കടുവയെ പിടിക്കാൻ കിടുവയല്ല, കടുവ തന്നെ രംഗത്ത്; ഡീപ് ഫേക്കുകൾക്ക് പിടി വീഴും..!

എഐ മേഖലയുടെ കടന്നുവരവോടൊപ്പം തന്നെ ഏറെ ചർച്ചയായ ഒന്നാണ് ഡീപ് ഫേക്കുകൾ. എഐയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയയിലേക്ക് അവ വളരുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിലയ്ക്ക് നിർത്താനുള്ള ബാധ്യതയും ഐഐയ്ക്ക് തന്നെയാണ്. ആ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുകയാണ് ഓപ്പൺ എഐ.

എഐ നിര്‍മിത ചിത്രങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ ടൂള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. കമ്പനിയുടെ തന്നെ ഡാല്‍ഇ (DALL·E) എന്ന ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ നിര്‍മിച്ച ചിത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ടൂളാണ് അവതരിപ്പിച്ചത്.

തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പടെ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ വ്യാജ വിവര പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും അവയ്ക്ക് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവുമെന്നുമുള്ള വിമര്‍ശനം വ്യാപകമായ സാഹചര്യത്തിലാണ് മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ കണ്ടെത്താനാവുന്ന ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡാല്‍-ഇ3 (DALL·E3) ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ 98 ശതമാനവും കണ്ടെത്താനുള്ള ശേഷി ഈ ടൂളിനുണ്ടെന്നാണ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ കമ്പനി പറയുന്നത്.  ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താലും, കംപ്രസ് ചെയ്താലും, സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഈ ടൂളിന് കണ്ടെത്താനാവും.

എഐ നിര്‍മിത ഉള്ളടക്കങ്ങളില്‍ എഡിറ്റിങ്ങിലൂടെ മാറ്റാനാവാത്ത വാട്ടര്‍മാര്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനമൊരുക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

ഇന്ത്യയിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് എഐ ഉള്ളടക്കങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. യുഎസിലും, പാകിസ്താനിലും, ഇന്‍ഡൊനീഷ്യയിലുമെല്ലാം ഡീപ്പ് ഫേക്കുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേസമയം ഡീപ്പ് ഫേക്കുകള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ഈ ടൂള്‍ എന്ന് ഓപ്പണ്‍ എഐ പറയുന്നു. ഗവേഷകര്‍ക്കിടയിലാണ് ഈ ടൂള്‍ ലഭ്യമാക്കുക. ഇവര്‍ ഈ ടൂള്‍ പരീക്ഷിക്കുകയും അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

Select Language »