ടെക് ഭീമനായ ഗൂഗിൾ തങ്ങളുടെ പുതുക്കിയ എഐ മോഡൽ ജമിനൈ 2.5 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡല്‍ എന്ന അവകാശവാദത്തോടെയാണ് ജമിനൈ 2.5 അവതരിപ്പിച്ചിരിക്കുന്നത്. മികച്ച കോഡിംഗ്, മൾട്ടിമോഡൽ കഴിവുകൾ എന്നിവയോടെയാണ് വരുന്നതെന്നും നിലവിൽ ഈ മോഡൽ ഗൂഗിൾ എഐ സ്റ്റുഡിയോയിലും ജമിനൈ അഡ്വാൻസ്‍ഡിലും ലഭ്യമാണെന്നുമാണ് റിപ്പോർട്ടുകൾ.

ജമിനൈ 2.5 അതിന്‍റെ പഴയ പതിപ്പിനേക്കാൾ വിപുലമാണ്. അതിന്‍റെ യുക്തിസഹമായ കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്, ഏത് വിവരവും വിശകലനം ചെയ്യാനും അതിന്‍റെ സന്ദർഭം മനസ്സിലാക്കാനും യുക്തിസഹമായ നിഗമനത്തിലെത്താനും ഇതിന് കഴിയും എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി തങ്ങളുടെ അടിസ്ഥാന മോഡലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും പരിശീലനത്തിന് ശേഷമുള്ള സാങ്കേതികത പ്രയോഗിച്ചിട്ടുണ്ടെന്നും ഗൂഗിൾ പറഞ്ഞു.

ജമിനൈ 2.0 നെ അപേക്ഷിച്ച് മെച്ചപ്പെട്ട കോഡിംഗ് കഴിവുകൾ ജെമിനി 2.5ൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് വെബ്, കോഡ് ആപ്ലിക്കേഷനുകൾ സൃഷ്‍ടിക്കുന്നതും കോഡ് പരിവർത്തന ജോലികൾ പൂർത്തിയാക്കുന്നതും എളുപ്പമാക്കുന്നു. കോഡിംഗ് ഏജന്‍റുമാരെ വിലയിരുത്തുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ ഇത് 63.8 ശതമാനം സ്കോർ ചെയ്തു. ഒരു വരി പ്രോംപ്റ്റിൽ നിന്ന് ഒരു വീഡിയോ ഗെയിമിനായി കോഡ് സൃഷ്ടിക്കുന്നതിൽ വിജയിച്ചതായി ഗൂഗിൾ ഒരു ഡെമോയിൽ കാണിച്ചു.

ജമിനൈ 2.5ന്‍റെ മൾട്ടിമോഡൽ ധാരണാ ശേഷിയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ മോഡലിന് വലിയ ഡാറ്റാസെറ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ, കോഡുകൾ എന്നിവ നന്നായി മനസിലാക്കാനും പ്രോസസ് ചെയ്യാനും കഴിയും. ഇത് ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും ബുദ്ധിമുട്ടുള്ള ജോലികൾ പരിഹരിക്കുന്നത് എളുപ്പമാക്കും. നിലവിൽ ഈ മോഡൽ ഗൂഗിൾ എഐ സ്റ്റുഡിയോ, ജമിനൈ അഡ്വാൻസ്ഡ് ഉപയോക്താക്കൾക്കായി ജമിനൈ ആപ്പിൽ ലഭ്യമാണ്. വരും ആഴ്ചകളിൽ വെർട്ടെക്സ് എഐ വഴിയും ഇത് ലഭ്യമാക്കും. ഇതിന്‍റെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Select Language »