ജെമിനി മാറ്റത്തിനൊരുങ്ങുന്നു; മ്യൂസിക് ആപ്പുകള്‍ പ്ലേ ചെയ്യാന്‍ ഗൂഗിള്‍ എഐ

ആൻഡ്രോയിഡ് ഫോണുകളിൽ ഇനി പാട്ട് പ്ലേ ചെയ്യാൻ ജെമിനിയോട് പറഞ്ഞാൽ മതി. ഗൂഗിളിന്റെ എഐ  ചാറ്റ് ബോട്ടാണ് ജെമിനി. ആന്‍ഡ്രോയ്‌ഡ്‌ മ്യൂസിക് ആപ്പുകളില്‍ സംഗീതം പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ജെമിനിയില്‍ വരുത്തുന്നത്. ആന്‍ഡ്രോയിഡിനുള്ള ജെമിനി ആപ്പിലെ സെറ്റിങ്സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏത് ആപ്പില്‍ നിന്നാണ് പാട്ട് സെലക്ട് ചെയ്യേണ്ടത് എന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ ഫീച്ചറിലുണ്ട്.

2023 ഡിസംബറിലാണ് ഗൂഗിള്‍ ജെമിനിയെ അവതരിപ്പിച്ചത്. ചാറ്റ്ജിപിടിയെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജെമിനിയെ ഇറക്കിയത്. അള്‍ട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി എത്തിയത്.ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് നേരത്തെ ഗൂഗിള്‍ ജെമിനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ‘സുപ്രധാനവും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുമായി വിഷയമായതിനാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജെമിനി പ്രതികരണം നല്‍കുന്നതില്‍ ഞങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്” എന്നായിരുന്നു വിഷയത്തില്‍ ഗൂഗിളിന്റെ വിശദീകരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് വിവാദപരമായ പ്രതികരണം നല്‍കിയതിന് ജെമിനിയെ കേന്ദ്രം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ ജെമിനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ജെമിനിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയത്. ജെമിനി ചാറ്റ് ബോട്ടിന്റെ പുതിയ പതിപ്പിലോ ബീറ്റയിലോ ഈ ഓപ്ഷനുകള്‍ ലഭ്യമാണോ എന്നതില്‍ വ്യക്തതയില്ല. യൂട്യൂബ് മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ മ്യൂസിക് ആപ്പുകളില്‍ ജെമിനി ചാട്ട്ബോട്ട് വഴി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിന്റെ പഴയ വെര്‍ഷനുകളായ പത്തിലും പതിനൊന്നിലും ഇപ്പോള്‍ ജെമിനി ലഭ്യമാണ്.

യുഎസിന്റെ എഐ സുരക്ഷാ പാനലില്‍ ഓപ്പണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് മേധാവികള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിക്കുന്ന ഉപദേശക സമിതിയില്‍ ഓപ്പണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ മേധാവികള്‍ അംഗമാവുമെന്ന് വിവരം. യുഎസ് സര്‍ക്കാര്‍ രൂപം നല്‍കുന്ന പുതിയ എഐ സുരക്ഷാ പാനലിലാണ് വന്‍കിട കമ്പനികളുടെ സിഇഒ മാര്‍ ഉള്‍പ്പടെ അംഗങ്ങള്‍ ആവുക.

വ്യോമഗതാഗതം, സുപ്രധാന നിര്‍മിതികള്‍, സേവനങ്ങള്‍ ഉള്‍പ്പടെയുള്ള മേഖലകളെ എഐ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്നും മറ്റ് ഭീഷണികളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഉപദേശക സമിതി രൂപീകരിക്കാനാണ് യുഎസിന്റെ പദ്ധതി. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, എന്നിവരും പ്രതിരോധ രംഗത്തെ കരാര്‍ നിര്‍മാതാക്കളായ നോര്‍ത്രോപ് ഗ്രുമ്മന്‍, വ്യോമയാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സ് ഉള്‍പ്പടെയുള്ള വിവിധ കമ്പനികളുടെ മേധാവികളും സമിതിയിലുണ്ടാവും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രത്യേകം നിയമങ്ങള്‍ ഒന്നും നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് എഐയുടെ നേട്ടങ്ങളും കോട്ടങ്ങളും കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെ യുഎസ് ഈ സമിതി രൂപീകരിക്കുന്നത്. ഇത്തരം ഒരു സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2023 ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയിരുന്നു.

