ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇടപാടുകള്‍ക്കായി യുപിഐയെ ആശ്രയിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിവരം.
ഗൂഗിള്‍ പേയില്‍ വോയ്സ് കമാന്‍ഡുകള്‍ അവതരിപ്പിക്കുന്നതോടെ, നിരക്ഷരര്‍ക്ക് പോലും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എളുപ്പത്തിൽ നടത്താനാകും. ഉപയോക്താക്കള്‍ക്ക് ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയും. പ്രാദേശിക ഭാഷകളില്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ഭാസിനി’ എഐ പദ്ധതിയില്‍ ഗൂഗിള്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍ ഈ വോയ്സ് ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് ഗൂഗിള്‍, മെഷീന്‍ ലേണിങ്ങിലും എഐ സാങ്കേതികവിദ്യകളിലും കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയില്‍, ഫോണ്‍പേയും ഗൂഗിള്‍ പേയുമാണ് യുപിഐ പേയ്മെന്റ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2024 നവംബറിലെ റിപ്പോര്‍ട്ട് അനുസരിച്ച്, യുപിഐ ഇടപാടുകളുടെ 37 ശതമാനം ഗൂഗിള്‍ പേയിലൂടെയാണ് നടക്കുന്നത്.