ഓപ്പണ്‍ എഐയിൽ നിക്ഷേപത്തിനില്ല; ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍

ഓപ്പണ്‍ എഐയില്‍ നിക്ഷേപത്തിനില്ലെന്ന് ആപ്പിള്‍. 650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി മൈക്രോസോഫ്റ്റില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞമാസമാണ് ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി ആപ്പിളുമായുള്ള ചര്‍ച്ച നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2022 ല്‍ ചാറ്റ് ജിപിടി പുറത്തിറക്കിയതോടെ ശ്രദ്ധേയരായ ഓപ്പണ്‍ എഐ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിരക്കാരാണ്.

എഐ രംഗത്തെ മത്സരത്തിന്‍ മുന്നേറാനും വിപണി വിഹിതം പിടിച്ചെടുക്കാനും കോടിക്കണക്കിന് തുക നിക്ഷേപം നടത്താനുള്ള ശ്രമങ്ങളിലാണ് വ്യവസായങ്ങളിലുടനീളമുള്ള കമ്പനികള്‍.

ഓപ്പണ്‍ എഐയെയും ഗൂഗിളിനെയും പിന്നിലാക്കി ഇന്ത്യയിലെ എഐ സ്റ്റാര്‍ട്ടപ്പായ ജിവി

മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആയ ജിവി മെഡ്എക്സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ്  ലോക റാങ്കിങിൽ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4 ഗൂഗിളിന്‍റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്കോര്‍ നേടിയാണ് ജിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാരത് പേ ചീഫ് പ്രൊഡക്ട് ഓഫീസര്‍ അങ്കുര്‍ ജെയിന്‍, റെഡ്ഡി വെഞ്ച്വേര്‍സ് ചെയര്‍മാന്‍ ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകര്‍.

ഹഗ്ഗിംഗ് ഫെയ്സ്, എഡിന്‍ബറോ യൂണിവേഴ്സിറ്റി, ഓപ്പണ്‍ ലൈഫ് സയന്‍സ് എഐ  എന്നീ മുന്‍നിര എഐ പ്ലാറ്റ്ഫോമുകളാണ് മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എല്‍എല്‍ എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിങ് പ്രക്രിയ സങ്കടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള എല്‍എല്‍എമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എയിംസ്, നീറ്റ് എന്നീ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, യുഎസ്  മെഡിക്കല്‍ ലൈസന്സ് പരീക്ഷകള്‍, ക്ലിനിക്കല്‍ നോളജ്, മെഡിക്കല്‍ ജനിറ്റിക്സ്, പ്രൊഫഷണല്‍ മെഡിസിന്‍ എന്നിവയിലെ വിശദമായ വിലയിരുത്തലുകള്‍ എന്നിവ നടത്തിയതില്‍ നിന്നാണ് ജിവി മെഡ്എക്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ലക്ഷക്കണക്കിനു വരുന്ന മെഡിക്കല്‍ ഗവേഷണ പ്രബന്ധങ്ങള്‍, ജേര്‍ണലുകള്‍, ക്ലിനിക്കല്‍ നോട്ടുകള്‍ തുടങ്ങി നിരവധി സ്രോതസുകളാണ് ജിവി മെഡ്എക്സിന് വേണ്ടി ജിവി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഡയഗ്നോസ്റ്റിക്സ് ത്വരിതപ്പെടുത്തി ഉയര്‍ന്ന കൃത്യത ഉറപ്പാക്കി  എല്ലാവര്‍ക്കും കൃത്യസമയത്തും കൃത്യവുമായ ചികിത്സ ലഭ്യമാക്കാൻ സഹായകമാകുമെന്ന് ജിവി സഹസ്ഥാപകനും സിഇഒയുമായ അങ്കുര്‍ ജെയിന്‍ പറഞ്ഞു. ആഗോളതലത്തില്‍ എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. ഒരു ബില്യണിലധികം ആളുകളിലേക്ക് ജിവിയെ എത്തിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ എല്‍എല്‍എം ഏറ്റവും മികച്ചതായതില്‍ അഭിമാനമുണ്ടെന്ന് സഹസ്ഥാപകനും ചെയര്‍മാനുമായ സഞ്ജയ് റെഡ്ഡി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം, സ്മാർട്ട്‌ ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും: വി ശിവൻകുട്ടി

ന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതികൾ അധ്യാപകർക്ക് നൽകുമെന്നും പോക്സോ നിയമങ്ങളെ സംബന്ധിച്ച് കുട്ടികൾക്കും അധ്യാപർക്കും അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട്‌ ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും.

