885 കിലോമീറ്റർ വേഗത്തിൽ യുദ്ധവിമാനം പറത്തി എഐ

കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പറന്നുയർന്ന എഫ്16 വിസ്റ്റ യുദ്ധവിമാനം ചരിത്രം കുറിച്ചു – പൈലറ്റ് ഇല്ലാത്ത വിമാനം നിയന്ത്രിച്ചത് എഐ സംവിധാനമാണ്. യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാൻക് കെൻഡലിനെയും വഹിച്ചായിരുന്നു ചരിത്രയാത്ര.

പൈലറ്റുള്ള എഫ്16 യുദ്ധവിമാനവുമായി ചേർന്നുള്ള യാത്രയിൽ എഐ വിമാനം ഒപ്പത്തിനൊപ്പം കുതിച്ചു. മണിക്കൂറിൽ 885 കിലോമീറ്റർ വേഗത്തിലായിരുന്നു മിന്നൽയാത്ര. സൈനിക വ്യോമയാനരംഗത്ത് എഐ ഉപയോഗത്തിലെ നിർണായക ചുവടുവയ്പാണിത്. 2028 ആകുമ്പോഴേക്കും 1000 എഐ യുദ്ധവിമാനങ്ങൾ അണിനിരത്തുകയാണ് യുഎസിന്റെ ലക്ഷ്യം.

ചാറ്റ്ജിപിടി വെറും ‘മന്ദബുദ്ധി’, യഥാർത്ഥ ബുദ്ധിമാൻ വരുന്നേയുള്ളൂവെന്ന് സാം ആൾട് മാൻ

എഐ മേഖലയെ പൊതുജനങ്ങൾക്ക് സുപരിചിതമാക്കിയതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടൂളാണ് ചാറ്റ് ജിപിടി.  ഓപണ്‍ എഐ (Open Ai) എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മൈക്രോസോഫ്റ്റ് ആണ് ഓപൺഎ.ഐയുടെ പ്രധാന നിക്ഷേപകർ.

വിഷയം ഏതുമായിക്കോട്ടെ, അതിൽ എന്ത് സംശയം ചോദിച്ചാലും മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി തരാൻ ചാറ്റ്ജിപിടി എന്ന എ.ഐ ചാറ്റ്ബോട്ടിന് കഴിയും. കവിതയും കഥയും സാഹിത്യവും ശാസ്ത്രവും ചരിത്രവും ഒക്കെ വഴങ്ങും.

എന്നാൽ, ചാറ്റ്ജിപിടി വെറും ‘മന്ദബുദ്ധി’യാണെന്നാണ് (dumbest) ഓപൺഎ.ഐ സി.ഇ.ഒ ആയ സാം ആൾട്ട്മാൻ തന്നെ പറയുന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിച്ച ഒരു ചോദ്യോത്തര സെഷനിലായിരുന്നു ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന് അടിസ്ഥാനമായ ജിപിടി 4-നെ കുറിച്ച് ആൾട്ട്മാൻ വിചിത്രമായ പ്രസ്താവന നടത്തിയത്. GPT-4 നിലവിൽ ലോകത്തിലെ ഏറ്റവും കഴിവുള്ള വലിയ ഭാഷാ മോഡലുകളിലൊന്നാണെന്നും അതേസമയം ഏറ്റവും മോശം AI മോഡൽ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിപിടി-4 പോലുള്ള എ.ഐ മോഡലുമായി ഉപയോക്താക്കള്‍ക്ക് ഇനി കൂടുതൽ കാലം ഇടപഴകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കഴിവുകളുള്ള പുതിയ ജനറേറ്റീവ് AI മോഡലിനെക്കുറിച്ചുള്ള സൂചന നൽകുകയായിരുന്നു ആൾട്ട്മാൻ. മനുഷ്യനെ മറികടക്കുന്ന ബുദ്ധിയുണ്ടാകുമെന്ന് പറയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) യാഥാര്‍ത്ഥ്യമാക്കാനുള്ള ത്രീവ്രയജ്ഞത്തിലാണെന്നാണ് നിലവിൽ ഓപണ്‍എഐ. മനുഷ്യനെ പോലെ എല്ലാ കാര്യങ്ങളിലുമുള്ള വിവേചന ബുദ്ധി എ.ഐ കൈവരിക്കുന്ന സാഹചര്യം സങ്കൽപ്പിക്കാൻ കഴിയുമോ…?

