റെയില്‍വെ ടിക്കറ്റ് ബുക്കിംഗില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി റെയില്‍വെയുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം 53.38 കോടി രൂപ വിലമതിക്കുന്ന 1,24,529 ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടന്നതായും ഇതുവഴി കരിഞ്ചന്തക്കാര്‍ ലാഭമുണ്ടാക്കിയെന്നുമാണ് റെയില്‍വെയുടെ കണ്ടെത്തല്‍. ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പരിശോധനകള്‍ വ്യാപകമാക്കാനും നീക്കം ആരംഭിച്ചു. ബള്‍ക്ക് ബുക്കിംഗ് നടത്തി ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കുന്നത് തടയാന്‍ ആര്‍പിഎഫ്, ഐആര്‍സിടിസി എന്നിവയുമായി ചേര്‍ന്നാണ് സംവിധാനം ശക്തമാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ ബയോമെട്രിക്, ഫേഷ്യല്‍ റെക്കഗ്നേഷന്‍ വിവരങ്ങള്‍ കൂടി ടിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ദക്ഷിണ റെയില്‍വെ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അനധികൃത ടിക്കറ്റ് ബുക്കിംഗ് നടത്തിയതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,725 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4,975 പേരെ അറസ്റ്റ് ചെയ്തു. 26,442 ഐആര്‍സിടിസി ഐഡികള്‍ ബ്ലോക്ക് ചെയ്തിരുന്നു. തിരക്കുള്ള സീസണുകളില്‍ ടിക്കറ്റുകള്‍ വ്യത്യസ്ത മേല്‍ വിലാസങ്ങളില്‍ ബള്‍ക്ക് ബുക്കിംഗ് നടത്തി കൂടിയ വിലക്ക് വില്‍ക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകളില്‍ ടിക്കറ്റ് പരിശോധന കര്‍ശനമല്ലാത്ത റൂട്ടുകളിലാണ് ഇത്തരം ബുക്കിംഗുകള്‍ ഏറെ നടക്കുന്നത്. ഇത് മൂലം ടിക്കറ്റുകള്‍ വേഗത്തില്‍ തീരുകയും നിരവധി യാത്രക്കാര്‍ക്ക് ബുക്കിംഗ് ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് അനധികൃത ബുക്കിംഗ് തടയാന്‍ റെയില്‍വെ ഡിജിറ്റല്‍ നിരീക്ഷണം ശക്തമാക്കി.
ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ടൂളുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് നടക്കുന്നത്. സംശയാസ്പദമായ ബുക്കിംഗ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐആര്‍ടിസിക്ക് റെയില്‍വെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബുക്കിംഗ് രീതികള്‍ തിരിച്ചറിയാന്‍ സംവിധാനം റെയില്‍വെ ടിക്കറ്റുകളുടെ ബുക്കിംഗ് രീതികള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് പഠിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു.
സംശയാസ്പദമായ ഇടപാടുകള്‍ റിയല്‍ടൈമില്‍ കണ്ടെത്താന്‍ ഈ സംവിധാനത്തിന് കഴിയും. ക്രമേക്കേടുകള്‍ തടയാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ ബയോമെട്രിക്ക്, ഫേഷ്യല്‍ റെക്കഗ്നേഷന്‍ അടയാളങ്ങളും ടിക്കറ്റില്‍ ഉള്‍പ്പെടുത്തും. യഥാര്‍ത്ഥ വ്യക്തി തന്നെയാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പിക്കാനാണിത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ അനലറ്റിക്‌സ് സംവിധാനങ്ങളും ബുക്കിംഗ് രീതികള്‍ തിരിച്ചറിയാന്‍ പ്രയോജനപ്പെടുത്തും. പ്രത്യേക റൂട്ടുകളിലെയും സീസണുകളിലെയും ബുക്കിംഗ് ട്രെന്റുകളുടെ ചരിത്രം കൂടി മനസിലാക്കിയുള്ള ഡിജിറ്റല്‍ നിരീക്ഷണത്തിനാണ് റെയില്‍വെ സംവിധാനങ്ങള്‍ ശക്തമാക്കുന്നതെന്ന് ദക്ഷിണ റെയില്‍വെ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ ജി.എം ഈശ്വര റാവു അറിയിച്ചു.