ടെലികോം കമ്പനികള്‍, പൈപ്പ് ലൈന്‍ ഓപ്പറേറ്റര്‍മാര്‍, വൈദ്യുതി വിതരണ സേവനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എഐ ഉത്തരവാദിത്വത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന നിര്‍ദേശങ്ങള്‍ ഈ സമിതി നല്‍കുമെന്നും എഐയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള സഹായവും സമിതി നല്‍കുമെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.

ആമസോണ്‍ വെബ് സര്‍വീസസ്, ഐബിഎം, സിസ്‌കോ, ചിപ്പ് നിര്‍മാതാക്കളായ എഎംഡി, എഐ കമ്പനിയായ ആന്ത്രോപിക്, മനുഷ്യാവകാശ സംഘടനകളായ ലോയേഴ്‌സ് കമ്മറ്റി ഫോര്‍ സിവില്‍ റൈറ്റ്‌സ് അണ്ടര്‍ ലോ എന്നിവരുടെ നേതൃനിരയിലുള്ളവരും ഫെഡറല്‍, സ്റ്റേറ്റ്, പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍ എന്നിവരും സമിതിയുടെ ഭാഗമാവും. 22 അംഗങ്ങളാണ് സമിതിയിലുണ്ടാവുക.

സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയും എഐയിലേക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി തലം മുതലുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ടിന് ആരംഭിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് ആഗസ്റ്റ് മാസത്തോടെ എ.ഐ. പരിശീലനം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.

25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് പരിശീലനം. എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. അതു പോലെ സ്ഥിരമായി കുറച്ച് എ.ഐ ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് സാധിക്കും. 180 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഒരു മാസത്തെ പരിശീലനം കൈറ്റ് പൂര്‍ത്തിയാക്കി. ഹയര്‍ സെക്കന്ററി-ഹൈസ്‌ക്കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും, ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍മാര്‍ക്കും ആണ് ആദ്യ ബാച്ചുകളില്‍ പരിശീലനം. കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം വഴി പരിശീലനം നേടേണ്ട അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ വാട്‌സ്ആപ്പിലും മെറ്റ എഐ ചാറ്റ്‌ബോട്ട്

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ ചാറ്റ്‌ബോട്ടായ മെറ്റ എഐ വാട്‌സ്ആപ്പിലും. എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന്‍ ലഭ്യമായിട്ടില്ല. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് വാട്‌സ്ആപ്പിലെ എഐ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മാത്രമേ നിലവില്‍ മെറ്റ എഐ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയ്ക്ക് സമാനമായി സുഗമമായ സംഭാഷണങ്ങളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. എന്തിനെക്കുറിച്ചും ഈ ചാറ്റ്ബോട്ടുമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാട്‌സ്ആപ്പില്‍ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം ആരംഭിക്കുന്നതിനായി ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം ‘ന്യൂ ചാറ്റ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അതില്‍ നിന്നും ‘മെറ്റ എഐ’ ഐക്കണ്‍ തിരഞ്ഞെടുത്ത് സേവന നിബന്ധനകള്‍ വായിച്ചു നോക്കി അംഗീകരിച്ച ശേഷം ഐക്കണില്‍ ടാപ് ചെയ്താല്‍ ഇന്‍ബോക്‌സിലേക്കുള്ള ആക്‌സസ് ലഭിക്കും. തുടര്‍ന്ന് ആവശ്യാനുസൃതം സംഭാഷണങ്ങള്‍ നടത്താം.

