എഐ മനുഷ്യനെക്കാള്‍ മികവ് പുലര്‍ത്തുന്ന കാലഘട്ടത്തിലാണ് ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞ് ഉള്‍പ്പെടെയുള്ള ഭാവി തലമുറ വളരാന്‍ പോകുന്നതെന്ന് സാം ആള്‍ട്ട്മാന്‍. ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ ആണ് സാം ആള്‍ട്ട്മാന്‍. ‘റീ:തിങ്കിങ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ ആദം ഗ്രാന്റിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്റെ കുഞ്ഞ് ഒരിക്കലും എ.ഐയെക്കാള്‍ മിടുക്കനായല്ല വളരുക. അത് സ്വാഭാവികമാണ്. എ.ഐ. നമ്മളെക്കാള്‍ സ്മാര്‍ട്ടാണ്. മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അതിന് ചെയ്യാന്‍ സാധിക്കും. പക്ഷേ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?’.സമ്പദ്‌വ്യവസ്ഥയേയും തൊഴില്‍ശക്തിയേയും എ.ഐ. മാറ്റിമറിക്കും. അതേസമയം മനുഷ്യന്റെ കഴിവുകള്‍ മൂല്യമുള്ളതായി തന്നെ തുടരും, മറ്റൊരു തരത്തിലായിരിക്കുമെന്നുമാത്രം. ബൗദ്ധികശേഷിക്ക് പകരം മറ്റ് ശേഷികളിലേക്ക് ശ്രദ്ധമാറണം. -ആള്‍ട്ട്മാന്‍ പറഞ്ഞു.
അതേസമയം മനുഷ്യര്‍ക്കുമുന്നില്‍ പരാജയപ്പെടുന്നതില്‍ നിന്ന് മനുഷ്യന്റെ കഴിവുകളെ മറികടക്കുന്നതിലേക്ക് എങ്ങനെയാണ് സാങ്കേതികവിദ്യ പുരോഗമിച്ചതെന്ന് ചെസ്സിലെ എ.ഐയുടെ പരിണാമം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. മനുഷ്യരും എ.ഐയും കൈകോര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ സമീപനം. എ.ഐ. ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ നല്ലത് അതാണെന്നും ആള്‍ട്ട്മാന്‍ വ്യക്തമാക്കി.