ഒരു എഐ ഡിറ്റക്ടീവാകൂ, പ്രൊഫഷണലിനെ പോലെ എഐ നിര്‍മിത ചിത്രങ്ങള്‍ കണ്ടെത്തൂ…

എഐ സാങ്കേതിക വിദ്യകള്‍ അത്ഭുതകരമായി മുന്നേറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഒട്ടേറെ അപകട സാധ്യതകളുമുണ്ടിതിന്. അതിമനോഹരമായ ചിത്രങ്ങളും വീഡിയോകളും എഴുത്തുമെല്ലാം എഐ ഉപയോഗിച്ച് നിര്‍മിക്കാനാകുമെങ്കിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തികളെ അപമാനിക്കാനും തെറ്റിദ്ധരിപ്പിക്കാനുമെല്ലാം എഐ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കപ്പെടാം.

ദുരുദ്ദേശത്തോടെ നിര്‍മിച്ചതല്ലെങ്കിലും ചില ചിത്രങ്ങള്‍ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ആളുകള്‍ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. എഐ നിര്‍മിത ചിത്രങ്ങള്‍ തിരിച്ചറിയാം എന്ന് പരിചയപ്പെടുത്തുകയാണ് സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോ.

ചിത്രങ്ങളിലെ അസ്വാഭാവികമായ ചില കാര്യങ്ങള്‍ കണ്ടെത്തുകയാണ് എഐ ചിത്രങ്ങളെ തിരിച്ചറിയുന്നതിനുള്ള ആദ്യ പടി. വിരലുകളുടെ എണ്ണം, വസ്ത്രങ്ങളിലും മറ്റുമുള്ള അസ്വാഭാവികതകള്‍, എഴുത്തുകളില്‍ കാണുന്ന പ്രശ്‌നങ്ങള്‍, അസാധാരണമായ നിഴല്‍, അസ്വാഭാവികമായ വെളിച്ചം, വസ്തുക്കള്‍, അവയുടെ സ്ഥാനം, ഗുരുത്വബലം ഇല്ലെന്ന പോലെ വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്നതും മറ്റുമായ വസ്തുക്കളുടെ സ്ഥാനം, അസാധാരണമായ നിറങ്ങള്‍, മൂക്ക്, കണ്ണ്, ചുണ്ടുകള്‍, ചിരി, മുടി തുടങ്ങി മനുഷ്യ മുഖത്തെ വിവിധ ഭാഗങ്ങളിലുള്ള അസ്വാഭാവികത എന്നിവയെല്ലാം എഐ ചിത്രങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങളാണെന്ന് പിഐബി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഒരു എഐ ഡിറ്റക്ടീവാകൂ, പ്രൊഫഷണലിനെ പോലെ എഐ നിര്‍മിത ചിത്രങ്ങള്‍ കണ്ടെത്തൂ ! എന്ന കുറിപ്പോടെയാണ് പിഐബി വീഡിയോ പങ്കുവെച്ചത്.

 

 

എഐ ക്യാംപസ് ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശി, 3,000 പേർക്ക് ജോലി

നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

എഐ, വിവരസാങ്കേതികവിദ്യാ രംഗത്തെ അഞ്ഞൂറിലേറെ കമ്പനികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ 3000 പേർക്ക് ജോലി ലഭിക്കും. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്തത്.