മെറ്റ എഐയുമായുള്ള സംഭാഷണത്തില്‍ സംശയമുള്ള എന്തിനെക്കുറിച്ചും ചോദിക്കാം. മെറ്റയുടെ വിശദീകരണം അനുസരിച്ച് മെറ്റ എഐയുടെ ഡാറ്റാബേസില്‍ വിപുലമായ വിജ്ഞാന അടിത്തറയാണ് നല്‍കിയിട്ടുള്ളത്. ഇവ കൂടാതെ ഒരു വിഷയം സംബന്ധിച്ച സംശയങ്ങള്‍ പരിഹരിച്ച് പുതിയ ആശയങ്ങള്‍ നല്‍കുവാനും ഈ എഐ ചാറ്റ് ബോട്ടിനാകും. ഇങ്ങനെ നല്‍കുന്ന വിവരങ്ങളിലൂടെ താല്‍പര്യങ്ങളും മുന്‍ഗണനകളും അടിസ്ഥാനമാക്കി വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ നല്‍കാനാകുമെന്നാണ് കമ്പനി പറയുന്നത്.

ഇമേജ് ജനറേഷന്‍ ടൂളാണ് മെറ്റ എഐയുടെ മറ്റൊരു പ്രത്യേകത. ടെക്സ്റ്റ് വഴി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എഐ ചിത്രങ്ങള്‍ രൂപീകരിക്കുന്നത്. വാട്‌സ്ആപ്പില്‍ ഒരു ചാറ്റ് തുറന്ന് ‘@MetaAI /imagine’ എന്ന് ടൈപ്പ് ചെയ്ത ശേഷം ഏത് ചിത്രമാണോ വേണ്ടത് അത് അക്‌സപ്റ്റ് ചെയ്യാവുന്നതാണ്. ഇതനുസരിച്ചായിരിക്കും കണ്ടന്റുകള്‍ ക്രിയേറ്റുകള്‍ ചെയ്യുന്നത്. മെറ്റ എഐയുമായുള്ള സംഭാഷണങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ബാധകമല്ല. പക്ഷെ ഡിലീറ്റ് ഓപ്ഷന്‍ മെറ്റ എഐയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍, ഡയറക്ട് മെസേജ് ഫീച്ചറിലാണ് മെറ്റ എഐ ലഭ്യമാകുക.

മൊണാലിസയെ സംസാരിപ്പിച്ചു കൊണ്ട് മൈക്രോസോഫ്റ്റ് എ ഐ വാസ-1; എന്നാൽ പൊതുജനങ്ങൾക്ക് ലഭ്യമല്ല

ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയെ സംസാരിപ്പിച്ചു കൊണ്ടാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ഇമേജ് ടു വീഡിയോ എഐ മോഡലായ വാസ-1 പുറത്തിറക്കിയത്. സംസാരം മാത്രമല്ല ആടും, പാടും, പൊട്ടിച്ചിരിക്കും! യഥാര്‍ഥ മനുഷ്യരെപ്പോലെ വാസ-1ന്റെ സഹായത്തോടെ മൊണാലിസ സംസാരിക്കും. മാസങ്ങള്‍ക്കുള്ളില്‍ അവര്‍ ഒരു ‘ചലച്ചിത്ര താര’മായാലും അത്ഭുതപ്പെടേണ്ടതില്ല.

ഡാവിഞ്ചിയുടെ പതിനാറാം നൂറ്റാണ്ടിലെ മാസ്റ്റര്‍പീസായ ‘ദ് മൊണാലിസ’ അമേരിക്കന്‍ ഉച്ചാരണത്തിലാണു ആളുകള്‍ക്കു മുന്നിലെത്തുന്നത്. ഡീപ് ഫേക്ക് അടക്കമുള്ള സാധ്യതകൾ ഉള്ളതിനാൽ ഈ എ.ഐ. സംവിധാനം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദം മൈക്രോസോഫ്റ്റും ശരിവയ്ക്കുന്നുണ്ട്. അതിനാല്‍ തല്‍ക്കാലം പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം.