എങ്കിൽ അതാണ് എ.ജി.ഐ. നിലവിൽ ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത് ജിപിടി-4നെ അടിസ്ഥാനമാക്കിയാണ്. വരും വർഷങ്ങളിൽ എ.ജി.ഐ-യുടെ കഴിവുകളുള്ള ജിപിടി-6 അല്ലെങ്കിൽ ജിപിടി-7 അവതരിപ്പിക്കാനാണ് സാം ആൾട്ട്മാനും സംഘവും ലക്ഷ്യമിടുന്നത്. എ.ജി.ഐ അഞ്ചല്ലെങ്കിൽ 50 ബില്യൺ ഡോളർ വരെ മുടക്കാൻ ഒരുക്കമാണെന്നാണ് ആൾട്ട്മാൻ പറയുന്നത്.

‘മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും’; മന്ത്രി വി ശിവന്‍കുട്ടി

എഐയുടെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യ ബാച്ച് പൂർത്തിയായി. സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂർത്തിയാക്കിയത്.

സെക്കന്ററിതലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളില്‍ പരിശീലനം നല്‍കിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മണക്കാട് ഗേള്‍സ് സ്കൂളിലെ പരിശീലന കേന്ദ്രം മന്ത്രി സന്ദർശിച്ചു.

സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷന്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂള്‍ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്. ഉത്തരവാദിത്വത്തോടെയുള്ള നി‍ർമിതബുദ്ധി ഉപയോഗം, ‍ഡീപ്‍ഫേക്ക് തിരിച്ചറിയല്‍, അല്‍ഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്നങ്ങള്‍ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്.

അധ്യാപക‍ർ ലാപ്‍ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മെയ് മാസത്തില്‍ കൂടുതലും ഹയർസെക്കന്ററി അധ്യാപക‍ർക്കായിരിക്കും പരിശീലനം.

യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇനി എഐ വക്താവ്; പേര് വിക്ടോറിയ ഷി

യുക്രൈനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനായി ഒരു വിര്‍ച്വല്‍ എഐ വക്താവിനെ അവതരിപ്പിച്ച് യുക്രൈന്‍. വിക്ടോറിയ ഷി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ അവതാറിന് യുക്രൈന്‍ ഗായികയും ഇന്‍ഫ്‌ളുവന്‍സറുമായി റോസാലി നോംബ്രേയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്. വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലുമാണ് വിക്ടോറിയ ഷിയുടെ പ്രതികരണങ്ങള്‍ ഉണ്ടാവുക.

ഗായിക നോംബ്രേ തൻ്റെ ശബ്ദവും രൂപവും ഉദാരമായി സംഭാവന ചെയ്തതായി ഉക്രേനിയൻ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
മന്ത്രാലയം പുറത്തുവിട്ട ഒരു ടീസർ വീഡിയോയിൽ വിക്ടോറിയ ഷി മന്ത്രാലയത്തിനായുള്ള തൻ്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നുണ്ട്.

വിദേശത്തുള്ള ഉക്രേനിയൻ പൗരന്മാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിലും ഒപ്പം അടിയന്തിര സാഹചര്യങ്ങളോടും മറ്റും പ്രതികരിക്കുന്ന കോൺസൽമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വാർത്തകൾ അറിയിക്കുക തുടങ്ങി നിരവധി കർത്തവ്യങ്ങൾ ഷീ നിർവഹിക്കും.

