ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഐ എന്തിനൊക്കെ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് അപ്പാടെ വെട്ടിമാറ്റുകയായിരുന്നു.
‘മാറുന്ന ലോകത്ത് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കുകയാണെന്നും എഐ ദേശീയ സുരക്ഷയ്ക്ക് ഉപയോഗിക്കണമെന്നും ഗൂഗിളിള്‍ എഐ മേധാവി ഡെമിസ് ഹസാബിസ് പറഞ്ഞു.
എഐയില്‍ മേല്‍കൈക്കായി ആഗോള മത്സരം വർദ്ധിച്ചതോടെ, എഐ വികസനത്തിലേയ്ക്ക് ജനാധിപത്യം നീങ്ങണം. സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് എന്നിവയില്‍ അധിഷ്ടിതമായാകണം നയിക്കപ്പെടേണ്ടതെന്ന് കമ്പനി വിശ്വസിക്കുന്നു’. നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ഗൂഗിള്‍ ടെക്‌നോളജി ആൻഡ് സൊസൈറ്റി സീനിയർ വൈസ് പ്രസിഡൻ്റ് ജെയിംസ് മാനിക്യ കുറിച്ചു. ‘ഈ മൂല്യങ്ങൾ പങ്കിടുന്ന കമ്പനികളും സർക്കാരുകളും ലോക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദേശീയ സുരക്ഷയെ പിന്തുണയ്ക്കുകയും ചെയ്യുന്ന എഐ ടൂളുകള്‍ സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല, അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിൽ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല, മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാകുന്ന തരത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളാണ് എഐ നയത്തിൽ നിന്ന് ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നീക്കം ചെയ്തത്. സർക്കാർ പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ വേണ്ടിയാണ് ഗൂഗിൾ ഈ നയംമാറ്റം വരുത്തിയതെന്നാണ് സൂചന.