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾ ഇനി എഐ പഠിക്കും; രാജ്യത്താദ്യമായി എഐ പഠനം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി കേരളം

സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഐസിടി പാഠപുസ്‌തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യയത്തിലെ പ്രവർത്തനം. കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് ഭാവങ്ങൾ വരെ തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേപോലെ എഐ പഠിക്കാൻ അവസരം ലഭിക്കുന്നത്.

ഈ അധ്യയന വർഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐസിടി പുസ്‌തകങ്ങളെത്തുന്നത്. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്‌ന നിർധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സർവതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ പരാമർശിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐസിടി പാഠപുസ്‌തകങ്ങളിൽ നൽകിയിട്ടുണ്ട്.

സ്‌ക്രാച്ചിൽ വിഷ്വൽ പ്രോഗ്രാമിംഗ് പഠിച്ച് മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിംഗ്, എ.ഐ., റോബോട്ടിക്‌സ് തുടങ്ങിയവ പരിശീലിക്കാൻ സമാനമായ ‘പിക്‌റ്റോബ്ലോക്ക്’ പാക്കേജാണ് പാഠപുസ്‌തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ മുഴുവൻ സോഫ്റ്റ്‌വെയറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കും.

ഒന്ന്, മൂന്ന് ക്ലാസുകളിലേയ്ക്കുള്ള പുതിയ ഐസിടി പാഠപുസ്‌തകത്തിൽ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം, ചതുഷ്‌ക്രിയകൾ, താളം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്‌ടിവേറ്റ്, ഒമ്‌നിടെക്‌സ്, ടക്‌സ്‌പെയിന്‍റ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്‌ഠിത എഡ്യൂക്കേഷൻ ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്‌നൽ, വേസ്‌റ്റ് ചാലഞ്ച് ആപ്ലിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങൾ, മാലിന്യ നിർമാർജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്‌തകത്തിലുണ്ട്.

ഒരേ സമയം ജീവിത നൈപുണി പരിപോഷിക്കുന്ന പ്രായോഗിക ഐസിടി പ്രവർത്തനങ്ങൾ അവതരിപ്പിക്കുമ്പോഴും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായിക്കുകയും സൈബർ സുരക്ഷ, വ്യാജവാർത്ത തിരിച്ചറിയൽ തുടങ്ങിയവയ്ക്ക് മാർഗ നിർദേശം നൽകുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഐസിടി പാഠപുസ്‌തകങ്ങളെന്ന് ഐസിടി പാഠപുസ്‌തക സമിതി ചെയർമാനും കൈറ്റ് സി.ഇ.ഒ.യുമായ കെ. അൻവർ സാദത്ത് പറഞ്ഞു.

പുതിയ ഐസിടി പാഠപുസ്‌തകങ്ങളിൽ മുഴുവൻ പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചതനുസരിച്ച് ജൂൺ മാസം മുതൽ പരിശീലനം ആരംഭിക്കും. അടുത്ത വർഷം 2, 4, 6, 8, 9, 10 ക്ലാസുകൾക്ക് പുതിയ ഐസിടി പാഠപുസ്‌തകങ്ങളും വരും. അധ്യാപകർക്കുള്ള എഐ പരിശീലനം മെയ് മാസത്തിൽ 20120 അധ്യാപകർ പൂർത്തിയാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ച് ഓപ്പണ്‍ എഐ

സര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി 4ഒയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാവുകയും ഡാറ്റ അനാലിസിസ്, വെബ് ബ്രൗസിങ്, ഡെക്യുമെന്റ് സമ്മറൈസേഷന്‍ ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്യാനും സാധിക്കും. താങ്ങാവുന്ന വിലയില്‍ എന്റര്‍പ്രൈസ് ലെവലിലുള്ള സുരക്ഷയും ചാറ്റ് എഡ്യൂ വാഗ്ദാനം ചെയ്യുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍, ടെക്‌സാസ് സര്‍വകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ലഭ്യമാക്കിയ ചാറ്റ്ജിപിടി എന്റര്‍പ്രൈസ് പതിപ്പിന്റെ വിജയത്തിന് പിന്നാലെയാണ് ചാറ്റ്ജിപിടി എഡ്യു അവതരിപ്പിച്ചത്.