4 വർഷത്തിനകം ഒരു ലക്ഷം ചതുരശ്ര അടിയിലേക്ക് കേന്ദ്രം വികസിപ്പിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ കേന്ദ്രമായി മാറും. ദുബായ് ഇക്കണോമിക് അജൻഡ ഡി33മായി യോജിപ്പിച്ചാണ് പദ്ധതി. ക്യാംപസിലെ സ്റ്റാർട്ടപ്പുകൾക്ക് സൂപ്പർ കംപ്യൂട്ടറിൽ പരിശീലിച്ച് ഭാവി എഐ കമ്പനികളെ സൃഷ്ടിക്കാൻ അവസരമൊരുക്കും. മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള സാങ്കേതിക പങ്കാളിത്തം ഇതിന് കരുത്തുപകരും. ഡിജിറ്റൽ പരിവർത്തന പദ്ധതികളിൽനിന്ന് ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് വർഷം 10,000 കോടി ദിർഹം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 2030ഓടെ മധ്യപൂർവദേശ സമ്പദ്‌വ്യവസ്ഥയിലേക്ക് എഐ 23,000 കോടി ഡോളർ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള നിക്ഷേപം ആകർഷിക്കാനും ഇതു വഴിയൊരുക്കും. നിർമിത ബുദ്ധിയിലൂടെ ബിസിനസ് ലളിതമാക്കാനും വിപുലീകരിക്കാനും സഹായിക്കുന്നത് പ്രാദേശിക കമ്പനികൾക്കും ഗുണം ചെയ്യും. ആമസോൺ വെബ് സർവീസസ്, എച്ച്പി, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, എൻവിഡിയ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ സഹകരണവുമുണ്ട്. ചടങ്ങിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗവർണർ ഡോ. ഇസ കാസിം, ഡിഐഎഫ്‌സി അതോറിറ്റി സിഇഒ ആരിഫ് അമീരി എന്നിവരും പങ്കെടുത്തു.

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന കേരളം ജൂലൈ മാസത്തിൽ അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്തുമെന്നാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.
വ്യവസായരംഗത്ത് നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം കൂടുന്ന ഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലും കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട് എന്നും ഇതിൻ്റെ ഭാഗമായി എ.ഐ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.

എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 7715 അധ്യാപകർക്ക് പരിശീലനം നൽകുകയും ഇതിലൂടെ ഉത്തരവാദിത്തത്തോടെയും അക്കാദമിക മൂല്യം ചോർന്നു പോകാതെയും എ ഐ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് കേരളം ഉദ്ദേശിക്കുന്നത് എന്നും മന്ത്രി കുറിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് എ.ഐ ഉപയോഗിക്കുന്നതിൽ വിപുലമായ ചുവടുവയ്പ്പ് നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വീഡിയോയും മന്ത്രി പങ്കുവെച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന കേരളം ജൂലൈ മാസത്തിൽ അന്താരാഷ്ട്ര എ.ഐ കോൺഫറൻസ് നടത്താൻ പോകുകയാണ്. വ്യവസായരംഗത്ത് നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം വർധിച്ചുവരുന്ന ഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലും നമ്മുടെ കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി എ.ഐ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ്. എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 7715 അധ്യാപകർക്ക് പരിശീലനം നൽകുകയും ഇതിലൂടെ ഉത്തരവാദിത്തത്തോടെയും അക്കാദമിക മൂല്യം ചോർന്നു പോകാതെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് കേരളം ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് എ.ഐ ഉപയോഗിക്കുന്നതിൽ ഇത്രയും വിപുലമായ ചുവടുവയ്പ്പ് നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

https://www.facebook.com/watch/?v=1173361500746485

 

ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു; പചോകി പുതിയ ചീഫ് സയന്റിസ്റ്റ്

ഓപ്പണ്‍ എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍ എഐ ശക്തമായ നിലയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് സുറ്റ്‌സ്‌കേവര്‍ കമ്പനി വിടുന്നത്.

