ഡീപ് സീക്ക് ആണ് ഇപ്പോള്‍ ടെക് ലോകത്തെയും ഓഹരി വിപണിയിലെയും സംസാര വിഷയം. ദിവസങ്ങള്‍ കൊണ്ടാണ്, ലോകം ‘ഭരിക്കുന്ന’ ടെക് ഭീമന്മാരെ പിടിച്ചുലച്ച് ഈ പുതുമുഖം വാര്‍ത്തയില്‍ ഇടം പിടിച്ചത്. അമേരിക്കന്‍ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ മാത്രമല്ല, അതിര്‍ത്തി കടന്ന് മറ്റ് ധന വിപണികളിലും ഡീപ് സീക്കിന്‍റെ വരവ് പ്രതിഫലിച്ചു . അമേരിക്കന്‍ സാങ്കേതിക വ്യവസായത്തിനുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്.

എന്താണ് ഡീപ് സീക്ക്? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഗൂഗിളിനോടും ഓപ്പണ്‍ എഐയോടും മത്സരിക്കാന്‍ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡല്‍. ചാറ്റ് ജിപിറ്റിയേയും മറ്റ് ഐ.ഐ മോഡലുകളേയും പിന്തള്ളിക്കൊണ്ട് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ആപ്പിളിന്റെ ഫ്രീ ഡൗൺലോഡ് സോഫ്റ്റ്‌വെയറുകളിൽ ചൈനീസ് എ.ഐ മോഡൽ ഡീപ് സീക്ക് ഒന്നാമതായതോടെ ലോക എ.ഐ വിപണിയിൽ വലിയ വിപ്ലവമാണ് വിദ​ഗ്ധർ പ്രതീക്ഷിക്കുന്നത്. സങ്കേതിക മേഖലയിലെ നിക്ഷേപകരെ ഞെട്ടിച്ച ഈ മുന്നേറ്റത്തിൽ പല അമേരിക്കൻ ടെക് കമ്പനികളുടെ ഓഹരികൾക്കും വൻ ഇടിവുണ്ടായി. ഒരാഴ്ചയ്ക്ക് മുമ്പ്, ജനുവരി ഇരുപതിന് മാത്രം ഇറങ്ങിയ ഡീപ് സീക്ക് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്.

ലോകത്ത് നിലവിലുള്ള ഓപൺ എ.എ മോഡലുകളേക്കാൾ വളരെ കുറഞ്ഞ ചിലവിലാണ് ഡീപ് സീക്ക് ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് അതിന്റെ വിപണിയിലുള്ള പ്രധാന്യം. അഡ്‌വാൻസ്ഡ് ചിപ്പുകൾ വളരെ കുറച്ച് മാത്രമാണിവിടെ ഉപയോഗിച്ചിരിക്കുന്നത് കൊണ്ടാണിത് എന്നാണ് കമ്പനി വിശദീകരിക്കുന്നത്.

ലോകത്തെ ചിപ്പ് നിർമ്മാണ രംഗത്തെ അതികായരായ അമേരിക്കൻ കമ്പനി എൻവീഡിയയുടെ വിപണി മൂല്യം ഏതാണ്ട് 5,19,06,30,00,00,000 രൂപ (600 ബില്യൺ ഡോളർ)യാണ് തിങ്കളാഴ്ച മാത്രം ഇടിഞ്ഞത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണത്. അമേരിക്കൻ കമ്പനികളുടെ അഡ്‌വാൻഡ് ചിപ്പുകൾ ചൈനയിലേയ്ക്ക് കയറ്റി അയ്ക്കുന്നത് നിരോധിച്ചു കൊണ്ട് ചൈനയുടെ സാങ്കേതിക രംഗത്തെ മുന്നേറ്റം തടയാൻ നടത്തിയ യു.എസ് ശ്രമങ്ങളെ പരിഹസിച്ചുകൊണ്ടാണ് ചൈനീസ് കമ്പനിയുടെ ഈ കുതിപ്പ്. ഐ.ഐ ആണ് ഇനിയുള്ള കാലത്തെ ചൈനയുടെ പ്രധാന താത്പര്യങ്ങളൊന്ന് എന്ന് പ്രസിഡന്റ് സി ജിൻപിങ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് ‘ഉണർന്നെഴുക്കാനുള്ള കാഹളമാണ്’-അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ കമ്പനികൾ വിജയിക്കാനായി മത്സരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്താണ് ഡീപ്പ് സീക്ക് ?