കാമ്പസുകളുടെ വിദ്യാഭ്യാസ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ചിരിക്കുന്നത്. ജിപിടി 4ഒയുടെ വിശകലന കഴിവുകളും, കോഡിങ്, ഗണിത ശാസ്ത്ര കഴിവുകളും ഇതില്‍ ഉപയോഗിക്കാനാവും. വെബ് ബ്രൗസിങ് സൗകര്യവുമുണ്ട്. രേഖകളുടെ സംഗ്രഹം തയ്യാറാക്കാനും ഇത് ഉപയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം കസ്റ്റം ചാറ്റ് ജിപിടി പതിപ്പുകള്‍ നിര്‍മിക്കാനാവും. 50 ഭാഷകള്‍ പിന്തുണയ്ക്കും.

എഐയുടെ പിന്തുണയോടുകൂടി സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനും ചാറ്റ് ജിപിടി എഡ്യുവിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഓപ്പണ്‍ എഐയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

 

ഓപ്പണ്‍ എഐ വീണ്ടും റോബോട്ടിക്‌സ് രംഗത്തേക്ക്..?

ഓപ്പണ്‍ എഐ വീണ്ടും റോബോട്ടിക്‌സ് രംഗത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ റോബോട്ടിക്‌സ് ടീമിലേക്കുള്ള ഗവേഷകരെ തേടുകയാണ് ഇപ്പോള്‍ കമ്പനി. കമ്പനിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന റോബോട്ടിക്‌സ് ടീമിനെ 2020 ലാണ് കമ്പനി പിരിച്ചുവിട്ടത്. ഇപ്പോള്‍ വീണ്ടും ഈ വിഭാഗം പുനര്‍നിര്‍മിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചിലരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്.

കമ്പനി മേധാവി സാം ഓള്‍ട്ട്മാന്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പുതിയ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ കമ്പനി ക്ഷണിച്ചിട്ടുണ്ട്.

സ്വന്തം റോബോട്ടിക്‌സ് ടീം പിരിച്ചുവിട്ടെങ്കിലും ഓപ്പണ്‍ എഐ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട് വഴി റോബോട്ടിക്‌സില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫിഗര്‍ എഐ, 1എക്‌സ് ടെക്‌നോളജീസ്, ഫിസിക്കല്‍ ഇന്റലിജന്‍സ് തുടങ്ങിയ കമ്പനികള്‍ അതില്‍ ചിലതാണ്.

റോബോട്ടിക്‌സില്‍ ഓപ്പണ്‍ എഐ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. ഫിഗര്‍ എഐ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഓപ്പണ്‍ എഐയുടെ എഐ മോഡലിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ചിരുന്നു.

ടെക്‌സ്റ്റും, ശബ്ദവും, കാഴ്ചയും പ്രോസസ് ചെയ്യാനാവുന്ന ജിപിടി 4ഒ മോഡല്‍ അടുത്തിടെ ഓപ്പണ്‍ എഐ അവതരിപ്പിച്ചിരുന്നു. ഇത് റോബോട്ടുകളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അനുയോജ്യമാണ്.

അതേസമയം, മറ്റ് റോബോട്ടിക് കമ്പനികളുമായി നേരിട്ട് മത്സരിക്കാന്‍ ഓപ്പണ്‍ എഐയ്ക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം മറ്റ് റോബോട്ടിക് കമ്പനികള്‍ക്ക് അവരുടെ റോബോട്ടുകളില്‍ ഉപയോഗിക്കാനാവുന്ന സാങ്കേതിക വിദ്യ നിര്‍മിക്കാനാവും ഓപ്പണ്‍ എഐയുടെ ശ്രമം.