“ഒരു ദശാബ്ദക്കാലത്തിന് ശേഷം ഞാന്‍ ഓപ്പണ്‍ എഐ വിടാന്‍ തിരുമാനിച്ചിരിക്കുന്നു. സാം ഓള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്ക്മാന്‍, മിറ മുറാട്ടി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐയ്ക്ക് എജിഐ നിര്‍മിക്കാനാവുമെന്നതില്‍ ഉറപ്പുണ്ട്.” സുറ്റ്‌സ്‌കേവര്‍ പറഞ്ഞു. ഒന്നിച്ച് പ്രവര്‍ത്തിക്കാനായത് വലിയൊരു നേട്ടമാണെന്നും എല്ലാവരേയും മിസ്സ് ചെയ്യുമെന്നും സുറ്റ്‌സ്‌കേവര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. തനിക്ക് വ്യക്തിപരമായ പുതിയ പദ്ധതികളുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇല്യ കമ്പനിയില്‍ നിന്ന് വിടവാങ്ങുന്നത് സങ്കടകരമാണെന്ന് കമ്പനി മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. നമ്മുടെ തലമുറയിലെ വലിയ മനസിനുടമയാണ് ഇല്യയെന്നും വഴികാട്ടിയാണെന്നും ഓള്‍ട്ട്മാന്‍ കൂട്ടിച്ചേർത്തു. ഒരുമിച്ച് ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ കൂടെ നിന്നതിന് ഓള്‍ട്ട്മാന്‍ ഇല്യയോട് നന്ദി പറഞ്ഞു.

സാം ഓള്‍ട്ട്മാനെ ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡിലെ അംഗമായിരുന്നു ഇല്യ സുറ്റ്‌സ്‌കേവര്‍. ഈ വിവാദങ്ങള്‍ക്കിടെയാണ് സുറ്റ്‌സ്‌കേവറിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പിന്നീട് ഓള്‍ട്ട്മാന്‍ ചുമതലയേറ്റതിന് ശേഷം പഴയ ഡയറക്ടര്‍ ബോര്‍ഡിലെ എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും സുറ്റ്‌സ്‌കേവറിനെ പുറത്താക്കിയിരുന്നില്ല. ഇല്യ കമ്പനി വിട്ടതോടെ ജാക്കുബ് പചോകി ആയിരിക്കും ഓപ്പണ്‍ എഐയുടെ ചീഫ് സയന്റിസ്റ്റെന്ന് ഓള്‍ട്ട്മാന്‍ വ്യക്തമാക്കി. ജാക്കുബും വലിയ മനസിനുടമയാണെന്നും അദ്ദേഹം ബാറ്റണ്‍ ഏറ്റെടുക്കുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.

ഓപ്പണ്‍ എഐയുടെ പ്രധാന പദ്ധതികള്‍ക്ക് ജാക്കുബ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും എജിഐയിലേക്കുള്ള തങ്ങളുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.

മനുഷ്യരെ പോലെ ഇടപഴകുവാൻ പഠിച്ച് ചാറ്റ് ജിപിടി; ‘ജിപിടി-4ഒ’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്കായി സുപ്രധാന അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി-4ഒ എന്ന പേരില്‍ പുതിയ എഐ മോഡല്‍ ഓപ്പണ്‍ എഐ തിങ്കളാഴ്ച അവതരിപ്പിച്ചു. ഒ എന്നാല്‍ ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയില്‍ പ്രൊസസ് ചെയ്യാന്‍ കഴിവുള്ള എഐ മോഡലാണിത്. ജിപിടി 4 ല്‍ ലഭ്യമായ മുന്‍നിര കഴിവുകള്‍ ജിപിടി-4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവര്‍ക്കും ലഭിക്കും.

ഓപ്പണ്‍ എഐ സിടിഒ മിറ മുറാട്ടിയാണ് ഓപ്പണ്‍ എഐയുടെ സ്പ്രിങ് അപ്‌ഡേറ്റ് ഇവന്റ് അവതരിപ്പിച്ചത്. ജിപിടി-4ഒ യ്‌ക്കൊപ്പം ചാറ്റ് ജിപിടി ഡസ്‌ക്ടോപ്പ് ആപ്പ്, വെബ്ബ് യുഐ അപ്‌ഡേറ്റ് എന്നിവയും അവതരിപ്പിച്ചു. എല്ലാ മനുഷ്യര്‍ക്കും എഐയുടെ നേട്ടങ്ങള്‍ ഉറപ്പാക്കുകയാണ് ഓപ്പണ്‍ എഐയുടെ ദൗത്യമെന്ന് മിറ മുറാട്ടി പറഞ്ഞു.

ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ് പുതിയ മോഡലിന്റെ സവിശേഷത. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടല്‍ മെനു ചിത്രമെടുത്ത് ജിപിടി-4ഒ യ്ക്ക് നല്‍കിയാല്‍ അതിലെ കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും നിര്‍ദേശങ്ങള്‍ തേടാനുമെല്ലാം സാധിക്കും. സമാനമായ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചും ജിപിടിയോട് സംവദിക്കാനാവും. ഉദാഹരണത്തിന് തത്സമയ സ്‌പോര്‍ട്‌സ് ഗെയിം ജിപിടിയെ കാണിച്ച് നിയമങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടാം. താമസിയാതെ തന്നെ പുതിയ വോയ്‌സ് മോഡും അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഓപ്പണ്‍ എഐ പറഞ്ഞു.

ഇന്ന് നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ ജെമിനി എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഓപ്പണ്‍ എഐ പുതിയ എഐ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജിപിടി -4ഒ മോഡല്‍ ഓപ്പണ്‍ എഐയുടെ ഉല്പന്നങ്ങളില്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി. പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ഇത് ഉപയോഗിക്കാനാവും.

ഓപ്പണ്‍ എഐയിലെ മുതിര്‍ന്ന ഗവേഷകരായ മാര്‍ക്ക് ചെന്‍, ബാരറ്റ് സോഫ് എന്നിവര്‍ ചേര്‍ന്നാണ് ജിപിടി -4ഒയുടെ കഴിവുകള്‍ പരിചയപ്പെടുത്തിയത്. ഒരു മനുഷ്യനോട് സംസാരിക്കുന്നതിന് സമാനമായി ചാറ്റ് ജിപിടിയുമായി ഇപ്പോള്‍ സംസാരിക്കാനാവും. ഉപഭോക്താവിന്റെ മാനസികാവസ്ഥ കൂടുതല്‍ തിരിച്ചറിയും വിധമാണ് ചാറ്റ് ജിപിടി മറുപടി നല്‍കുന്നത്. അതും തീര്‍ത്തും സ്വാഭാവികമായ മനുഷ്യസമാനമായ ഭാഷയില്‍. തമാശയും ചിരിയും ഭാവങ്ങളുമെല്ലാം നല്‍കിയാണ് ഈ മറുപടികള്‍ എന്നതും ശ്രദ്ധേയം.

സെർച്ച് എഞ്ചിൻ അല്ല; ചാറ്റ് ജിപിടിയില്‍ ‘മാജിക്’ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഓപ്പണ്‍ എഐ, ഇന്ന് പ്രഖ്യാപനം

ചാറ്റ് ജിപിടി, ജിപിടി -4 എന്നിവയുടെ പുതിയ ഫീച്ചറുകള്‍ ഓപ്പണ്‍ എഐ ഇന്ന് അവതരിപ്പിക്കും. എക്‌സ് അക്കൗണ്ടിലൂടെയാണ് ഓപ്പണ്‍ എഐ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് വെല്ലുവിളിയാവുന്ന പുതിയ ഉല്പന്നമാണ് ഓപ്പണ്‍ എഐ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും. ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ഇത് തള്ളി. ജിപിടി5, സെര്‍ച്ച് എഞ്ചിന്‍ എന്നിവയൊന്നുമല്ലെന്നും ഏറെ കാലമായി തങ്ങള്‍ കഠിനാധ്വാനം ചെയ്ത പുതിയ ചില കാര്യങ്ങളാണെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.

മാജിക്ക് ആയി തോന്നുന്ന ചിലതാണ് പുതിയ ഫീച്ചറുകള്‍ എന്നാണ് ഓള്‍ട്ട്മാന്‍ നല്‍കിയ സൂചന. ഇന്ന് രാത്രി 10.30 നാണ് പ്രഖ്യാപനം നടക്കുക. മറ്റ് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ചാറ്റ് ജിപിടിയില്‍ വെബ് പേജുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചേക്കുമെന്ന് കരുതുന്നുണ്ട്. ഇത് കൂടുതല്‍ തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ് ജിപിടിയെ പ്രാപ്തമാക്കും. നിലവില്‍ 2023 ഡിസംബര്‍ വരെയുള്ള വിവരങ്ങളാണ് ചാറ്റ് ജിപിടി നല്‍കുക.