ഫോട്ടോയില്‍നിന്നാണു വാസ-1 വീഡിയോകള്‍ സൃഷ്ടിക്കുന്നത്. അത് യഥാര്‍ഥ ചിത്രമോ കലാസൃഷ്ടിയോ ആകാം. വീഡിയോ ജീവസസ്സുറ്റതാക്കുന്നതിന് അത് ‘ഏതെങ്കിലും വ്യക്തിയുടെ വീഡിയോയുടെ റഫറൻസ് സ്വീകരിക്കുന്നു. ആ മാതൃകയില്‍ എ.ഐ. സഹായത്തോടെ ചിത്രത്തെ വീഡിയോ ആക്കി മാറ്റുന്നു. മുഖഭാവങ്ങളുടെ ഒരു വലിയ ലൈബ്രറി വാസ-1ന്റെ പക്കലുണ്ട്. അതും വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായകമാകും.

ഡിജിറ്റല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരങ്ങളെ ‘യഥാര്‍ത്ഥ മനുഷ്യരുമായുള്ള ഇടപെടലുകള്‍ പോലെ സ്വാഭാവികമായി ജനങ്ങളുമായി ഇടപഴകാന്‍’ വാസ -1 പ്രാപ്തമാക്കും. എന്നാല്‍ സാങ്കേതിക വിദ്യയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കകള്‍ പങ്കിടുന്നുണ്ട്. ഓണ്‍ലൈനിലടക്കം തട്ടിപ്പിനു സാധ്യതയുണ്ട്. വ്യാജ സന്ദേശത്താല്‍ വഞ്ചിക്കപ്പെടാം.

ചാറ്റ്ജിപിടി ബോട്ടിന്റെ സൃഷ്ടാവായ ഓപ്പണ്‍എഐ ഫെബ്രുവരിയില്‍ ടെക്‌സ്റ്റ്-ടു-വീഡിയോ ടൂള്‍ സോറ പുറത്തുവിട്ടിരുന്നു. ഹ്രസ്വവും വിവരണാത്മകവുമായ ടെക്‌സ്റ്റ് പ്രോംപ്റ്റുകളെ മാത്രം അടിസ്ഥാനമാക്കി അള്‍ട്രാ-റിയലിസ്റ്റിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീഡിയോ ക്ലിപ്പുകള്‍ നിര്‍മിക്കാന്‍ സോറയ്ക്കു കഴിയും.

 

ഉള്ളടക്കം എ.ഐ. അധിഷ്ഠിതമെന്ന് അടയാളപ്പെടുത്തുമെന്ന് മെറ്റ

എ.ഐ. നിർമിത ചിത്രങ്ങൾ, ഓഡിയോകൾ, വീഡിയോകൾ എന്നിവ അങ്ങനെയാണെന്ന് അടയാളപ്പെടുത്താൻ വിപുലമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് മെറ്റ. എ.ഐ. നിർമിത ഉള്ളടക്കങ്ങളിൽ ‘മെയ്ഡ് വിത്ത് എ.ഐ.’ പോലെയുള്ള വാട്ടർമാർക്കുകൾ സ്ഥാപിക്കുമെന്ന് മെറ്റ ഉള്ളടക്കനയം വൈസ് പ്രസിഡന്റ് മോണിക ബിക്കെർട്ട് വ്യക്തമാക്കി. എ.ഐ. അധിഷ്ഠിത ചിത്രങ്ങളുടെ പൊതുസവിശേഷതകൾ (ഇൻഡസ്ട്രി ഷെയേർഡ് സിഗ്‌നൽസ് ഓഫ് എ.ഐ. ഇമേജസ്) അടിസ്ഥാനമാക്കിയാകും ലേബലുകൾ. മേയ്‌മുതൽ ഈ സേവനം ലഭ്യമാക്കുമെന്നും മെറ്റ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകാലത്തെ വ്യാജ ഉള്ളടക്കങ്ങളുടെ പ്രചാരണങ്ങൾ തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള കേന്ദ്ര സ്ഥാപനങ്ങൾ സാമൂഹിക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായിരുന്നു. ഇന്ത്യയിൽ ഐ.ടി. നിയമങ്ങളനുസരിച്ച് ഡീപ് ഫെയ്‌ക്ക് പോലെയുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ഒരുലക്ഷംരൂപവരെ പിഴയും മൂന്നുവർഷംവരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

