ദുബായ് എമിറേറ്റിൽ പ്രവർത്തിക്കുന്ന എഐ കമ്പനികൾക്കായി പ്രത്യേക എഐ മുദ്ര (AI SEAL) അവതരിപ്പിച്ചു. കമ്പനി നൽകുന്ന പ്രൊഡക്ടുകൾ അല്ലെങ്കിൽ സേവനങ്ങൾ എഐ ആണെന്ന് സാക്ഷ്യപ്പെടുത്താനാണ് മുദ്രണം. ഇതിനായി സൗജന്യമായി അപേക്ഷിക്കാം.

എല്ലാ ദുബായ് സർക്കാർ സ്ഥാപനങ്ങളും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള കമ്പനികൾക്കാണ് മുദ്ര നൽകുന്നത്.  എഐ സൊല്യൂഷനുകൾക്കായി ബിസിനസുകൾക്കും ഒപ്പം വ്യക്തികൾക്കും ആശ്രയിക്കാൻ കഴിയുന്ന കമ്പനികളുടെ ഒരു എഐ ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം.

പ്രധാന പ്രോജക്ടുകൾക്കായി യുഎഇ, ദുബായ് സർക്കാരുകളുമായി പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾ എഐ മുദ്ര സാക്ഷ്യപ്പെടുത്തിയിരിക്കണം എന്നാണ് പുതിയ നിർദേശം. എഐയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്ന ദുബായിൽ ലൈസൻസുള്ള എല്ലാ സാങ്കേതിക കമ്പനികൾക്കും https://dub.ai/en/ai-seal-2/ എന്ന സൈറ്റിലൂടെ സൗജന്യമായി അപേക്ഷിക്കാം.

E, D, C, B, A, S എന്നിങ്ങനെ ആറ് ശ്രേണികളിലാണ് എഐ മുദ്ര നൽകുന്നത്. കമ്പനികളുടെ സാമ്പത്തിക നിലവാരം അനുസരിച്ചാണ് ഈ സീരീസുകൾ തീരുമാനിക്കപ്പെടുന്നത്. എസ് ഏറ്റവും ഉയർന്ന നിലവാരത്തെ പ്രതിനിധീകരിക്കുന്നു. കമ്പനികളുടെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എഐയിൽ വൈദഗ്ദ്ധ്യം നേടിയ ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്റ്റുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിവ അപേക്ഷകളിൽ വിലയിരുത്തും.

എന്നിരുന്നാലും ഈ മുദ്ര ഒരു ബിസിനസ് ലൈസൻസോ അത്തരത്തിലുള്ള അംഗീകാരമോ അല്ല. ദുബായിൽ പ്രവർത്തിക്കാൻ ഇത് നിർബന്ധം ആണെന്ന നിർദേശം നൽകിയിട്ടില്ല.

Select Language »