മാജിക്ക് എന്ന വിശേഷണം പുതിയ ഫീച്ചറുകള്‍ക്ക് ഓള്‍ട്ട്മാന്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അത്ഭുതകരമായ മറ്റെന്തെങ്കിലും സംവിധാനങ്ങളും ഓപ്പണ്‍ എഐ ഇന്ന് പ്രഖ്യാപിച്ചേക്കും.

ചൊവ്വാഴ്ച ഗൂഗിള്‍ ഐ/ഒ ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് ഓപ്പണ്‍ എഐ പുതിയ ഫീച്ചറുകളുടെ പ്രഖ്യാപനങ്ങള്‍ക്കും ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഗൂഗിളിനെ വെല്ലുവിളിക്കുന്ന എന്തെങ്കിലും ഓപ്പണ്‍ എഐയുടെ പ്രഖ്യാപനത്തിലുണ്ടാകുമെന്ന സംശയത്തിന് ഇടയാക്കുന്നത്. ആന്‍ഡ്രോയിഡ് 15 ഫീച്ചറുകളും, പുതിയ എഐ സൗകര്യങ്ങളും ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

സെര്‍ച്ച് എന്‍ജിനുമായി ഓപ്പണ്‍ എഐ; 13ന് ലോഞ്ചിങ് എന്ന് സൂചന

ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്റെ വരവ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓപ്പണ്‍ എഐയുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തിങ്കളാഴ്ച സെര്‍ച്ച് സേവനം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

എഐ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം ഗൂഗിളിന് ശക്തമായ വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ചയാണ് ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനമുണ്ടായേക്കും. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിളും എഐ എഐ അധിഷ്ടിത സേവനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം. ഇതോടെ ചാറ്റ് ജിപിടിയ്ക്ക് വെബ്ബിലെ വിവരങ്ങള്‍ നേരിട്ട് എടുക്കാനും ലിങ്കുകള്‍ നല്‍കാനും സാധിക്കും.

നിലവില്‍ വിവിധങ്ങളായ വിവരങ്ങള്‍ ചാറ്റ് ജിപിടിയ്ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും വെബ്ബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിയ്ക്ക് സാധിക്കില്ല. നേരത്തെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരുന്നു.

അതേസമയം ഗൂഗിളും ജെമിനി എഐ ഉപയോഗിച്ചുള്ള കൂടുതല്‍ സെര്‍ച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുണ്ട്. ഗൂഗിളിനെ കൂടാതെ മുന്‍ ഓപ്പണ്‍ എഐ ഗവേഷകന്‍ അരവിന്ദ് ശ്രീനിവാസ് ആരംഭിച്ച പെര്‍പ്ലെക്‌സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

വമ്പൻ പ്രഖ്യാപനവുമായി മസ്ക്; ഇനി ‘എക്സ്’ വഴിയും പണമുണ്ടാക്കാം; മോണിറ്റൈസേഷനും എഐ ഓഡിയൻസ് സംവിധാനവും വരും

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാമെന്ന് ടെസ്ല സിഇഒ എലോൺ മസ്ക്. ഇതിനായി എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താൽ മതിയെന്നാണ് മസ്ക് പറയുന്നത്. സംഭവമെന്താണെന്ന് പിടികിട്ടിയില്ലേ !  യൂട്യൂബിന് സമാനമായി എക്സിൽ  മോണിറ്റൈസേഷന് തുടക്കം കുറക്കുകയാണെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകൾ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷൻ നേടാമെന്നാണ് മസ്ക് പറയുന്നത്. സഹോദരി ടോസ മസ്ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്ക് വൻ അപ്ഡേറ്റ് അറിയിച്ചിരിക്കുന്നത്.

