ഓപ്പണ്‍ എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍ എഐ ശക്തമായ നിലയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് സുറ്റ്‌സ്‌കേവര്‍ കമ്പനി വിടുന്നത്.
“ഒരു ദശാബ്ദക്കാലത്തിന് ശേഷം ഞാന്‍ ഓപ്പണ്‍ എഐ വിടാന്‍ തിരുമാനിച്ചിരിക്കുന്നു. സാം ഓള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്ക്മാന്‍, മിറ മുറാട്ടി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐയ്ക്ക് എജിഐ നിര്‍മിക്കാനാവുമെന്നതില്‍ ഉറപ്പുണ്ട്.” സുറ്റ്‌സ്‌കേവര്‍ പറഞ്ഞു. ഒന്നിച്ച് പ്രവര്‍ത്തിക്കാനായത് വലിയൊരു നേട്ടമാണെന്നും എല്ലാവരേയും മിസ്സ് ചെയ്യുമെന്നും സുറ്റ്‌സ്‌കേവര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. തനിക്ക് വ്യക്തിപരമായ പുതിയ പദ്ധതികളുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇല്യ കമ്പനിയില്‍ നിന്ന് വിടവാങ്ങുന്നത് സങ്കടകരമാണെന്ന് കമ്പനി മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. നമ്മുടെ തലമുറയിലെ വലിയ മനസിനുടമയാണ് ഇല്യയെന്നും വഴികാട്ടിയാണെന്നും ഓള്‍ട്ട്മാന്‍ കൂട്ടിച്ചേർത്തു. ഒരുമിച്ച് ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ കൂടെ നിന്നതിന് ഓള്‍ട്ട്മാന്‍ ഇല്യയോട് നന്ദി പറഞ്ഞു.
സാം ഓള്‍ട്ട്മാനെ ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡിലെ അംഗമായിരുന്നു ഇല്യ സുറ്റ്‌സ്‌കേവര്‍. ഈ വിവാദങ്ങള്‍ക്കിടെയാണ് സുറ്റ്‌സ്‌കേവറിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പിന്നീട് ഓള്‍ട്ട്മാന്‍ ചുമതലയേറ്റതിന് ശേഷം പഴയ ഡയറക്ടര്‍ ബോര്‍ഡിലെ എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും സുറ്റ്‌സ്‌കേവറിനെ പുറത്താക്കിയിരുന്നില്ല. ഇല്യ കമ്പനി വിട്ടതോടെ ജാക്കുബ് പചോകി ആയിരിക്കും ഓപ്പണ്‍ എഐയുടെ ചീഫ് സയന്റിസ്റ്റെന്ന് ഓള്‍ട്ട്മാന്‍ വ്യക്തമാക്കി. ജാക്കുബും വലിയ മനസിനുടമയാണെന്നും അദ്ദേഹം ബാറ്റണ്‍ ഏറ്റെടുക്കുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.
ഓപ്പണ്‍ എഐയുടെ പ്രധാന പദ്ധതികള്‍ക്ക് ജാക്കുബ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും എജിഐയിലേക്കുള്ള തങ്ങളുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.