മനുഷ്യരെ പോലെ ഇടപഴകുവാൻ പഠിച്ച് ചാറ്റ് ജിപിടി; ‘ജിപിടി-4ഒ’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്കായി സുപ്രധാന അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി-4ഒ എന്ന പേരില്‍ പുതിയ എഐ മോഡല്‍ ഓപ്പണ്‍ എഐ തിങ്കളാഴ്ച അവതരിപ്പിച്ചു. ഒ എന്നാല്‍ ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയില്‍ പ്രൊസസ് ചെയ്യാന്‍ കഴിവുള്ള എഐ മോഡലാണിത്. ജിപിടി 4 ല്‍ ലഭ്യമായ മുന്‍നിര കഴിവുകള്‍ ജിപിടി-4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവര്‍ക്കും ലഭിക്കും.

ഓപ്പണ്‍ എഐ സിടിഒ മിറ മുറാട്ടിയാണ് ഓപ്പണ്‍ എഐയുടെ സ്പ്രിങ് അപ്‌ഡേറ്റ് ഇവന്റ് അവതരിപ്പിച്ചത്. ജിപിടി-4ഒ യ്‌ക്കൊപ്പം ചാറ്റ് ജിപിടി ഡസ്‌ക്ടോപ്പ് ആപ്പ്, വെബ്ബ് യുഐ അപ്‌ഡേറ്റ് എന്നിവയും അവതരിപ്പിച്ചു. എല്ലാ മനുഷ്യര്‍ക്കും എഐയുടെ നേട്ടങ്ങള്‍ ഉറപ്പാക്കുകയാണ് ഓപ്പണ്‍ എഐയുടെ ദൗത്യമെന്ന് മിറ മുറാട്ടി പറഞ്ഞു.

ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ് പുതിയ മോഡലിന്റെ സവിശേഷത. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടല്‍ മെനു ചിത്രമെടുത്ത് ജിപിടി-4ഒ യ്ക്ക് നല്‍കിയാല്‍ അതിലെ കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും നിര്‍ദേശങ്ങള്‍ തേടാനുമെല്ലാം സാധിക്കും. സമാനമായ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചും ജിപിടിയോട് സംവദിക്കാനാവും. ഉദാഹരണത്തിന് തത്സമയ സ്‌പോര്‍ട്‌സ് ഗെയിം ജിപിടിയെ കാണിച്ച് നിയമങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടാം. താമസിയാതെ തന്നെ പുതിയ വോയ്‌സ് മോഡും അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഓപ്പണ്‍ എഐ പറഞ്ഞു.

ഇന്ന് നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ ജെമിനി എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഓപ്പണ്‍ എഐ പുതിയ എഐ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജിപിടി -4ഒ മോഡല്‍ ഓപ്പണ്‍ എഐയുടെ ഉല്പന്നങ്ങളില്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി. പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ഇത് ഉപയോഗിക്കാനാവും.

ഓപ്പണ്‍ എഐയിലെ മുതിര്‍ന്ന ഗവേഷകരായ മാര്‍ക്ക് ചെന്‍, ബാരറ്റ് സോഫ് എന്നിവര്‍ ചേര്‍ന്നാണ് ജിപിടി -4ഒയുടെ കഴിവുകള്‍ പരിചയപ്പെടുത്തിയത്. ഒരു മനുഷ്യനോട് സംസാരിക്കുന്നതിന് സമാനമായി ചാറ്റ് ജിപിടിയുമായി ഇപ്പോള്‍ സംസാരിക്കാനാവും. ഉപഭോക്താവിന്റെ മാനസികാവസ്ഥ കൂടുതല്‍ തിരിച്ചറിയും വിധമാണ് ചാറ്റ് ജിപിടി മറുപടി നല്‍കുന്നത്. അതും തീര്‍ത്തും സ്വാഭാവികമായ മനുഷ്യസമാനമായ ഭാഷയില്‍. തമാശയും ചിരിയും ഭാവങ്ങളുമെല്ലാം നല്‍കിയാണ് ഈ മറുപടികള്‍ എന്നതും ശ്രദ്ധേയം.

Select Language »