സ്ട്രീമിങ് സർവീസായ പാഷൻ ഫ്ലിക്സിന്റെ ഉടമയാണ് ടോസ മസ്ക്. സിനിമകൾ പൂർണമായും എക്സിൽ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയൻസ് സംവിധാനം എക്സിൽ കൊണ്ടുവരുമെന്നും മസ്ക് പോസ്റ്റിൽ പറയുന്നു. പരസ്യങ്ങൾ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയൻസ്. ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ ചർച്ചയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

ലിങ്ക്ഡ്ഇൻ എന്ന പ്രൊഫഷണൽ നെറ്റ് വർക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ് ഡെവലറായ നിവ ഔജിയാണ് എക്‌സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ തൊഴിലന്വേഷകർക്ക് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ.തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് റിസൽട്ട് ഫിൽട്ടർ ചെയ്യാനുമാകും. പ്രത്യേകം കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങളും തിരയാനാവും. ഈ സൗകര്യങ്ങൾ ലിങ്ക്ഡ്ഇന്നിൽ ലഭ്യമാണ്.

എക്‌സ് ക്രിയേറ്ററായ ഡോജ് ഡിസൈറും വൈകാതെ എലോൺ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു.10 ലക്ഷം കമ്പനികളാണ് എക്‌സിൽ ഉദ്യോഗാർഥികളെ തേടുന്നതെന്ന് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ എക്‌സിൽ പങ്കുവെച്ചു കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ  ഉദ്യോഗാർഥികളെ ഈ പ്ലാറ്റ്ഫോമിൽ തേടുന്നുണ്ട്. തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ ഒട്ടേറെ മറ്റ് ഫീച്ചറുകളും മസ്‌ക് എക്‌സിൽ അവതരിപ്പിച്ചിട്ടുണ്ട്.

പന്നിയെയും ആനയെയും ഇനി എഐ തുരത്തും, കർഷകർക്കും നാട്ടുകാർക്കും എസ്എംഎസ്

എഐയുടെ സഹായത്തോടെയുള്ള നൂതന രീതികളിലൂടെ മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ്. വിദേശത്തും ഇതര സംസ്ഥാനങ്ങളും പരീക്ഷിച്ച് വിജയിച്ച പദ്ധതികളാണ് നടപ്പാക്കുക. വന്യമൃഗ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള ഏർളി വാണിംഗ് സിസ്റ്റവും ആക്രമണകാരികളായ വിവിധ മൃഗങ്ങളെ നേരിടാനുള്ള പ്രത്യേക രീതികളും ഇവയിൽപെടും.

വനാതിർത്തിയിൽ നിശ്ചിത അകലത്തിൽ തെൽമൽ ക്യാമറകൾ സ്ഥാപിച്ച് അവയെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഏർളി വാണിംഗ് സിസ്റ്റം. മൃഗങ്ങളുടെ സാന്നിദ്ധ്യമറിഞ്ഞ് എസ്.എം.എസ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഉദ്യോഗസ്ഥർക്കും സ്ഥലവാസികൾക്കും മറ്റും മുന്നറിയിപ്പ് നൽകും. ഇതിലൂടെ തക്കസമയത്ത് ഇടപെടാനും മുൻകരുതലെടുക്കാനുമാകും.

ഇതോടൊപ്പം വിവിധ മൃഗങ്ങളെ നേരിടാൻ തനതായ രീതിയുണ്ടാക്കാനുമാണ് (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-എസ്.ഒ.പി) ഒരുങ്ങുന്നത്. ആനയെ നേരിടുന്ന രീതി കടുവയ്ക്ക് യോജിക്കില്ല. മൃഗങ്ങളുടെ സ്വഭാവ, പെരുമാറ്റ രീതികൾ പഠിച്ചാണിത് തയ്യാറാക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങളെയും ബോധവത്കരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര, ദേശീയ തലങ്ങളിലെ വിദഗ്ദ്ധരടങ്ങുന്ന സമിതി യോഗം ചർച്ച ചെയ്തു. ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രശ്‌നപരിഹാരം നിർദ്ദേശിക്കാൻ വിദഗ്ദ്ധ സമിതിയംഗങ്ങളെ ഉൾപ്പെടുത്തി തുടർയോഗങ്ങളും ശിൽപശാലകളും നടത്തി ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ ആവിഷ്‌കരിക്കും. ദുരന്തനിരവാരണ അതോറിറ്റിയുടെയും ജനങ്ങളുടെയും സഹകരണം തേടും.

