ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടീഷ് റിയാലിറ്റി താരവും ബ്രിട്ടിഷ് നടിയുമായ വിക്കി പാറ്റിസണ്‍. ചാനല്‍ ഫോര്‍ നിര്‍മിക്കുന്ന ഡോക്യുമെന്ററിക്കായി തയാറാക്കിയ വിഡിയോയുടെ ഭാഗങ്ങള്‍ പാറ്റിസണ്‍ ലീക്ക് ചെയ്തതായി ‘ദ് സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. വിക്കി പാറ്റിസണ്‍ തന്നെയാണ് ഡോക്യുമെന്റിയുടെ സംവിധായിക. ഈമാസം 28 മുതല്‍ ചാനല്‍ ഫോര്‍ പരിപാടി സംപ്രേഷണം ചെയ്യും.

എഐ ഉപയോഗിച്ചാണ് പോണ്‍ വിഡിയോ തയാറാക്കിയതെന്ന് പാറ്റിസണ്‍ വെളിപ്പെടുത്തി. അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കുന്ന നടീനടന്മാരെ ഉള്‍പ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് അതില്‍ ഒരാളുടെ മുഖത്ത് വിക്കി സ്വന്തം മുഖം എഐ ഉപയോഗിച്ച് ഉള്‍പ്പെടുത്തി. ഇങ്ങനെയാണ് ഹൈപ്പര്‍ റിയലിസ്റ്റിക് ഡീപ് ഫേക് വിഡിയോ രൂപപ്പെടുത്തിയത്. ഫോട്ടോകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ് ഫേക് വിഡിയോകള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ഭയാശങ്കകള്‍ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് വിക്കി പാറ്റിസണ്‍ അവകാശപ്പെടുന്നു. നാലായിരത്തിലേറെ സെലിബ്രിറ്റികള്‍ ഡീപ് ഫേക് പോണോഗ്രഫിയുടെ ഇരകളായിട്ടുണ്ടെന്ന് ഫോര്‍ ചാനലും ചൂണ്ടിക്കാട്ടുന്നു.

വിഡിയോയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡീപ് ഫേക് വിഡിയോയില്‍ സ്വന്തം മുഖം ഉള്‍പ്പെടുത്താനുള്ള തീരുമാനം അത്യന്തം വിഷമം പിടിച്ചതായിരുന്നുവെന്ന് പാറ്റിസണ്‍ പറഞ്ഞു. താന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് താരം പ്രതികരിച്ചത്. സാങ്കേതിക വിദ്യയുടെ ഭയപ്പെടുത്തുന്നതും വര്‍ധിച്ചു വരുന്നതുമായ ദോഷഫലങ്ങളില്‍ ചെറിയ തോതില്‍ താനും ഇരയാണെന്നും ഇതിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാണെന്നതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു.

ഇത്തരം ലൈംഗികാതിക്രമത്തിന് ഇരയായ പലരും ഇതിനകം വിക്കിയുടെ നടപടിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ലൈംഗികാതിക്രമം നേരിട്ടവര്‍ക്കുവേണ്ടി കാംപയ്നുകള്‍ നടത്തുന്ന സംഘടനകളും ഗ്രൂപ്പുകളും ഡോക്യുമെന്‍ററിയെയും പാറ്റിസണെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ബോധവല്‍കരണത്തിനെന്ന പേരില്‍ ഡീപ് ഫേക് പോണ്‍ വിഡിയോകള്‍ ഉണ്ടാക്കുന്നത് വിപരീതഫലം സൃഷ്ടിക്കുമെന്നാണ് പ്രധാന വാദം. ഇത് വിഡിയോയിലുള്ളവരുടെ സുരക്ഷയെയും സ്വകാര്യതയെയും ഹനിക്കും. പോണ്‍ വിഡിയോകളും ഡീപ് ഫേക് പോണും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്ന് അവര്‍ പറയുന്നു. വിക്കി പാറ്റിസണും ചാനല്‍ ഫോറും നടത്തുന്നത് പി.ആര്‍.സ്റ്റണ്ട് മാത്രമാണെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ക്കുവേണ്ടി വാദിക്കുന്ന സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ബ്രിട്ടണിലെ അറിയപ്പെടുന്ന ടെലിവിഷന്‍ താരവും അഭിനേത്രിയുമാണ് വിക്കി പാറ്റിസണ്‍. ജോര്‍ഡി ഷോര്‍, എക്സ് ഓണ്‍ ദ് ബീച്ച് തുടങ്ങിയ എംടിവി ഷോകള്‍ വഴിയാണ് തുടക്കം. 2015ല്‍ ‘ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍’ എന്ന പ്രശസ്ത റിയാലിറ്റി ഷോയിലെ വിജയിച്ചതോടെ ആഗോളശ്രദ്ധയിലെത്തി. ലൂസ് വുമണ്‍, ഇറ്റ്സ് നോട്ട് മീ…ഇറ്റ്സ് യൂ, ഐ ആം എ സെലിബ്രിറ്റി: എക്സ്ട്രാ ക്യാംപ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ഷോകള്‍. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായും പോഡ്കാസ്റ്ററായും തിളങ്ങി. കുട്ടിക്കാലത്തെ സംഘര്‍ഷങ്ങളെയും ശാരീരിക പ്രശ്നങ്ങളെയും കുറിച്ചുള്ള ‘സീക്രട്ട് ടു ഹാപ്പി’ എന്ന പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. 37കാരിയായ താരം അടുത്തിടെയാണ് വിവാഹിതയായത്.

Select Language »