വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും എഐ ഗവേഷണത്തിനായി കേന്ദ്രസർക്കാർ ഒരുക്കിയ ഉയർന്ന കംപ്യൂട്ടിങ് ശേഷി മണിക്കൂറിന് 67 രൂപയെന്ന കുറഞ്ഞ നിരക്കിൽ ഇനി ഉപയോഗിക്കാം. ഇതിനുള്ള ജിപിയു പോർട്ടൽ ഐടി മന്ത്രാലയം തുറന്നു. എഐ പ്രോസസിങ്ങിന് ആവശ്യമായ ഉയർന്ന ശേഷിയുള്ള 14,000 എഐ ചിപ്പുകൾ (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്–ജിപിയു) സർക്കാർ വാങ്ങി ഡേറ്റസെന്ററിൽ സജ്ജമാക്കിയിരിക്കുകയാണ്. ക്ലൗഡ് സാങ്കേതികവിദ്യയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്തുമുള്ള ഗവേഷകർക്കും ഉപയോഗിക്കാം.
എഐ ചിപ്പുകൾക്ക് വലിയ ചെലവുള്ളതിനാൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. അതുകൊണ്ടാണ് സർക്കാർ സഹായം. വരും മാസങ്ങളിൽ 4,000 ജിപിയു യൂണിറ്റുകൾ കൂടി സർക്കാർ വാങ്ങുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂരിഭാഗം ചിപ്പുകളും എൻവിഡിയ കമ്പനിയുടേതാണ്. ഗവേഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജിപിയു ഉപയോഗിക്കാൻ അവസരമുണ്ടാകും.
എഐ സോഫ്റ്റ്‍വെയറുകളെയും മോഡലുകളെയും പരിശീലിപ്പിക്കാനുള്ള ഡാറ്റാസെറ്റുകൾ ലഭ്യമാക്കുന്ന ‘എഐ കോശ്’ എന്ന പോർട്ടലും കേന്ദ്രം തുറന്നു. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടാത്ത സർക്കാർ ഡാറ്റാബേസാണ് ഇതിനായി ലഭ്യമാക്കിയിരിക്കുന്നത്. 84 എഐ മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെമികണ്ടക്ടർ മേഖലയിൽ വളർച്ച കൈവരിക്കുന്ന ഇന്ത്യ അടുത്ത 4 വർഷത്തിനകം സ്വന്തം ജിപിയു (എഐ ചിപ്) പുറത്തിറക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഫൗണ്ടേഷനൽ എഐ മോഡലുകളുണ്ടാക്കാനായി ഇതുവരെ 67 അപേക്ഷകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.