വനത്തിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചാകുന്നത് തടയാനും എ.ഐ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ക്യാമറകൾ സ്ഥാപിച്ചേക്കും. ലോക്കോ പൈലറ്റിന് മൃഗസാന്നിദ്ധ്യം തിരിച്ചറിയാൻ ഇതുപകരിക്കും. വാളയാറിൽ നിരവധി ആനകൾ ട്രെയിനിടിച്ച് ചാകാറുണ്ട്. വാളയാറിനപ്പുറം തമിഴ്‌നാട് ഈ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് വിവരം.

ഒപ്പം വനത്തിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തും. ഉൾവനത്തിൽ ജലലഭ്യത ഉറപ്പാക്കും. അധിനിവേശ സസ്യങ്ങളെ നശിപ്പിക്കും.
വകുപ്പുകളുടെ ചുമതലകൾക്ക് മാർഗരേഖയുണ്ടാക്കും.

 

കടുവയെ പിടിക്കാൻ കിടുവയല്ല, കടുവ തന്നെ രംഗത്ത്; ഡീപ് ഫേക്കുകൾക്ക് പിടി വീഴും..!

എഐ മേഖലയുടെ കടന്നുവരവോടൊപ്പം തന്നെ ഏറെ ചർച്ചയായ ഒന്നാണ് ഡീപ് ഫേക്കുകൾ. എഐയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയയിലേക്ക് അവ വളരുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിലയ്ക്ക് നിർത്താനുള്ള ബാധ്യതയും ഐഐയ്ക്ക് തന്നെയാണ്. ആ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുകയാണ് ഓപ്പൺ എഐ.

എഐ നിര്‍മിത ചിത്രങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ ടൂള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. കമ്പനിയുടെ തന്നെ ഡാല്‍ഇ (DALL·E) എന്ന ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ നിര്‍മിച്ച ചിത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ടൂളാണ് അവതരിപ്പിച്ചത്.

തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പടെ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ വ്യാജ വിവര പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും അവയ്ക്ക് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവുമെന്നുമുള്ള വിമര്‍ശനം വ്യാപകമായ സാഹചര്യത്തിലാണ് മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ കണ്ടെത്താനാവുന്ന ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡാല്‍-ഇ3 (DALL·E3) ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ 98 ശതമാനവും കണ്ടെത്താനുള്ള ശേഷി ഈ ടൂളിനുണ്ടെന്നാണ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ കമ്പനി പറയുന്നത്.  ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താലും, കംപ്രസ് ചെയ്താലും, സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഈ ടൂളിന് കണ്ടെത്താനാവും.

എഐ നിര്‍മിത ഉള്ളടക്കങ്ങളില്‍ എഡിറ്റിങ്ങിലൂടെ മാറ്റാനാവാത്ത വാട്ടര്‍മാര്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനമൊരുക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

ഇന്ത്യയിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് എഐ ഉള്ളടക്കങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. യുഎസിലും, പാകിസ്താനിലും, ഇന്‍ഡൊനീഷ്യയിലുമെല്ലാം ഡീപ്പ് ഫേക്കുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേസമയം ഡീപ്പ് ഫേക്കുകള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ഈ ടൂള്‍ എന്ന് ഓപ്പണ്‍ എഐ പറയുന്നു. ഗവേഷകര്‍ക്കിടയിലാണ് ഈ ടൂള്‍ ലഭ്യമാക്കുക. ഇവര്‍ ഈ ടൂള്‍ പരീക്ഷിക്കുകയും അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

Select Language »