 

2029ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്, ആദ്യ മുന്നേറ്റം അടുത്ത വര്‍ഷം തന്നെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍  എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ഗൂഗിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരും പുതിയതായി ജന്മമെടുത്ത എഐ കമ്പനികളുമെല്ലാം ജനറേറ്റീവ് എഐ രംഗത്ത് സജീവമായി രംഗത്തുണ്ട്. പലരും ഇതിനകം അവരുടേതായ എഐ മോഡലുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാളുകള്‍ കഴിയും തോറും അവയെ കൂടുതല്‍ ശക്തമാക്കും വിധം പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എഐ മനുഷ്യ വംശത്തിന് വലിയൊരു ഭീഷണിയാകുമെന്ന പ്രവചനത്തിന്റെ പ്രധാന വക്താക്കളിലൊരാളാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. 2029 ആവുമ്പോഴേക്കും മനുഷ്യരുടേയെല്ലാം ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറുമെന്നാണ് അദ്ദേഹം പറയുന്നത്. പോഡ്കാസ്റ്ററായ ജോ റോഗനും ഫ്യൂച്ചറിസ്റ്റായ റേ കുര്‍സ്‌വെയിലും തമ്മിലുള്ള ചര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് മസ്‌കിന്റെ പ്രതികരണം.

സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച കുര്‍സ് വെയ്ല്‍ വിലയിരുത്തുന്നു. കംപ്യൂട്ടേഷണല്‍ ശക്തി, അല്‍ഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളില്‍ മനുഷ്യര്‍ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റങ്ങള്‍ ക്രമേണ മനുഷ്യബുദ്ധിയെ മറികടക്കാന്‍ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

“1999 ല്‍ തന്നെ താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കുര്‍സ് വെയ്ല്‍ പറഞ്ഞു. 2029 ഓടെ അത് സംഭവിക്കുമെന്ന് ഞാന്‍ അന്ന് പറഞ്ഞു. അതായത് 30 വര്‍ഷങ്ങള്‍ കൊണ്ട്. ആരും അത് വിശ്വസിച്ചില്ല. അന്ന് സ്റ്റാന്‍ഫോര്‍ഡില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ പങ്കെടുത്ത ഒരു കോണ്‍ഫറന്‍സ് നടന്നു. എന്റെ പ്രവചനം ചര്‍ച്ച ചെയ്തു. അത് സംഭവിക്കുമെന്ന് തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ 2029 ല്‍ അതുണ്ടാവില്ലെന്നും 100 വര്‍ഷങ്ങളെങ്കിലുമെടുക്കുമെന്നും അവര്‍ കരുതി.” അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായം ഏറ്റെടുക്കുകയാണ് ഇലോണ്‍ മസ്‌കും.

എന്നാല്‍ മസ്‌ക് പറയുന്നത് ഇങ്ങനെയാണ്. “അടുത്ത വര്‍ഷം തന്നെ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിയേക്കാള്‍ മികച്ചതാവും എഐ. 2029 ഓടുകൂടി മുഴുവന്‍ മനുഷ്യരുടേയും ബുദ്ധിയേക്കാള്‍ മികച്ചതാവും.”

