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾ പ്രവചിക്കാൻ ഈ മോഡൽ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഗൂഗിൾ പറയുന്നതനുസരിച്ച്, വെതർനെക്സ്റ്റ് ജെന്നിന് നിരവധി സാധ്യതകൾ കൃത്യമായി പ്രവചിക്കാൻ കഴിയും. ഈ മോഡലിന് കാലാവസ്ഥയുടെ തീവ്രതയെ കുറിച്ച് ഉപഭോക്താക്കളോട് പറയാൻ കഴിയും. ഇത് പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവർത്തനം എളുപ്പമാക്കാന്‍ വഴിയൊരുക്കും എന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.