 

ഇനി വേറെ ലെവൽ കളികൾ; ഗൂഗിളിന് വെല്ലുവിളിയാവാൻ ഓപ്പൺ എഐ

എഐ രംഗത്ത് ഇന്ന് കാണുന്ന കുതിച്ചുചാട്ടത്തിന് കാരണമായെന്ന വിശേഷണത്തിന് അർഹരാണ് ഓപ്പൺ എഐയും അവരുടെ ചാറ്റ് ജിപിടിയും. തുടർന്നും ഈ മേഖലയിൽ ചലനങ്ങൾ സൃഷിടിച്ചു കൊണ്ടാണ് ഓപ്പൺ എഐ മുന്നേറുന്നത്. ചോദിക്കുന്ന ചോദ്യത്തിനുള്ള വിവരങ്ങള്‍ ഏത് രൂപത്തിലും എത്ര ദൈര്‍ഘ്യത്തിലും വ്യക്തമായി എഴുതി നല്‍കാന്‍ കഴിവുള്ള ചാറ്റ് ജിപിടി ഗൂഗിള്‍ സെര്‍ച്ചിന് ഭീഷണിയാവുമെന്ന് അന്ന് തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓപ്പണ്‍ എഐ സ്വന്തമായി ഒരു സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരു അനലിസ്റ്റും ടിപ്‌സ്റ്ററുമായ ജിമ്മി ആപ്പിള്‍സ് ആണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഓപ്പണ്‍ എഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. മെയ് 9 ന് ഓപ്പണ്‍ എഐ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും പുതിയ ഉല്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്നും ജിമ്മി പറയുന്നു. ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജനുവരിയില്‍ ഓപ്പണ്‍ എഐ ഒരു ഇവന്റ് മാനേജ് മെന്റ് ടീമിനെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും കഴിഞ്ഞ മാസം ഒരു ഇവന്റ് മാനേജറെ നിയമിച്ചുവെന്നും ജിമ്മി പറയുന്നു. ഇത് ഓപ്പണ്‍ എഐ സ്വന്തം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായി ജിമ്മി വിലയിരുത്തുന്നു. ജൂണില്‍ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയില്‍ പുതിയ എഐ മോഡല്‍ അവതരിപ്പിക്കാനിടയുണ്ടെന്നും ജിമ്മി പറഞ്ഞു.

ഏപ്രില്‍ 24 മുതല്‍ 50 ല്‍ ഏറെ പുതിയ സബ്‌ഡൊമൈനുകള്‍ ഓപ്പണ്‍ എഐ നിര്‍മിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ ശരിയെങ്കില്‍ മേയ് 14ന് ഗൂഗിളിന്റെ സമ്മേളനം നടക്കുന്നതിന് മുമ്പായി ഗൂഗിള്‍ സെര്‍ച്ചിന് പകരം ഓപ്പണ്‍ എഐ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറയുന്നു. നിലവിൽ ഗൂഗിൾ സെർച്ചിനേക്കാൾ കൂടുതൽ കൃത്യതയും ആധികാരികതയും ചാറ്റ് ജിപിടിക്കുണ്ട്. സ്വന്തമായി സേർച്ച് എൻജിൻ കൂടി വന്നാൽ അത് ഗൂഗിളിന് വലിയ അടിയാകുമെന്നുറപ്പാണ്.

ഭാഗികമായി ബിങ് സെര്‍ച്ച് എഞ്ചിന്റെ പിന്‍ബലത്തില്‍ ഗൂഗിള്‍ സെര്‍ച്ചിന് പകരം വെക്കാനാവുന്ന വെബ് സെര്‍ച്ച് ഉല്പന്നം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഓപ്പണ്‍ എഐയില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെര്‍ച്ചില്‍ എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വിവരങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ അവതരിപ്പിക്കാനും കമ്പനിക്ക് താല്‍പര്യമുണ്ടെന്ന് സാം ഓള്‍ട്ട്മാന്‍ മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തായാലും സെര്‍ച്ച് എഞ്ചിന്‍ രംഗത്തേക്കുള്ള ഓപ്പണ്‍ എഐയുടെ കടന്നുവരവ് ഈ രംഗത്ത് സുപ്രധാനമായ മാറ്റങ്ങള്‍ക്കിടയാക്കിയേക്കുമെന്നാണ് കരുതുന്നത്.

