ചൈനീസ് നിർമിത എഐ മോഡൽ ഡീപ് സീക് കുറച്ചു ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ കുറഞ്ഞ ചിലവിൽ ഉയർന്ന ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡൽ നിർമ്മിച്ചതിന്റെ അമ്പരപ്പ് ലോക രാജ്യങ്ങൾക്ക് ഇന്നും വിട്ടുമാറിയിട്ടില്ല. അതേസമയം കുറഞ്ഞ ചിലവിൽ എഐ നിർമ്മിക്കാമെന്ന ആശയം ലഭിച്ചതോടെ കാര്യങ്ങൾ ആ വഴിക്ക് നീക്കാനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.
ഇന്ത്യയിലും സമാനമായ മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായി ഇന്ത്യയും 10 മാസത്തിനകം സമാനമായ എഐ മോഡൽ (എൽഎൽഎം–ലാർജ് ലാംഗ്വേജ് മോഡൽ) വികസിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 10,370 കോടി രൂപയുടെ ഇന്ത്യഎഐ മിഷന്റെ ഭാഗമായിട്ടാണിത്. എഐ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിപ്പിക്കാനുള്ള ഉയർന്ന കംപ്യൂട്ടിങ് ശേഷി അടക്കമാണ് എഐ മിഷൻ ലക്ഷ്യം വയ്ക്കുന്നത്.
കുറഞ്ഞ നിക്ഷേപമുപയോഗിച്ചു കെട്ടിപ്പടുത്ത ചൈനീസ് എഐ മോഡൽ ആയ ഡീപ്സീക്കിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. ‘പലരും ഇന്ത്യഎഐ മിഷന് അനുവദിച്ച തുക കുറഞ്ഞുപോയെന്നു പറയാറുണ്ട്. ഡീപ്സീക് എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടതാണ്. 55 ലക്ഷം ഡോളറിനു വളരെ ഉയർന്ന ശേഷിയുള്ള എഐ മോഡലുണ്ടാക്കി. അതിനു പിന്നിലെ ബുദ്ധിയാണു കാരണം.’– അദ്ദേഹം പറഞ്ഞു.
എഐ പ്രോസസിങ്ങിന് ആവശ്യമായ ഉയർന്ന ശേഷിയുള്ള ചിപ്പുകൾ (ജിപിയു) വിതരണം ചെയ്യുന്നതിനായി 10 കമ്പനികളെ കേന്ദ്രം തിരഞ്ഞെടുത്തു. 18,693 ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളാണ് (ജിപിയു) ഇവർ ലഭ്യമാക്കുക. ജിയോ പ്ലാറ്റ്ഫോംസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ഇ2ഇ നെറ്റ്‍വർക്സ് തുടങ്ങിയവയാണ് കമ്പനികൾ. ഹിറ്റാച്ചി ഗ്രൂപ്പിന്റെ പിന്തുണയുള്ള യോട്ട എന്ന കമ്പനിയായിരിക്കും പകുതിയിലേറെ ചിപ്പുകൾ ലഭ്യമാക്കുക. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ഇവയുടെ കംപ്യൂട്ടിങ് ശേഷി ഉപയോഗിക്കാൻ സർക്കാർ അനുവദിക്കും. 2 ദിവസത്തിനകം പോർട്ടൽ തയാറാകും.
എഐ ചിപ്പുകൾ വാങ്ങാൻ വലിയ ചെലവുള്ളതിനാൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. അതുകൊണ്ടാണു സർക്കാർ സഹായം. മണിക്കൂറിന് 115 രൂപ മുതൽ 150 രൂപ വരെ നിരക്കിൽ ഉപയോഗിക്കാം.
ഇതിനു പുറമേ സർക്കാരിന്റെ 40% സബ്സിഡിയുമുണ്ടാകും. ഇന്ത്യൻ ഭാഷകൾ, സംസ്കാരം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ എഐ മോഡലുകളെന്ന് ഇന്ത്യഎഐ സിഇഒ അഭിഷേക് സിങ് പറഞ്ഞു. ഇന്ത്യൻ ഡേറ്റസെറ്റുകൾ ഉപയോഗിച്ച് എഐ മോഡലുകൾ വികസിപ്പിക്കാനുള്ള നിർദേശങ്ങൾ ഐടി മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. വിവരങ്ങൾക്ക്: indiaai.gov.in