ഇയാന്‍ ഗുഡ്ഫെല്ലോ: സത്യവും മിഥ്യയും തമ്മിൽ മത്സരിച്ചാൽ? 

English  |  Other Languages

മനുഷ്യന് മാത്രം സാധിച്ചിരുന്ന ക്രിയേറ്റീവ് മേഖലകളിൽ എ ഐ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കംപ്യൂട്ടറിന് ഒറിജിനൽ ഏതാ ക്രിയേറ്റഡ്‌ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ചിത്രങ്ങൾ നിർമിക്കാൻ സാധിക്കുമ്പോൾ, അതെങ്ങിനെ സാധിക്കുന്നു എന്ന് ഒരിക്കെലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ സമീപകാല എ ഐ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കണ്ടുപിടിത്തങ്ങളിലൊന്നായ ജനറേറ്റീവ് അഡ്വേഴ്‌സറി നെറ്റ്‌വര്‍ക്ക് (GAN) നെയും അത് കണ്ടു പിടിച്ച ഇയാന്‍ ജെ  ഗുഡ്ഫെല്ലോ യെയും നമ്മൾ അറിയണം. 

ഇയാന്‍ ജെ ഗുഡ്ഫെല്ലോ, ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും എഞ്ചിനീയറും എക്‌സിക്യൂട്ടീവും ആണ്, പ്രത്യേകിച്ച് ഡീപ് ലേണിങ്ങിന്റെ മേഖലയില്‍ കൃത്രിമബുദ്ധി ( എ ഐ ) രംഗത്ത് വിപ്ലവകരമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. 

ഗുഡ്ഫെല്ലോയുടെ യാത്ര ആരംഭിച്ചത് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ്, അവിടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഈ കാലയളവിൽ, ആന്‍ഡ്രൂ എന്‍ജും ഗാരി ബ്രാഡ്സ്കിയും ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തികളുടെ മാര്‍ഗദര്‍ശനം ലഭിച്ചു. മെഷീന്‍ ലേണിങ്ങിനോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം ജ്വലിപ്പിച്ചത് അവരുടെ പ്രചോദനമാണ്, അത് അദ്ദേഹത്തിന്റെ കരിയറിലെ പ്രേരകശക്തിയായി മാറി.

സ്റ്റാന്‍ഫോര്‍ഡിന്റെ വിശാലമായ ലോകം ഗുഡ്ഫെല്ലോയ്ക്ക് നിരവധി ഗവേഷണ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള അവസരം നല്‍കി. അദ്ദേഹം അൺസൂപ്പർവൈസ്ഡ് ലേണിങ്ങ്, പ്രോബബിലിസ്റ്റിക് ഗ്രാഫിക്കല്‍ മോഡലുകള്‍ തുടങ്ങിയ വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്ത് ഡീപ് ലേണിങ്ങിലെ തന്റെ ഭാവി ഗവേഷണത്തിന് അടിത്തറയിട്ടു.

മോണ്‍ട്രിയല്‍ വര്‍ഷങ്ങളും GAN ന്റെ  ജനനവും:

2010-ല്‍, ഡോക്ടറേറ്റ് പഠനത്തിനായി മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ഇത്  ഗുഡ്ഫെല്ലോയുടെ കരിയറിലെ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു.

2014-ല്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഗുഡ്ഫെല്ലോ ജനറേറ്റീവ് അഡ്വേഴ്‌സറി നെറ്റ്‌വര്‍ക്ക് (GAN) സൃഷ്ടിച്ചത് മോണ്‍ട്രിയല്‍ കാലഘട്ടത്തിലാണ്.

രണ്ട് മത്സരാത്മക ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പെടുന്ന ഒരു തരം ഡീപ് ലേണിങ്ങ് ആര്‍ക്കിടെക്ചറാണ് GAN-കള്‍. 