വളരെ ലളിതമായി പറഞ്ഞാൽ ചാറ്റ്ജിപിറ്റി പോലെ ഐ.ഐ-യാൽ പ്രവർത്തിക്കപ്പെടുന്ന ഒരു ചാറ്റ്‌ബോക്‌സാണ് ഡീപ് സീക്ക്. ചാറ്റ്ജിപിറ്റിക്ക് ഉപയോഗിക്കുന്ന ഓപൺ എ.ഐ മോഡലായ ഒ വണ്ണ് പോലെ തന്നെ ഗണിതം, കോഡിങ്, റീസണിങ് എന്നിവയിലൊക്കെ ശക്തമാണ് ആർ.വൺ എന്ന് വിളിക്കപ്പെടുന്ന ഈ എ.ഐ മോഡൽ. ഇത് ലോകത്തിലെ ഏറ്റവും വലിയ ഓപൺ സോഴ്‌സ് മോഡലാണെന്നും ഇതിന് 670000 കോടി സാധ്യതകൾ ഉപയോഗിക്കാൻ ആകുമെന്നും വിദഗ്ദ്ധർ പറയുന്നു. മറ്റ് ചൈനീസ് എ.ഐ മോഡലുകൾ പോലെ രാഷ്ട്രീയ ചോദ്യങ്ങൾക്ക് വഴുതി മാറുന്ന തന്ത്രപരമായ ഉത്തരങ്ങൾ പറയാനും ഡീപ്‌സീക്കിനാകും. കേവലം 51 കോടി രൂപയോളം (ആറു മില്യൺ ഡോളർ) മാത്രമാണ് ഡീപ് സീക്കിന്റെ ഗവേഷണത്തിനും നിർമ്മാണത്തിനും ചെലവായിരിക്കുന്നത് എന്നാണ് അവകാശവാദം. അമേരിക്കൻ കമ്പനികൾ ആയിരക്കണക്കിന് കോടി ഡോളർ എ.ഐ ഗവേഷണത്തിന് മാത്രം ചെലവഴിക്കുമ്പോഴാണിത്. ഡീപ്‌സീക്കിന്റെ നിർമ്മാണം എൻവിഡിയ കമ്പിനിയുടെ എ100 ചിപ്പുകൾ ഉപയോഗിച്ചാണ് ആരംഭിച്ചത്. എന്നാൽ അമേരിക്ക ഈ ചിപ്പുകളുടെ കയറ്റുമതി നിർത്തിയതോടെ വില കുറഞ്ഞ മറ്റ് ചിപ്പുകളുമായി ഇതിനെ ചേർത്ത് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു എന്നാണ് ഊഹം. തെക്കുകിഴക്കൻ ചൈനയിലെ നഗരമായ ഹാങ്ഷൗവിൽ 2023 ഡിസംബറിലാണ് ഡീപ് സീക്ക് കമ്പനി പ്രവർത്തനമാരംഭിക്കുന്നത്.

ഡീപ്സീക്കിന്റെ സ്ഥാപകനായ ലിയാങ് വെൻഫെങ് ആരാണ്?

