നിങ്ങളറിയാതെ നിങ്ങളെ നിരീക്ഷിക്കുന്ന എഐ സോഫ്‌റ്റ്‌വെയര്‍ രംഗത്ത്. ഈ സോഫ്റ്റ്‌വെയര്‍ നിശ്ചിത ഇടവേളകളില്‍ നിങ്ങളുടെ ഡെസ്ക്ടോപ്പിന്‍റെ സ്ക്രീൻഷോട്ടുകള്‍ എടുക്കും. മാത്രമല്ല, കമ്പ്യൂട്ടറിൽ നിങ്ങൾ ഓപ്പൺ ചെയ്യുന്ന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതുവഴി നിരീക്ഷിക്കാനാകും. എത്ര തവണ ഇടവിട്ട് നിങ്ങളൊരു പ്രോഗ്രാം ഓപ്പണാക്കുന്നു, ക്ലോസ് ചെയ്യുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം എഐ സോഫ്‌റ്റ്‌വെയര്‍ നിരീക്ഷിക്കും.
എന്തിനും എതിനും എഐയെ പ്രയോജനപ്പെടുത്തുന്ന കാലമാണിത്. അപ്പോഴാണ് ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനായി തൊഴിലുടമകളെ സഹായിക്കുന്ന എഐ സോഫ്‌റ്റ്‌വെയറിന്‍റെ വരവ്. ‘ഡിസ്റ്റോപ്പിയൻ’ എന്ന് പേരുള്ള ഈ പ്രൊഡക്റ്റിവിറ്റി മോണിറ്ററിംഗ് എഐ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് വേണ്ടിയും അവരെ എങ്ങനെ ഒഴിവാക്കാമെന്ന നിർദേശങ്ങൾ മുന്നോട്ടുവെക്കാനും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
ഒരു റെഡിറ്റ് ഉപയോക്താവാണ് ഇത്തരമൊരു സോഫ്‌റ്റ്‌വെയറിനെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിവിധ ഘടകങ്ങൾ വിലയിരുത്തി തൊഴിലാളികളുടെ കാര്യക്ഷമത സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു ‘പ്രൊഡക്ടിവിറ്റി ഗ്രാഫ്’ സൃഷ്ടിക്കുന്നതിനൊപ്പം, കാര്യക്ഷമതയില്ലെന്ന് തോന്നുന്ന തൊഴിലാളികളെ പിരിച്ചുവിടാൻ ഈ സോഫ്റ്റ്‌വെയർ തൊഴിലുടമകൾക്ക് നിർദേശവും നല്‍കും. പൂർണമായ കീ ലോഗിംഗും മൗസിന്‍റെ ചലനങ്ങളുമെല്ലാം ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിരീക്ഷിക്കാനാകുമെന്ന ഗുണവുമുണ്ട്. ലൈവ് റെക്കോഡിംഗും പ്രോഗ്രോമിൽ എവിടെയാണ് നിങ്ങൾ കൂടുതൽ തവണ ക്ലിക്ക് ചെയ്യുന്നത് എന്നതനുസരിച്ചുളള ഹീറ്റ് മാപ്പും ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കും.
ജീവനക്കാരെ പ്രത്യേക ‘ജോലി വിഭാഗത്തിൽ’ ഉൾപ്പെടുത്തി വേർതിരിക്കാനുള്ള സൗകര്യവും ഈ സോഫ്റ്റ്‌വെയറിലുണ്ട്. ജീവനക്കാരുടെ മൗസിന്‍റെ ചലനങ്ങൾ, അവർ എവിടെ ക്ലിക്ക് ചെയ്യുന്നു, എത്ര വേഗത്തിൽ ടൈപ്പ് ചെയ്യുന്നു, എത്ര തവണ ബാക്ക്സ്പേസ് ഉപയോഗിക്കുന്നു, ഏതൊക്കെ സൈറ്റുകൾ സന്ദർശിക്കുന്നു, ഏതൊക്കെ പ്രോഗ്രാമുകൾ തുറക്കുന്നു, എത്ര ഇമെയിലുകൾ അയക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം വിശകലനം ചെയ്ത് അവരെ പരസ്പരം താരതമ്യം ചെയ്ത് ഒരു ‘പ്രൊഡക്ടിവിറ്റി ഗ്രാഫ്’ ഉണ്ടാക്കാന്‍ ഈ സോഫ്റ്റ്‌വെയറിലൂടെ കഴിയും.
ഇവ വിലയിരുത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരന്‍റെ മാർക്ക് നിശ്ചിത കട്ട്ഓഫ് ശതമാനത്തിൽ താഴെയാണെങ്കിൽ ആ ജീവനക്കാരന് ഒരു റെഡ് ഫ്‌ളാഗ് ലഭിക്കും. ഇതിന്‍റെ നോട്ടിഫിക്കേഷൻ ഉടനടി മാനേജറിനും ലഭിക്കും. ഇതാണ് ജീവനക്കാർക്ക് പണിയായി മാറുന്നത്.