പുതിയ ജീവനക്കാരെ ആവശ്യപ്പെട്ടുള്ള പരസ്യത്തില്‍, എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി പുറത്തുനിന്നുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനകം, ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യകള്‍ വിവിധ കമ്പനികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ പുതിയ ഐഒഎസ് 18 ല്‍ ഓപ്പണ്‍ എഐയുടെ എഐ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. ആപ്പിളിന്റെ സിരി വിര്‍ച്വല്‍ അസിസ്റ്റന്റിന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് പുതിയ എഐ അപ്‌ഡേറ്റുമായി ട്രൂകോളര്‍

മൈക്രോസോഫ്റ്റുമായി സഹകരിച്ച് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്‌സണൽ വോയ്‌സ് അസിസ്റ്റൻസ് സാങ്കേതികവിദ്യ ട്രൂകോളറിൽ എത്തിക്കുകയാണ് ലക്ഷ്യം. അഷ്വർ എഐ സ്പീച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുക. ട്രൂകോളര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

നിലവില്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്റ് ലഭ്യമാണ്. 2022-ലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. കോള്‍ എടുക്കുക, അവ സ്‌ക്രീന്‍ ചെയ്യുക, കോള്‍ റെക്കോര്‍ഡ് ചെയ്യുക തുടങ്ങി പലവിധ ജോലികള്‍ ചെയ്യാന്‍ ഇതിനാവും. ഈ ഫീച്ചര്‍ പക്ഷെ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. ഇപ്പോള്‍ പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അസിസ്റ്റന്റ് അപ്‌ഗ്രേഡ് ചെയ്യുകയാണ് ട്രൂ കോളര്‍.

ട്രൂകോളര്‍ എഐ അസിസ്റ്റന്റിന്റെ ലൈവ് കോള്‍ സ്‌ക്രീനിങ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ട്രൂകോളര്‍ എഐ അസിസ്റ്റന്റ് ഫോണ്‍ വിളിക്കുന്ന ആളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അതിനനുസരിച്ച് കോള്‍ കൈമാറുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐയുടെ സഹായത്തോടെ ഉപഭോക്താവിന്റെ സ്വന്തം ശബ്ദം തന്നെ ഈ വോയ്‌സ് അസിസ്റ്റന്റിന് നല്‍കാനാവും.

ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ കോള്‍ അനുഭവം മെച്ചപ്പെടുമെന്ന് ട്രൂകോളര്‍ പറയുന്നു. ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ട്രൂ കോളര്‍ പുറത്തുവിട്ടിട്ടുണ്ട്. ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഇതുവരെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ത്യ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ചിലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ സൗകര്യം എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ ട്രൂ കോളര്‍ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത് ലഭിക്കൂ. അസിസ്റ്റന്റ് സെറ്റിങ്‌സില്‍ നിന്ന് നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ വോയ്‌സ് അസിസ്റ്റന്റിന് നിങ്ങളുടെ ശബ്ദം നല്‍കാനാവും.

ആപ്പിളിനെ കടത്തിവെട്ടാൻ എഐ കംപ്യൂട്ടറുകളുമായി മൈക്രോസോഫ്റ്റ്

സമസ്ത മേഖലയിലും വൻമാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നേറുകയാണ് എഐ. ഈ സാഹചര്യത്തിൽ പുതിയ കംപ്യൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും നൂതന ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ തലമുറ മെഷീന്‍സ് വാങ്ങാന്‍ ശ്രമിക്കുന്നതായിരിക്കും ഉചിതം. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ പുതിയ വിഭാഗം കംപ്യൂട്ടറുകളാണ് ‘എഐ-റെഡി’ പിസികള്‍. ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ വിന്‍ഡോസിലേക്ക് നേരിട്ട് ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിക്കുന്നെ മെഷീനുകള്‍ക്കാണ് എഐ റെഡി എന്ന വിവരണം നല്‍കിയിരിക്കുന്നത്.

