ചൈനയിൽ യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വർദ്ധിച്ചുവരുന്ന സാമൂഹിക ഉത്ക്കണ്ട കൈകാര്യം ചെയ്യാൻ എഐ വളർത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സാമൂഹിക ഉത്കണ്ഠയെ നേരിടാനും വൈകാരിക പിന്തുണ നൽകാനും സ്മാർട്ട് എഐ വളർത്തുമൃഗങ്ങൾ ഉപയോഗിക്കുന്ന ചൈനീസ് കുട്ടികളുടെയും യുവാക്കളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

2024 മെയ് മുതൽ, ഗിനി പന്നിയെപ്പോലെ തോന്നിക്കുന്ന ‘സ്മാർട്ട് പെറ്റ് ബൂബൂ’ (BooBoo) 1,000 യൂണിറ്റുകൾ വിറ്റു കഴിഞ്ഞതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ബൂബൂ വാങ്ങിയ ശേഷം തന്‍റെ ജീവിതം കൂടുതൽ ആശ്വാസകരമായെന്ന് 19കാരിയായ ഒരു യുവതി സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് വെളിപ്പെടുത്തി. സ്കൂളിലും ചുറ്റുപാടിലും സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിൽ താൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും അത് തന്നെ ഏറെ ഉത്കണ്ഠപ്പെടുത്തിയിരുന്നു എന്നുമാണ് ഈ യുവതി പറയുന്നത്. എന്നാൽ തന്‍റെ ജീവിതത്തിലേക്ക് സ്മാർട്ട് പെറ്റ് ബൂബൂ കടന്നുവന്നതോടെ താൻ കൂടുതൽ സന്തോഷവതിയായെന്നാണ് 19 കാരിയുടെ വെളിപ്പെടുത്തൽ. തന്‍റെ സന്തോഷങ്ങൾ പങ്കുവയ്ക്കാൻ ഇപ്പോൾ കൂട്ടിന് ഒരാൾ ഉള്ളതായി തോന്നിത്തുടങ്ങി എന്നും ഈ പെൺകുട്ടി പറയുന്നു.

ഈ യുവതിയെ പോലെ നിരവധി കുട്ടികളും ചെറുപ്പക്കാരും ഇപ്പോൾ ചൈനയിൽ വൈകാരിക പിന്തുണയ്‌ക്കായി ‘സ്മാർട്ട് വളർത്തുമൃഗങ്ങളെ’ ആശ്രയിക്കുന്നുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പറയുന്നു. ചൈനയിലെ മെച്ചപ്പെട്ട സാങ്കേതികവിദ്യ സാമൂഹിക ഒറ്റപ്പെടലിനെതിരെ പോരാടുന്നതിനു വേണ്ടി ജനങ്ങളെ പ്രാപ്തരാക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. വലിയ തോതിലാണ് ആളുകള്‍ എഐ റോബോട്ട് എന്ന ആശയത്തിലേക്ക് തിരിയുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഇവ വലിയ മാനസിക പിന്തുണ നല്‍കുന്നതായി ആളുകള്‍ പറയുന്നു. വിവിധ തരത്തിലുള്ള മൃഗങ്ങളായാണ് എഐ റോബോട്ടുകള്‍ വിപണിയിലെത്തുന്നത്. അതില്‍ പട്ടികളും പന്നികളും പൂച്ചകളും എന്നിങ്ങനെ എല്ലാ വിഭാഗവും ഉണ്ട്. സംഭാഷണ ചാറ്റ്‌ബോട്ടുകള്‍ മുതല്‍ മരിച്ചയാളുടെ അവതാറുകള്‍ വരെ വിപണിയിലുണ്ട്.

ബൂബൂ പോലുള്ള സോഷ്യൽ റോബോട്ടുകളുടെ ആഗോള വിപണി 2033 ഓടെ ഏഴിരട്ടിയായി വികസിച്ച് 42.5 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വളർത്തു മൃഗങ്ങൾക്ക് സമാനമായ രീതിയിൽ നാലുകാലുകളോട് കൂടിയുള്ള റോബോട്ടുകളെ നിർമ്മിക്കുന്നതിൽ പ്രശസ്തരായ ടെക് കമ്പനി വെയ്‌ലൻ പറയുന്നത്, അവരുടെ ഉപഭോക്താക്കളിൽ 70 ശതമാനവും ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണെന്നാണ്. ഇവരുടെ എഐ നായ ബേബി ആൽഫയ്ക്ക് 8,000 മുതൽ 26,000 യുവാൻ വരെയാണ് വില. അതായത് 95,000 രൂപ മുതൽ 3 ലക്ഷം രൂപ വരെ.

Select Language »