ചൈനയിലെ ജെജാങ് സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രോണിക് ഇൻഫർമേഷൻ എഞ്ചിനീയറിംഗിലും കംപ്യൂട്ടർ സയൻസിലും ബിരുദം നേടിയ ലിയാങ് വെൻഫെങ് സാമ്പത്തിക മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. അമേരിക്കയിലെ സിലിക്കൺ വാലിയിലെ സോഫ്റ്റ്‌വെയർ ഗവേഷകർക്കാർക്കുമില്ലാത്താണ് ഈ പണമിടപാട് മേഖലയിലെ പരിചയം. ഹൈ ഫ്ളേയർ എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ സി.ഇ.ഒ ആയിരുന്ന അദ്ദേഹം നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സാമ്പത്തിക ഡാറ്റകൾ വിശകലനം ചെയ്യുന്ന ക്വാണ്ടിറ്റേറ്റീവ് ട്രേഡിങ് സ്ഥാപനമാണ് നടത്തിയത്. വൈകാതെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ഹെഡ്ജ് ഫണ്ട് സ്ഥാപനമായി ഹൈ ഫ്ളേയർ മാറി. 2023 അവസാനം ഡീപ് സീക്ക് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ലിയാങ് എ.ഐ മോഡൽ വിപണിലെത്തിച്ചു. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ലി സിയാങ് ആയി ലിയാങ് നടത്തിയ കൂടിക്കാഴ്ച ഡീപ് സീക്ക് ചൈനീസ് എ.ഐ മേഖലയിലെ കരുത്തായി വളരുമെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ വർഷം തന്നെ തന്റെ ലക്ഷ്യം ലിയാങ് വെളിപ്പെടുത്തിയിരുന്നു. ‘അമേരിക്കയ്ക്ക് സ്വന്തമായി ക്വാണ്ടിറ്റേറ്റീവ് ട്രേഡിങ് മേഖല വികസിപ്പിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ചൈനയ്ക്ക് കഴിയില്ല? പൊതുവേ അമേരിക്കൻ, ചൈനീസ് എ.ഐ മേഖലകൾ തമ്മിൽ രണ്ട് വർഷത്തെ അന്തരമുണ്ടാകും. പക്ഷേ യഥാർത്ഥ അന്തരം മൗലികതയും അനുകരണവും തമ്മിലുള്ളതാണ്. അത് അവസാനിച്ചില്ലെങ്കിൽ ചൈന എല്ലാക്കാലത്തും അമേരിക്കയെ പിന്തുടരുന്ന മാർക്കറ്റ് മാത്രമായിരിക്കും.’ ഡീപ് സീക്ക് എന്തുകൊണ്ടാണ് അമേരിക്കൻ സോഫ്റ്റ്‌വെയർ മേഖലയെ ഇത്രമാത്രം ആശ്ചര്യപ്പെടുത്തിയതെന്ന ചോദ്യത്തിന്, അദ്ദേഹം പറഞ്ഞു: ‘ഒരു ചൈനീസ് കമ്പനി നൂതന സംരംഭകാരായി മാറുന്നത് അവർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എല്ലാകാലത്തും അവരുടെ രീതികൾ പിന്തുടരുന്നവർ മാത്രമായാണല്ലോ അവർക്ക് ശീലം.’

ആരാണ് ആപ്പ് ഉപയോഗിക്കുന്നത്?

കമ്പനിയുടെ എ.ഐ ആപ്പ് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാനും വെബ്സൈറ്റിൽ ഓൺലൈനായും ലഭ്യമാണ്. ആളുകൾക്ക് സൈൻ അപ്പ് ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, സൗജന്യമായ സേവനത്തോടെ ആപ്പിളിന്റെ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പായി ഡീപ്പ് സീക്ക് മാറി കഴിഞ്ഞു. യുഎസിലെ ഏറ്റവും മികച്ച സൗജന്യ ആപ്ലിക്കേഷനായി ആപ്പ് മാറിയത്.

ചൈന എങ്ങനെയാണ് പ്രതികരിക്കുന്നത്?

പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് സ്വതന്ത്രമായി സാങ്കേതിക വിദ്യ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ചൈനീസ് സർക്കാരിന് ഡീപ്സീക്കിന്റെ ഉയർച്ച വലുതാണ്. ‘ചൈനയിൽ, രാജ്യത്തിന്റെ വളരുന്ന സാങ്കേതിക വൈദഗ്ധ്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും തെളിവായാണ് ഡീപ്സീക്കിന്റെ മുന്നേറ്റങ്ങൾ ആഘോഷിക്കപ്പെടുന്നത്,’ സിഡ്നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ മരീന ഷാങ് പറയുന്നു.

Select Language »