ഓപ്പൺ എഐ തടസപ്പെട്ടു, ഫോണിലും വെബ്ബിലും പ്രശ്നം, സെർവറിന്റെ പ്രശ്നമെന്ന് അറിയിപ്പ്

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സേവനത്തില്‍ തടസം നേരിടുന്നു. ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മൊബൈല്‍ ആപ്പിലും, വെബ്ബിലും ചാറ്റ് ജിപിടി ഉപയോഗിക്കാനാവുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ സെര്‍വര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന പോപ്പ് അപ്പ് സന്ദേശമാണ് കാണിക്കുന്നത്. നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ചാറ്റ് ജിപിടി പ്രതികരണങ്ങളൊന്നും നല്‍കുന്നില്ല. ‘റിക്വസ്റ്റ് ടൈംഡ് ഔട്ട്’ എന്ന അറിയിപ്പാണ് കാണുന്നത്.

മേയ് 3 രാവിലെ 11 മണിമുതല്‍ ലോകവ്യാപകമായി ചാറ്റ് ജിപിടി പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ എക്‌സിലും ചില ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിയില്‍ തങ്ങള്‍ അസൗകര്യം നേരിട്ടതായി അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ചാറ്റ് ജിപിടിയില്‍  മുമ്പും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.

എഐ സംവിധാനമായതിനാല്‍ ശക്തമായ സെര്‍വറുകളേയും അതിവേഗ നെറ്റ് വര്‍ക്കുകളേയും ആശ്രയിച്ചാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം. ഇക്കാരണത്താല്‍ തന്നെ നെറ്റ് വര്‍ക്കിലുണ്ടാകുന്ന ലേറ്റന്‍സിയും പ്രശ്‌നങ്ങളും ചാറ്റ് ജിപിയുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനിടയുണ്ട്.

തായ് രുചി നുണയാനൊരുങ്ങി മൈക്രോസോഫ്റ്റ് എഐ

സമ്പന്നമായ സംസ്കാരത്തിനും നയനമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും വ്യത്യസ്തമാർന്ന പാചകരീതികൾക്കും പേരുകേട്ട തായ്‌ലൻഡ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഈ നേട്ടങ്ങൾക്കൊപ്പം എഐ ലോകത്തേക്കും ചുവടുവെക്കുകയാണ് തായ്‌ലന്റ്.

തായ്‌ലന്‍ഡില്‍ ആദ്യ റീജണൽ ഡാറ്റാ സെന്റര്‍ ആരംഭിക്കുകയാണ് മൈക്രോസോഫ്റ്റ്. എഐ സംവിധാനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രവര്‍ത്തിക്കാനാവുന്ന ഡാറ്റാ സെന്ററാണ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. തായ്‌ലന്‍ഡില്‍ എഐ രംഗത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നും രാജ്യത്ത് വളര്‍ന്നുവരുന്ന ഡെവലപ്പര്‍ സമൂഹത്തിന് ഇത് പിന്തുണ നല്‍കുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

ബാങ്കോക്കിൽ നടന്ന ‘മൈക്രോസോഫ്റ്റ് ബിൽഡ് എഐ ഡേ’ എന്ന പരിപാടിയിൽ വെച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ഈ ഡാറ്റാ സെന്ററിന്റെ പിന്തുണയോടെ സാധിക്കും. കമ്പനികള്‍ക്ക് ഡാറ്റ സൂക്ഷിക്കാനും, മികച്ച വേഗത്തിലുള്ള കമ്പ്യൂട്ടിങ് സാധ്യമാക്കാനും ഈ ഡാറ്റാ സെന്റര്‍ സഹായകമാവും.

ഡാറ്റാ സെന്ററിന് പുറമെ തായ്‌ലന്‍ഡില്‍ ക്ലൗഡ്, എഐ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എഐ നൈപുണ്യ വികസനത്തിനും വേണ്ടിയുള്ള നിക്ഷേപവും മൈക്രോസോഫ്റ്റ് നടത്തും. തായ്‌ലന്‍ഡിലെ പൊതു, സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു.

എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലുള്ള പുതിയ സാമ്പത്തിക, ഉല്പാദന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തായ്‌ലന്‍ഡിന് സാധിക്കും. ഇതോടൊപ്പം, ഇന്‍ഡൊനീഷ്യയില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് 170 കോടി ഡോളര്‍ ചെലവിട്ട് പുതിയ ക്ലൗഡ്, എഐ അടിസ്ഥാനസൗകര്യം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആസിയാന്‍ രാജ്യങ്ങളിലെ 25 ലക്ഷം പേര്‍ക്ക് 2025 ഓടെ എഐ നൈപുണ്യ വികസനത്തിനുള്ള അവസരമൊരുക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

എഐ മെഷീന്‍ ലേണിങ് ടീമിനായി ഗൂഗിളിലെ വിദഗ്ദ്ധരെ റിക്രൂട്ട് ചെയ്ത് ആപ്പിള്‍

എഐ, മെഷീന്‍ ലേണിങ് മേഖലയില്‍ കമ്പനിയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ആപ്പിള്‍. കമ്പനിയില്‍ പുതിയ എഐ, മെഷീന്‍ ലേണിങ് വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായി ഗൂഗിളില്‍ നിന്നുള്ള വിദഗ്ദ്ധരെ ആപ്പിള്‍ റിക്രൂട്ട് ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2018 ല്‍ എഐ മേധാവിയായി ജോണ്‍ ജ്യാനന്ദ്രേയയെ നിയമിച്ചതിന് ശേഷം ഗൂഗിളില്‍ നിന്ന് 36 പേരെങ്കിലും ആപ്പിളിലെത്തിയിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യു.

കാലിഫോര്‍ണിയയിലും സിയാറ്റിലിലുമാണ് ആപ്പിളിന്റെ ഐഐ ടീമിലെ ഭൂരിഭാഗം പേരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആപ്പിളിന്റെ വിഷന്‍ ലാബ് പ്രവര്‍ത്തിക്കുന്ന സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിക്കിലും എഐ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലണ്ടിലെ രണ്ട് എഐ സ്റ്റാര്‍ട്ട്അപ്പുകളെ ആപ്പിള്‍ ഏറ്റെടുത്തിരുന്നു. സൂറിക്കില്‍ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ തങ്ങളുടെ എഐ പദ്ധതികളുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെയും പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണുമെല്ലാം എഐ രംഗത്ത് കോടികള്‍ നിക്ഷേപം നടത്തുന്നതിനിടെ ആപ്പിള്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഓഹരിയില്‍ ഇടിവുണ്ടാവുകയും കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. എന്നാല്‍ വരാനിരിക്കുന്ന ഐഫോണില്‍ എഐ ഫീച്ചറുകള്‍ ഉണ്ടാവുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ജൂണില്‍ നടക്കുന്ന കമ്പനിയുടെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനിയുടെ എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എഐ രംഗത്ത് ആപ്പിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ആപ്പിള്‍ വികസിപ്പിച്ച ചില എഐ മോഡലുകള്‍ ഓപ്പണ്‍ സോഴ്‌സ് ആയി ലഭ്യമാക്കിയിട്ടുണ്ട്. നിരവധി എഐ സ്റ്റാര്‍ട്ടപ്പുകളെ കമ്പനി ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം.

ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂ; ഖത്തർ എയർവേയ്സിന്റെ സമയെ പരിചയപ്പെടാം

വിമാനയാത്രികരെ സ്‌നേഹപൂർവം പരിചരിക്കുന്നവരാണ് കാബിൻ ക്രൂ അംഗങ്ങൾ. പ്രത്യേക പരിശീലനം ലഭിച്ച് ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിന്റെ കാലത്ത്, ഈ രംഗത്തേക്ക് ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂവുമായി എത്തുകയാണ് ഖത്തർ എയർവേയ്സ്. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ (എടിഎം) സന്ദർശകർക്ക് ഈ എ.ഐ ക്യാബിൻ ക്രൂവിന്റെ രണ്ടാം തലമുറയെ കാണാനും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി.

