നമ്മുടെ നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും എഐയുടെ പ്രതിഫലനം ഉണ്ടായപ്പോഴും സർക്കാർ തല സംവിധാനങ്ങളിൽ അത്തരം നീക്കങ്ങൾ കണ്ടിരുന്നില്ല. അതിന് വിരാമമിട്ടുകൊണ്ട് ഗവന്മെന്റിനായുള്ള എഐ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐ. യുഎസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പായ ചാറ്റ്ജിപിടി ഗവ. (Chat GPT Gov.) ആണ് അവതരിപ്പിച്ചത്.
വര്‍ധിച്ചുവരുന്ന എഐ മത്സരത്തിനിടയില്‍ ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കും. കൂടാതെ ഈ സാങ്കേതികവിദ്യയില്‍ അമേരിക്കയുടെ ആഗോള നേതൃത്വം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് നിര്‍ണായകമാണ്. യുഎസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് അവരുടെ സ്വന്തം മൈക്രോസോഫ്റ്റ് അസൂര്‍ കൊമേഴ്‌സ്യൽ ക്ലൗഡില്‍ ചാറ്റ്ജിപിടി ഗവ. ഉപയോഗിക്കാൻ കഴിയുമെന്നും ചാറ്റ്ജിപിടി എന്റര്‍പ്രൈസസിന്റെ നിരവധി ടൂളുകളിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്നും ഓപ്പണ്‍എഐ പറഞ്ഞു.
ടെക്സ്റ്റ് ഇമേജുകളും ഫയലുകളും അപ്ലോഡ് ചെയ്യുക; ടെക്സ്റ്റ്, കോഡ്, ഇമേജുകള്‍, ഗണിതം, ഡാറ്റ എന്നിവ വ്യാഖ്യാനിക്കുകയും സംഗ്രഹിക്കുകയും ചെയ്യുക; സംഭാഷണങ്ങള്‍ പങ്കിടുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നിങ്ങനെ ചാറ്റ്ജിപിടി എന്റര്‍പ്രൈസ് വാഗ്ദാനം ചെയ്യുന്ന അതേ നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടും.
കമ്പനി ‘ചില റിലീസുകള്‍ പിന്‍വലിക്കുമെന്ന്’ പറഞ്ഞുകൊണ്ട് എക്‌സില്‍ ഒരു പോസ്റ്റ് പങ്കിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഓപ്പൺ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഈ ലോഞ്ച് നടത്തിയത്. തിങ്കളാഴ്ച ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പ്, ഡീപ്‌സീക് എഐ ലിങ്ക്ഡ് സ്റ്റോക്കുകളെ ഞെട്ടിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പരസ്യ പ്രസ്താവനയാണിത്.
യുഎസ് സര്‍ക്കാരിന് തങ്ങളുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ദേശീയ താത്പര്യത്തിനും പൊതുനന്മയ്ക്കും വേണ്ടി എഐ സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും അമേരിക്കന്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഉത്തരവാദിത്തത്തോടെ സംയോജിപ്പിക്കാന്‍ ഭരണകർത്താക്കളെയും നയരൂപകരെയും പ്രാപ്തരാക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ഓപ്പണ്‍എഐ വെബ്സൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ഇത് പൊതുജനങ്ങള്‍ക്കല്ലാത്ത, സെന്‍സിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ഓപ്പണ്‍എഐ ടൂളുകളുടെ ഇന്റേണൽ അപ്രൂവലുകൾ വേഗത്തിലാക്കും.
അടുത്തിടെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളില്‍ ചാറ്റ്ജിപിടിയെ മറികടന്ന് ചൈനീസ് എഐ മോഡല്‍ ഡീപ്‌സീക് എത്തിയിരുന്നു. ഇത് എഐ വ്യവസായത്തേയും പ്രവര്‍ത്തനങ്ങളേയും സ്‌കെയിലിംഗ് ചെയ്യുന്ന ടെക് ഭീമന്മാര്‍ക്കും അവരുടെ ഗണ്യമായ നിക്ഷേപങ്ങള്‍ക്കും മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഫെഡറല്‍, സംസ്ഥാന, പ്രാദേശിക ഏജന്‍സികളിലായി 90,000ത്തിലധികം സര്‍ക്കാര്‍ ഉപയോക്താക്കള്‍ ചാറ്റ്ജിപിടി ആക്സസ് ചെയ്യുന്നതായി ഓപണ്‍എഐ വിലയിരുത്തിയെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാരണം ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടായിരുന്നുവെന്ന് ഓപ്പണ്‍എഐയുടെ ഗവണ്‍മെന്റ് ഗോ ടു മാര്‍ക്കറ്റ് പ്രോഗ്രാമിന്റെ ഫെലിപ്പ് മില്ലണ്‍ പറഞ്ഞു.
നിലവിൽ അമേരിക്കൻ ഗവൺമെന്റിന് വേണ്ടി മാത്രമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങൾക്കായി ടൂൾ തയാറാക്കുമോ എന്ന കാര്യത്തിൽ ഓപ്പൺ എഐ വിശദീകരണം നൽകിയിട്ടില്ല. ഏതെങ്കിലും രാജ്യം ഇതിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.
ചാറ്റ്‌ജിപിടി ഗവ.-ന്റെ പ്രധാന സവിശേഷതകള്‍
സുരക്ഷിതവും സ്വകാര്യവുമായ എഐ സൊല്യൂഷനുകൾ: സര്‍ക്കാര്‍ വിവരങ്ങള്‍ പരിപാലിക്കുന്നതിനായി അതീവ സുരക്ഷിതമായ ഡാറ്റ മാനേജ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു.
പ്രധാനപ്പെട്ട നയരൂപീകരണ പിന്തുണ: രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളില്‍ ഗവേഷണ സഹായവും ഡാറ്റാ വിശകലനവും നല്‍കുന്നു.
ഭാഷാ പിന്തുണയും വ്യക്തിഗത സേവനവും: വിവിധ ഭാഷകളിലൂടെയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ചുമുള്ള സേവനം ലഭ്യമാക്കുന്നു.
ഉയർന്ന കാര്യക്ഷമതയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍: ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനും പൊതുജന സേവനങ്ങള്‍ സുഗമമാക്കുന്നതിനും എഐ ഉപയോഗിക്കുന്നു.
ചാറ്റ്‌ജിപിടി ഗവ.-ന്റെ പ്രയോജനങ്ങള്‍
സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ മെച്ചപ്പെടുത്തുന്നു: ഔദ്യോഗിക കത്തുകളും സന്ദേശങ്ങളും ഉത്തരവുകളും അതിവേഗം തയ്യാറാക്കുന്നതിനും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുന്നതിനും സഹായിക്കുന്നു.
വിവിധ വകുപ്പുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു: അതിവേഗ എഐ അഡ്മിനിസ്ട്രേറ്റീവ് സഹായം നല്‍കുന്നു.
പൊതുജന സേവനങ്ങള്‍ കൂടുതൽ ജനസൗഹൃദമാക്കുന്നു: നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയില്‍ സ്വതന്ത്രവും ലളിതവുമായ സംവാദം സാധ്യമാക്കുന്നു.