പ്രവാസികൾക്കുള്ള വിസ സേവനങ്ങൾക്കായി ‘സലാമ’ എന്ന പേരിൽ പുതിയ എഐ സംവിധാനവുമായി ദുബായ്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സാണ് എഐ അവതരിപ്പിച്ചത്. സലാമ വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാൻ സാധിക്കും.

ഡിജിറ്റൽ പരിവർത്തനത്തിന്റെയും ​ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ഭാ​ഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് ദുബായ് അധികൃതർ അറിയിച്ചു. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം അറിയാൻ പറ്റും. അതേസമയം എഐ ആണ് പുതുക്കാൻ സമയമായ വിസയുടെ ഉൾപ്പടെ വിവരങ്ങൾ അനലൈസ് ചെയ്ത് നിർദേശങ്ങൾ ചോദിക്കുക. പുതുക്കേണ്ടവ പുതുക്കുകയും ക്യാൻസൽ ചെയ്യേണ്ടവ ക്യാൻസൽ ചെയ്യുകയും ചെയ്യാം. പണമടച്ച് ഡോക്യുമെന്റ് അപ്പോൾത്തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

റസിഡൻസി സേവനങ്ങൾ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തതാണ് സലാമ പ്ലാറ്റ്‌ഫോം. ഉപയോക്താക്കൾക്ക് പരമ്പരാഗത ഫോമുകളുടെയോ പേപ്പർ വർക്കുകളുടെയോ ആവശ്യമില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനും പണമിടപാട്‌ നടത്താനും റസിഡൻസി സംബന്ധിയായ മറ്റ് പ്രവർത്തനങ്ങൾ നടത്താനും കഴിയും. ദുബായിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്ലാറ്റ്‌ഫോം എന്ന്‌ ജിഡിആർഎഫ്എ ദുബായ് ഡയറക്‌ടർ പറഞ്ഞു.

സങ്കീർണമായ അൽഗോരിതങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എഐ പ്ലാറ്റ്‌ഫോമിൽ ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസരിച്ച നടപടിക്രമങ്ങളാണ് ലഭ്യമാകുക. വേഗത്തിലും കൃത്യമായുമുള്ള സേവനം സലാമ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് ചാനൽ വഴിയും യുഎഇ പാസ് വഴിയും സലാമയുടെ സേവനം ലഭ്യമാകും.

ഉപയോക്താവ് റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് പ്ലാറ്റ്‌ഫോം ലോഗിൻ ചെയ്യുമ്പോൾ തന്നെ അപേക്ഷകന്റെ ഡാറ്റ സിസ്റ്റം സ്വയമേവ തിരിച്ചറിയുകയും അവരുടെ സ്‌പോൺസർഷിപ്പിന് കീഴിലുള്ള ആശ്രിതരുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഓരോ ആശ്രിതന്റെയും താമസ കാലയളവും കാണിക്കും. ഇതിൽനിന്ന് പുതുക്കേണ്ട വ്യക്തിയെയും കാലയളവും തെരഞ്ഞെടുത്താൽ പ്ലാറ്റ്‌ഫോം എഐയുടെ സഹായത്തോടെ ആവശ്യമായ വിവരങ്ങൾ വീണ്ടെടുക്കുകയും അഭ്യർഥന പ്രോസസും ചെയ്യും. പണം അടച്ചാലുടൻ പുതുക്കിയ വിസ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് നേരിട്ട് അയയ്ക്കും. 10 മുതൽ 20 വരെ സെക്കന്റുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും.

Select Language »