ഓപ്പണ്‍ എഐ വീണ്ടും റോബോട്ടിക്‌സ് രംഗത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ റോബോട്ടിക്‌സ് ടീമിലേക്കുള്ള ഗവേഷകരെ തേടുകയാണ് ഇപ്പോള്‍ കമ്പനി. കമ്പനിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന റോബോട്ടിക്‌സ് ടീമിനെ 2020 ലാണ് കമ്പനി പിരിച്ചുവിട്ടത്. ഇപ്പോള്‍ വീണ്ടും ഈ വിഭാഗം പുനര്‍നിര്‍മിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചിലരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
കമ്പനി മേധാവി സാം ഓള്‍ട്ട്മാന്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പുതിയ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ കമ്പനി ക്ഷണിച്ചിട്ടുണ്ട്.
സ്വന്തം റോബോട്ടിക്‌സ് ടീം പിരിച്ചുവിട്ടെങ്കിലും ഓപ്പണ്‍ എഐ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട് വഴി റോബോട്ടിക്‌സില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫിഗര്‍ എഐ, 1എക്‌സ് ടെക്‌നോളജീസ്, ഫിസിക്കല്‍ ഇന്റലിജന്‍സ് തുടങ്ങിയ കമ്പനികള്‍ അതില്‍ ചിലതാണ്.
റോബോട്ടിക്‌സില്‍ ഓപ്പണ്‍ എഐ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. ഫിഗര്‍ എഐ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഓപ്പണ്‍ എഐയുടെ എഐ മോഡലിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ചിരുന്നു.
ടെക്‌സ്റ്റും, ശബ്ദവും, കാഴ്ചയും പ്രോസസ് ചെയ്യാനാവുന്ന ജിപിടി 4ഒ മോഡല്‍ അടുത്തിടെ ഓപ്പണ്‍ എഐ അവതരിപ്പിച്ചിരുന്നു. ഇത് റോബോട്ടുകളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അനുയോജ്യമാണ്.
അതേസമയം, മറ്റ് റോബോട്ടിക് കമ്പനികളുമായി നേരിട്ട് മത്സരിക്കാന്‍ ഓപ്പണ്‍ എഐയ്ക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം മറ്റ് റോബോട്ടിക് കമ്പനികള്‍ക്ക് അവരുടെ റോബോട്ടുകളില്‍ ഉപയോഗിക്കാനാവുന്ന സാങ്കേതിക വിദ്യ നിര്‍മിക്കാനാവും ഓപ്പണ്‍ എഐയുടെ ശ്രമം.
പുതിയ ജീവനക്കാരെ ആവശ്യപ്പെട്ടുള്ള പരസ്യത്തില്‍, എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി പുറത്തുനിന്നുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനകം, ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യകള്‍ വിവിധ കമ്പനികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ പുതിയ ഐഒഎസ് 18 ല്‍ ഓപ്പണ്‍ എഐയുടെ എഐ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. ആപ്പിളിന്റെ സിരി വിര്‍ച്വല്‍ അസിസ്റ്റന്റിന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.