12 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 50 ദശലക്ഷം കംപ്യൂട്ടറുകള്‍ വില്‍ക്കാനാണ് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നത്. ലോകമെമ്പാടും ചാറ്റ്ജിപിറ്റി-സ്റ്റൈല്‍ കംപ്യൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു എന്നതാണ് കമ്പനിയെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മുമ്പില്ലാതിരുന്ന രീതിയല്‍ കരുത്തുകാട്ടാന്‍ ശേഷിയുള്ള പുതിയ കംപ്യൂട്ടറുകളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന്, റെഡ്മണ്ടില്‍ സംഘടിപ്പിച്ച അവതരണ മീറ്റിങില്‍ സംസാരിച്ച നാദെല പറഞ്ഞു. പുതിയ വിഭാഗത്തെ ‘കോപൈലറ്റ് പ്ലസ്’ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ചാറ്റ്ജിപിടി ശൈലി പേറുന്ന എഐയെ മൈക്രോസോഫ്റ്റ് വിളിക്കുന്നത് കോപൈലറ്റ് എന്നാണ്. ഇവയാണ് ഏറ്റവും വേഗതയേറിയ, എഐ-സജ്ജമായ കംപ്യൂട്ടറുകള്‍. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് എഐയുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത് മൈക്രോസോഫ്റ്റ് തന്നെയാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കമ്പനിയുടെ ടീംസ്, ഔട്ട്‌ലുക്ക്, വിന്‍ഡോസ് ഒഎസ് തുടങ്ങിയവയിലൊക്കെ കോപൈലറ്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.

പുതിയ മാറ്റങ്ങള്‍ കംപ്യൂട്ടര്‍ പ്രേമികളെ ആകര്‍ഷിച്ചേക്കുമെന്നു തന്നെയാണ് കമ്പനി കരുതുന്നത്. വളരെ കാലത്തിനിടയ്ക്ക് അര്‍ത്ഥവത്തായ മികവുകള്‍ പുതിയ തലമുറ കംപ്യൂട്ടറുകളില്‍ കാണാമെന്നാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് യുസുഫ് മെഹ്ദി പറഞ്ഞത്. കോപൈലറ്റ് പ്ലസ് വിവരണത്തോടു കൂടെ എത്തുന്ന കംപ്യൂട്ടറുകള്‍ ആപ്പിളിന്റെ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് എയര്‍ മെഷീനുകളേക്കാള്‍ 58 ശതമാനം അധിക കരുത്തുള്ളവയാണെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ലെനോവോ, ഡെല്‍, എയ്‌സര്‍, എച്പി തുടങ്ങിയ കംപ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികളും തങ്ങള്‍ ഉടനെ കോപൈലറ്റ് പ്ലസ് സോഫ്റ്റ്‌വെയര്‍ പേറുന്ന കംപ്യൂട്ടറുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തരം കംപ്യൂട്ടറുകളുടെ ഏറ്റവും വലിയ സവിശേഷത ഇവയ്ക്ക് സ്വന്തമായി എഐ ഡാറ്റാ പ്രൊസസിങ് നടത്താന്‍ സാധിക്കുമെന്നതാണ്. അതായത്, നിലവിലുള്ള പല കംപ്യൂട്ടറുകളെയും പോലെ ഡാറ്റ ക്ലൗഡിലേക്ക് അയച്ച് പ്രൊസസു ചെയ്ത് തിരിച്ചെത്താന്‍ കാത്തിരിക്കേണ്ട. സബ്‌സ്‌ക്രിപ്‌ഷൻ ചെയ്ത് ഉപയോഗിക്കേണ്ട സാഹചര്യവും ഒഴിവാക്കാനാകും. തത്സമയ തര്‍ജ്ജമ, ഇമേജ് ജനറേഷന്‍, കംപ്യൂട്ടറുമായി ഇന്ന് സാധ്യമായ ഏറ്റവും നൂതന രീതിയിലുള്ള ഇടപെടല്‍ ഇവയെല്ലാം പുതിയ തലമുറ പിസികളില്‍ ലഭ്യമാണ്. ചാറ്റുകളും, ലളിതമായ പ്രൊംപ്റ്റുകളും മാത്രംഉപയോഗിച്ചാല്‍ പല കാര്യങ്ങളും നിര്‍വ്വഹിക്കാം. നേരത്തെ ചെയ്തിരുന്നതു പോലെ ഫയലുകളില്‍ ക്ലിക്കു ചെയ്യുകയോ, ഡ്രോപ്ഡൗണ്‍ മെനുകളില്‍ പരതുകയോ വേണ്ടെന്ന് കമ്പനി പറയുന്നു.

