സര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി 4ഒയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാവുകയും ഡാറ്റ അനാലിസിസ്, വെബ് ബ്രൗസിങ്, ഡെക്യുമെന്റ് സമ്മറൈസേഷന്‍ ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്യാനും സാധിക്കും. താങ്ങാവുന്ന വിലയില്‍ എന്റര്‍പ്രൈസ് ലെവലിലുള്ള സുരക്ഷയും ചാറ്റ് എഡ്യൂ വാഗ്ദാനം ചെയ്യുന്നു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍, ടെക്‌സാസ് സര്‍വകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ലഭ്യമാക്കിയ ചാറ്റ്ജിപിടി എന്റര്‍പ്രൈസ് പതിപ്പിന്റെ വിജയത്തിന് പിന്നാലെയാണ് ചാറ്റ്ജിപിടി എഡ്യു അവതരിപ്പിച്ചത്.
കാമ്പസുകളുടെ വിദ്യാഭ്യാസ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ചിരിക്കുന്നത്. ജിപിടി 4ഒയുടെ വിശകലന കഴിവുകളും, കോഡിങ്, ഗണിത ശാസ്ത്ര കഴിവുകളും ഇതില്‍ ഉപയോഗിക്കാനാവും. വെബ് ബ്രൗസിങ് സൗകര്യവുമുണ്ട്. രേഖകളുടെ സംഗ്രഹം തയ്യാറാക്കാനും ഇത് ഉപയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം കസ്റ്റം ചാറ്റ് ജിപിടി പതിപ്പുകള്‍ നിര്‍മിക്കാനാവും. 50 ഭാഷകള്‍ പിന്തുണയ്ക്കും.
എഐയുടെ പിന്തുണയോടുകൂടി സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനും ചാറ്റ് ജിപിടി എഡ്യുവിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഓപ്പണ്‍ എഐയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.