കള്ളനും പോലീസും : GAN-കളുടെ മാന്ത്രിക ലോകം

പോലീസും കള്ളനും തമ്മിലുള്ള മത്സരം പോലെയാണ് GAN-കളുടെ പ്രവർത്തനം. ഒരു കലാകാരൻ അല്ലെങ്കിൽ കള്ളൻ ( ജനറേറ്റർ ) യഥാർത്ഥ ചിത്രങ്ങളുടെ പകർപ്പുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മറ്റൊരു കളിക്കാരൻ അല്ലെങ്കിൽ പോലീസ് (വിവേചകൻ) ഈ പകർപ്പുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്ന് നിരന്തരം വിശകലനം ചെയ്യുന്നു. ജനറേറ്റർ കൂടുതൽ യഥാർത്ഥമായ ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ, വിവേചകൻ കൂടുതൽ കർശനമായി പരിശോധിക്കുന്നു. ഈ മത്സരത്തിൽ, വ്യാജ ചിത്രങ്ങൾ യഥാർത്ഥത്തിനോട് അത്രയും അടുക്കുന്നു, ഒടുവിൽ തിരിച്ചറിയാൻ പറ്റാത്ത വിധം ബുദ്ധിമുട്ടാകുന്നു. അങ്ങിനെ യഥാർത്ഥ തുല്യമായ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യുന്നു. ഇതാണ് എ ഐ ഇമേജ് ജനറേഷന് പിന്നിൽ നടക്കുന്ന ടെക്നിക്കൽ കളികൾ. 

GAN-കളുടെ ഈ മാന്ത്രികത സാധ്യമാക്കുന്നത് ആഴത്തിലുള്ള പഠന അൽഗോരിതങ്ങളാണ്. ഈ അൽഗോരിതങ്ങൾ വൻ ഡാറ്റാസെറ്റുകളിൽ നിന്ന് പഠിക്കുന്നു.  ജനറേറ്ററിന് കൂടുതൽ ചിത്രങ്ങൾ പഠിക്കാനായി നൽകുന്നു, അപ്പോൾ അത് കൂടുതൽ മികച്ച കലാകാരനായി മാറുന്നു. വിവേചകന് കൂടുതൽ വ്യാജ ചിത്രങ്ങൾ നൽകുന്നു, അത് അതിനെ കൂടുതൽ കഠിനമായ നിരൂപകനാക്കി മാറുന്നു.

GAN-കളുടെ സാധ്യതകൾ അനന്തമാണ്. അവ യഥാർത്ഥ ഫോട്ടോകളിൽ നിന്ന് വ്യാജ ഫോട്ടോകളെ തിരിച്ചറിയാൻ സഹായിക്കും, ഇരുട്ടിൽ കാണാൻ കാറുകളെ പഠിപ്പിക്കും, മെഡിക്കൽ ഇമേജിങ്ങിൽ കാൻസർ കണ്ടെത്താൻ ഡോക്ടർമാരെ സഹായിക്കും, തുടങ്ങിയ വിപ്ലവാത്മകമായ മുന്നേറ്റങ്ങൾക്ക് GAN വഴിയൊരുക്കി. GAN-കൾ നിർമ്മിതബുദ്ധിയുടെ ലോകത്തെ മാറ്റിമറിക്കുകയും കലയുടെയും ശാസ്ത്രത്തിന്റെയും അതിരുകൾ മായ്ക്കുകയും ചെയ്തു. 

ഇപ്പോൾ ഗൂഗിൾ എ ഐ ഗവേഷണ ലബോറട്ടറിയായ ഡീപ് മൈൻഡിൽ ഒരു ഗവേഷണ ശാസ്ത്രജ്ഞനാണ് ഗുഡ്ഫെല്ലോ. അവിടെ അദ്ദേഹം എ ഐ യുടെ വിവിധ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നു. ഡീപ് ലേണിങ്ങിന്റെ ഗവേഷണ കമ്മ്യൂണിറ്റിയിലെ ഒരു പ്രമുഖ നേതാവ് കൂടിയാണ് ഗുഡ്ഫെല്ലോ. അദ്ദേഹം പല തരം കോണ്‍ഫറന്‍സുകളിലും വര്‍ക്ക്‌ഷോപ്പുകളിലും സംസാരിക്കുന്നു, തന്റെ ഗവേഷണത്തെക്കുറിച്ച് എഴുതുകയും മറ്റുള്ള ഗവേഷകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എ ഐ യുടെ അപാരസാധ്യതകളെ അനാവൃതമാക്കാനുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

 

Select Language »