ഈ പ്രവചനങ്ങള്‍ തള്ളിക്കളയാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ അതിവേഗമാണ് ജനറേറ്റീവ് എഐ മോഡലുകള്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) കേന്ദ്രീകരിച്ചുള്ള പദ്ധതികളിലാണ് ഓപ്പണ്‍ എഐ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റത്തിന് ശക്തിയേറിയ എഐ കൈകാര്യം ചെയ്യുന്നതിനാവശ്യമായ കംപ്യൂട്ടേഷണല്‍ ശക്തി ആര്‍ജിക്കുക എന്നത് മാത്രമാണ് പ്രധാന വെല്ലുവിളി. അതിന് ആവശ്യമായി വരുന്ന അതിഭീമമായ ചിലവുകളും, മറ്റ് സാങ്കേതിക പരിമിതികളും പരിഹരിക്കപ്പെടുന്നതോടെ എഐയുടെ മുന്നേറ്റം അതിവേഗമായിരിക്കും.

ടെക്നോളജിയിലേക്ക് കുതിക്കാൻ കോഴിക്കോട് ഒരുങ്ങുന്നു!

English  |  Other Languages

ടെക്നോളജിയുടെ ലോകത്തേക്ക് കേരളത്തിന്റെ കുതിപ്പിന് ആരംഭം കുറിച്ചുകൊണ്ട് നടത്തുന്ന കേരള ടെക്നോളജി എക്സ്പോ (KTX) 2024, ഫെബ്രുവരി 29 നു ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്‌ഘാടനം ചെയ്യും. മലബാറിലെ ടെക്നിക്കൽ, ഇൻഡസ്ട്രിയൽ ലീഡിങ് ഗ്രൂപ്പുകളുടെ സംയുക്ത സംരംഭമായ സിറ്റി 2.0 ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

Continue reading “ടെക്നോളജിയിലേക്ക് കുതിക്കാൻ കോഴിക്കോട് ഒരുങ്ങുന്നു!”

കോഴിക്കോട് ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു

English  |  Other Languages

കോഴിക്കോട്: സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിന്റെ വളർച്ചയെ ലക്ഷ്യമാക്കി ഒരു ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള അതിനൂതന സാങ്കേതിക വിദ്യകളെ അടുത്തറിയാനും അതിന്റെ സാധ്യതകളെ തുറന്നുകാട്ടാനും ഒരുക്കുന്ന കേരള ടെക്‌നോളജി എക്‌സ്‌പോ (കെടിഎക്‌സ് 2024) ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് നടക്കും.

Continue reading “കോഴിക്കോട് ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു”

സോറി, സോറ നിങ്ങൾ വിചാരിച്ച ആളല്ല!

English  |  Other Languages

വാക്കുകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന എ ഐ മാജിക്കിന്റെ വിപ്ലവത്തിന് മുന്നിൽ നിന്ന് നയിച്ച കമ്പനിയാണ് ഓപ്പൺ എ ഐ. 2022 നവംബറിൽ പുറത്തിറങ്ങിയ ചാറ്റ് ജി പി ടി യുടെ വരവോടുകൂടി എ ഐ ലോകത്തിന്റെ സംസാര വിഷയമായി മാറി. ഒരു വർഷത്തിനുള്ളിൽത്തന്നെ വ്യത്യസ്ത വിഭാഗങ്ങളിലായി ആയിരക്കണക്കിന് എ ഐ ടൂളുകൾ പുറത്തിറങ്ങി. ഇപ്പോഴിതാ മറ്റൊരു തുറുപ്പ് ചീട്ടുമായി ഓപ്പൺ എ ഐ രംഗത്ത്! സോറ എ ഐ.

Continue reading “സോറി, സോറ നിങ്ങൾ വിചാരിച്ച ആളല്ല!”

Select Language »