ഇന്ത്യയെ പ്രശംസ കൊണ്ട് മൂടി, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍. എഐ വിപ്ലവത്തിലെ മുന്‍നിര പടയാളിയാണ് ഇന്ത്യ എന്നാണ് ആള്‍ട്ട്‌മാന്‍ പ്രഖ്യാപിച്ചത്. ലോകത്ത് ഓപ്പണ്‍ എഐ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള കൂടിക്കാഴ്‌ചയ്ക്കിടെ ആള്‍ട്ട്മാന്‍ പ്രശംസിച്ചു. ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ മാത്രമുള്ള കരുത്ത് ഇന്ത്യയുടെ എഐ സ്വപ്നങ്ങള്‍ക്കില്ലെന്ന് മുമ്പ് പരിഹസിച്ച ആള്‍ട്ട്‌മാനാണ് ഒറ്റ വര്‍ഷം കൊണ്ട് നിലപാട് തിരുത്തിയത്. ആൾട്ട്മാന്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

എഐ രംഗത്തെ ഇന്ത്യന്‍ പദ്ധതികളെ പ്രശംസിക്കുകയാണ് സാം ആള്‍ട്ട്‌മാന്‍. എഐ രംഗത്ത് ഇന്ത്യ സമഗ്രമേഖലകളിലുമുണ്ട് എന്നാണ് എന്‍റെ വിശ്വാസം. എഐ വിപ്ലവത്തിന്‍റെ പടനായകരില്‍ ഒരാളാണ് ഇന്ത്യയെന്നും ആള്‍ട്ട്‌മാന്‍ പറഞ്ഞു. കുറഞ്ഞ ചിലവില്‍ എഐ സാങ്കേതികവിദ്യ ഇന്ത്യയില്‍ തയ്യാറാക്കുന്നതിനെ കുറിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവും സാം ആള്‍ട്ട്‌മാനും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്തു. ആള്‍ട്ട്‌മാനുമുള്ള കൂടിക്കാഴ്‌ചയെ ‘സൂപ്പര്‍ കൂള്‍ ഡിസ്‌കഷന്‍’ എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. എഐക്കായി ജിപിയുകളും പുത്തന്‍ മോഡലുകളും ആപ്പുകളും നിര്‍മിക്കാന്‍ ഇന്ത്യയുമായി സഹകരിക്കാമെന്ന് ഓപ്പണ്‍ എഐ സന്നദ്ധത അറിയിച്ചു. 2023ന് ശേഷം ഇതാദ്യമായാണ് സാം ആള്‍ട്ട്‌മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇത്തവണ ഇന്ത്യയിലേക്ക് എത്തും മുമ്പ് ജപ്പാനും ദക്ഷിണ കൊറിയയും ആള്‍ട്ട്‌മാന്‍ സന്ദര്‍ശിച്ചിരുന്നു.

മറ്റ് രാജ്യങ്ങളേക്കാള്‍ കുറവ് പണം ചിലവഴിച്ചാണ് ഇന്ത്യ ചാന്ദ്ര ദൗത്യം നടത്തിയത്. മറ്റ് കമ്പനികള്‍ നിര്‍മിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് എന്തുകൊണ്ട് ഇന്ത്യക്ക് എഐ മോഡല്‍ നിര്‍മിച്ചുകൂടാ എന്നും സാം ആള്‍ട്ട്‌മാനുമായുള്ള കൂടിക്കാഴ്‌ചയ്ക്കിടെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

Select Language »