മൊത്തം മൂല്യത്തിന്റെ കാര്യത്തില്‍ ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനി എന്ന വിവരണം സ്വന്തമാക്കിയ മൈക്രോസോഫ്റ്റിന്റെ നേട്ടം വോള്‍ സ്ട്രീറ്റും ആഘോഷിച്ചു. ചാറ്റ്ജിപിറ്റിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ 13 ബില്ല്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റ് ഇതുവരെ നിക്ഷേപിച്ചിരിക്കുന്നത്. പകരം, ഓപ്പണ്‍എഐയുടെ ജിപിറ്റി-4 ടെക്സ്റ്റ്, ഡാല്‍-ഇ ഇമേജ് ജനറേഷന്‍ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിന് ലഭിച്ചിരിക്കുന്നതാണ് കമ്പനിയുടെപുതിയ കുതിപ്പിന് കാരണം.

പുതിയ തലമുറയിലെ മെഷീനുകള്‍ക്ക് മാക് ശ്രേണികളോട് കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് നദെല. അതിനായി ഇവയില്‍ സവിശേഷ എഐ ചിപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് മൊത്തത്തിലുള്ള കരുത്തും വര്‍ദ്ധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ആപ്പിള്‍ ഗംഭീര പ്രകടനമാണ് നടത്തിവന്നത്. ഇപ്പോള്‍ മൈക്രോസോഫ്റ്റ് ആപ്പിളിനോട് മത്സരിക്കാന്‍ കെല്‍പ്പ് ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്.

പുതിയ തലമുറയിലെ എഐ കംപ്യൂട്ടറുകളുടെ വില ആരംഭിക്കുന്നത് 1000 ഡോളര്‍ മുതലാണ്. ഇവ ജൂണ്‍ 18 മുതല്‍ വാങ്ങാന്‍ സാധിക്കും. മൈക്രോസോഫ്റ്റിന് ആപ്പിളിനെ മറികടക്കാന്‍ സാധിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള മത്സരം ഉപയോക്താക്കള്‍ക്ക് ഗുണംചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എഐ അപ്‌ഡേഷനുമായി വന്‍ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്

ദിനംപ്രതി പുത്തൻ അപ്‌ഡേഷനുകൾ അവതരിപ്പിച്ചു മുന്നേറുകയാണ് വാട്സാപ്. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഇപ്പോള്‍ വാട്സാപ്പില്‍ മാറ്റങ്ങള്‍ വരുന്നത്. ഫീച്ചറുകളായാലും കാഴ്ചയിലായാലും ഇന്നെന്താ മാറ്റം എന്നാലോചിച്ച് വാട്സാപ്പ് തുറക്കേണ്ട അവസ്ഥയാണിപ്പോള്‍. എഐ ഉപയോഗിച്ചുള്ള ഒട്ടേറെ ഫീച്ചറുകള്‍ വരാനിരിക്കുന്നു. അതില്‍ ഏറ്റവും കൗതുകമുള്ള ഒന്നാണ് എഐ പ്രൊഫൈല്‍ ഫോട്ടോകള്‍. പുതിയ അപ്ഡേറ്റിന്റെ ബീറ്റ വേര്‍ഷനില്‍ ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

പഴ്സണലൈസ്ഡ് എക്സ്പീരിയന്‍സിനും കൂടുതല്‍ യൂസര്‍ ഇന്ററാക്ഷനും വേണ്ടിയാണ് പുതിയ നീക്കമെന്ന് ‘വാബീറ്റ ഇന്‍ഫോ’ വ്യക്തമാക്കുന്നു. ഈ അപ്ഡേറ്റ് വൈകാതെ ബീറ്റ വേര്‍ഷനിലും തുടര്‍ന്ന് യൂസര്‍മാര്‍ക്കും ലഭ്യമാകും. പുതിയ ഫീച്ചര്‍വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യം അനുസരിച്ച് എഐ സഹായത്തോടെ പ്രൊഫൈല്‍ പിക്ചറുകള്‍ സൃഷ്ടിക്കാം.

ഏതുതരം ചിത്രമാണ് വേണ്ടതെന്ന് എഐ ടൂളിന് നിര്‍ദേശം നല്‍കണം. ഈ പ്രോംപ്റ്റ് അടിസ്ഥാനമാക്കി പ്രൊഫൈൽ ഫോട്ടോ സൃഷ്‌ടിക്കാൻ കഴിയും. പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കളുടെ പ്രൊഫൈലിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

എഐ ക്രിയേറ്റ് ചെയ്യുന്ന ഫോട്ടോകളാകുമ്പോള്‍ നമ്മുടെ സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നില്ല. ഒറിജിനല്‍ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കുറയും. ചിത്രങ്ങളുടെ സ്ക്രീന്‍ഷോ‌ട്ട് തടയുന്നത് ഉള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ വാട്സാപ്പ് കൊണ്ടുവന്നിട്ടുണ്ട്.