ഖത്തർ എയർവേയ്സിന്റെ സമ 2.0 തത്സമയ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. യാത്രാനുഭവങ്ങൾ രൂപകൽപന ചെയ്യാൻ യാത്രക്കാരെ സഹായിക്കും, പതിവ് ചോദ്യങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാ നുറുങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരങ്ങളും മറ്റും അടുത്ത ആഴ്ചത്തെ പരിപാടിയിൽ സമ 2.0 നൽകും.

2024 മെയ് ആറ് മുതൽ ഒമ്പത് വരെ ഹാൾ നമ്പർ 2 ലെ ഖത്തരി എയർവേയ്സ് പവലിയനിൽ നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ വാർഷിക എക്സിബിഷനിലാണ് എ.ഐ ക്രൂ പങ്കെടുക്കുക. ഖത്തർ എയർവേയ്സിന്റെ ഉപഭോക്താക്കൾക്ക് എയർലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ QVerse അല്ലെങ്കിൽ അതിന്റെ ആപ്പ് വഴി സാമ 2.0 യുമായി ഓൺലൈനായി സംവദിക്കാനാകും. ഈ വർഷം മാർച്ചിൽ ഐടിബി ബെർലിനിൽ വെച്ചാണ് ഹോളോഗ്രാഫിക് വെർച്വൽ ക്യാബിൻ ക്രൂവായ സാമ 2.0 ലോഞ്ച് ചെയ്യപ്പെട്ടത്.

മറ്റൊരു ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർത്തകളിൽ ഇടം നേടിയിരുന്നു. സോഫിയയെ പൗരയാക്കി 2017ൽ റോബോട്ടിന് പൗരത്വം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സൗദി അറേബ്യ മാറി. ദീർഘകാല സിഇഒ അക്ബർ അൽ ബേക്കറിന് പകരം ബദർ മുഹമ്മദ് അൽ മീറിനെ ഗ്രൂപ്പ് സിഇഒ ആയി ഖത്തർ എയർവേയ്സ് അടുത്തിടെ നിയമിച്ചിരുന്നു.

എഐ ഫീച്ചറുകള്‍ ഐഒഎസില്‍- ഓപ്പണ്‍ എഐയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആപ്പിള്‍

ഐഫോണുകളില്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 18 ല്‍ ഓപ്പണ്‍ എഐയുടെ ഫീച്ചറുകള്‍ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. മുമ്പും ഇരു കമ്പനികളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കാര്യമായൊന്നും നടന്നില്ല.

ഇതിന് പുറമെ ജെമിനി ചാറ്റ് ബോട്ട് ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ആപ്പിള്‍ ഗൂഗിളുമായും ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരില്‍ ആരുമായി പങ്കാളിത്തം വേണമെന്നതില്‍ ആപ്പിള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ കരാറുകള്‍ യാഥാര്‍ഥ്യമാവുമോ എന്നും ഉറപ്പിക്കാനാവില്ല. ചിലപ്പോള്‍ ഇരു കമ്പനികളെയും ഒഴിവാക്കി പുതിയ മറ്റേതെങ്കിലും പങ്കാളിയെ കണ്ടെത്തിയേക്കാം.

അതേസമയം, ആപ്പിള്‍ സ്വന്തം നിലയ്ക്കും എഐ മോഡലുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ മോഡലുകളും പുതിയ ഐഒഎസ് 18 ല്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ മികച്ചൊരു ചാറ്റ്‌ബോട്ട് ഫീച്ചര്‍ ഐഒഎസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് പുറത്തു നിന്നൊരു പങ്കാളിയെ തേടുന്നത്. എഐ സ്റ്റാര്‍ട്ട്അപ്പ് ആയ ആൻഡ്രോപിക്കുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സുപ്രധാനമായൊരു ഫീച്ചര്‍ സ്വന്തം നിലയില്‍ അവതരിപ്പിക്കാതെ മറ്റൊരു കമ്പനിയുടെ ഫീച്ചര്‍ ഐഒഎസില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ തീരുമാനിക്കുമോ എന്ന് വ്യക്തമല്ല. അത് ഐഒഎസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Select Language »