ഓപ്പൺ സോഴ്സ് ലാർജ് ലാംഗ്വേജ് മോഡലായ ലാമ ഡൗൺലോഡ് ചെയ്തത് 100 കോടിയിലേറെ ആളുകൾ. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിലെ മെറ്റ എഐ ചാറ്റ്ബോട്ടിന് ശക്തിപകരുന്നത് ലാമ എഐ മോഡലാണ്. ഒരു ബ്ലോഗ് പോസ്റ്റിലാണ് മെറ്റ ഈ നേട്ടം പ്രഖ്യാപിച്ചത്. ഇതുവഴി എഐ എല്ലാവർക്കും ലഭ്യമാക്കുകയെന്ന നേട്ടം കൈവരിക്കാനാകുമെന്നും കമ്പനി പറയുന്നു. എങ്ങനെയെല്ലാമാണ് വിവിധ കമ്പനികൾ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി ലാമ എഐ ഉപയോഗപ്പെടുത്തുന്നത് എന്നതിന് ചില ഉദാഹരണങ്ങളും മെറ്റ എടുത്തു പറഞ്ഞു.

ലോകവ്യാപകമായി കോടിക്കണക്കിന് ഉപഭോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോടിഫൈ പുതിയ പാട്ടുകൾ, ആർട്ടിസ്റ്റുകൾ, ഓഡിയോ ബുക്കുകൾ, പോഡ്കാസ്റ്റുകൾ എന്നിവയുടെ കസ്റ്റമൈസ് ചെയ്ത റെക്കമെന്റേഷനുകൾ നൽകു ന്നതിനായാണ് മെറ്റ എഐ ഉപയോഗിക്കുന്നത്. ഇതുവഴി ശ്രോതാക്കൾക്ക് അവർക്കിണങ്ങിയ പാട്ടുകൾ കണ്ടെത്താനാകുന്നു. സ്പോടിഫൈയുടെ എഐ ഡിജെ ഫീച്ചറിന് പിന്നിലും മെറ്റ എഐ ആണ്.

ഓസ്റ്റിന്‍ ലാമ ഇംപാക്ട് ഹാക്കത്തോണിലെ വിജയികള്‍ ഈ എഐ മോഡൽ ഉപയോഗിച്ച് സാംസ്കാരിക കേന്ദ്രങ്ങളും സാഹിത്യവും കലയുമെല്ലാം കണ്ടെത്തുന്നതിനും പ്രാദേശിക ബിസിനസുകൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരുന്നു. ‘ഡബ്ബ്ഡ് അണ്‍വെയ്ല്‍’ എന്ന് വിളിക്കുന്ന ഈ ആപ്പ് സ്വാഭാവിക ഭാഷ കൈകാര്യം ചെയ്യാനുള്ള ലാമയുടെ കഴിവ് പ്രയോജനപ്പെടുത്തികൊണ്ട് സ്ഥലങ്ങൾ തിരിച്ചറിയാനും ചുമർചിത്രങ്ങൾ, തെരുവുകൾ, ശില്പങ്ങൾ എന്നിവയുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം മനസിലാക്കാനും സഹായിക്കുന്നതാണ്.

വരും മാസങ്ങളില്‍ ലാമയ്ക്ക് കൂടുതല്‍ കഴിവുകള്‍ നല്‍കാനുള്ള ജോലികളിലാണ് മെറ്റ. ഡീപ്പ് സീക്ക് ആര്‍1, ഓപ്പണ്‍ എഐ ഒ3 മിനി എന്നിവയോട് മത്സരിക്കുന്ന റീസണിങ് മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 29 ന് ആദ്യമായി ‘ലാമാകോണ്‍’ എന്ന പേരില്‍ ഒരു എഐ കോണ്‍ഫറന്‍സും കമ്പനി സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എഐ മോഡലുകളെ കോണ്‍ഫറന്‍സില്‍ പരിചയപ്പെടുത്തിയേക്കും.

Select Language »