കണ്ണൂരിലേക്ക് വരൂ, സംസാരിക്കുന്ന ‘നായനാരെ’ കാണാം.. സംവദിക്കാം..

“ആരാണ് സഖാവിന്റെ രാഷ്ട്രീയഗുരു..?”

-ചോദ്യം ‘ഇ.കെ. നായനരോ’രോടാണ്?
ചോദിച്ചത് സി.പി.എം. സംസഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ചെറുവാചകങ്ങളായി തുടങ്ങി ഒടുവിൽ ഉത്തരമെത്തി

“ശാരദയുടെ അമ്മാവന്‍ ഗോപാലന്‍..”

കണ്ടു നിന്നവർ പുഞ്ചിരി തൂകി

“ഏതായിരുന്നു സഖാവിന്റെ ആദ്യ രാഷ്ട്രീയസമരം..?”

എംവി. ജയരാജന്റെ ചോദ്യം.

“1936-ലെ ആറോണ്‍ മില്‍സമരം..”

ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം. കണ്ണൂർ പയ്യാമ്പലത്തെ ഇ.കെ. നായനാര്‍ അക്കാദമിയില്‍. അവിടെയൊരുക്കിയ മ്യൂസിയം ഒരു കാലഘട്ടത്തിന്റെ പോരാട്ടങ്ങളുടെ, നേതാക്കളുടെ ജീവിതത്തിന്റെ സ്മരണകളിരമ്പുന്ന രണസ്മാരകം കൂടിയാണ്. മുന്‍ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ മേയ് 19 ഞായറാഴ്ച മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

എഐ ഉപയോഗിച്ചാണ് ‘സംസാരിക്കുന്ന നായനാരെ’ അവതരിപ്പിച്ചിരിക്കുന്നത്. ഹോളോഗ്രാം വിദ്യയിലൂടെയുള്ള ഡിജിറ്റല്‍ ദൃശ്യത്തില്‍ പൂര്‍ണകായ നായനാര്‍ തെളിഞ്ഞുവരും. നായനാരുടെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍മുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണംവരെയുള്ള പത്തിലേറെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി കിട്ടും.

മൂന്നുനിലകളിലായി ദൃശ്യ-ശ്രവ്യലോകമാണ് മ്യൂസിയത്തില്‍ തുറന്നത്. നായനാരുടെ രാഷ്ട്രീയജീവിതത്തിന്റെ ഡിജിറ്റല്‍ പുനരാവിഷ്‌കാരമാണ് പ്രത്യേകത. നായനാരുടെ ഡയറികള്‍ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. നായനാര്‍, പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ.ജി., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരുടെ പൂര്‍ണകായ മെഴുകുപ്രതിമകളുമുണ്ട്. മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന ടെലിവിഷന്‍ ചാനല്‍ പരിപാടി ഒട്ടേറെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഒന്നിച്ചുകാണാം. യുവാവായ നായനാര്‍, കുറ്റിത്താടിയുള്ള നായനാര്‍ -ചിരപരിചിതമായ ഫോട്ടോകള്‍ക്കൊപ്പം നായനാരുടെ അപൂര്‍വമായ ദൃശ്യങ്ങളുമുണ്ട്.

നായനാരുടെ വായനമുറിയാണ് മറ്റൊരു ആകര്‍ഷണം. അദ്ദേഹം ഉപയോഗിച്ച ചാരുകസേര, മേശ, പുസ്തകങ്ങള്‍, ഫാന്‍, പുസ്തക അലമാര എന്നിവ ക്രമീകരിച്ചിട്ടുണ്ട്. തൊട്ടടുത്തായി അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്‍സ്റ്റലേഷനായി ചരടില്‍ തൂക്കിയിട്ടിരിക്കുന്നു. ഒരു അലമാരയില്‍ നായനാര്‍ രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Select Language »