എഐ ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’ സൈബർ സെക്യൂരിറ്റി കമ്പനിയായ മക്അഫി പുറത്തിറക്കി. എഐ ജനറേറ്റഡ് വിഡിയോ, ഡീപ്ഫേക്കുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചത്.

മുൻനിര ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളുമായി സഹകരിച്ച് എഐ അധിഷ്ഠിത ഡീപ്ഫേക്ക് ഡിറ്റക്‌ഷൻ ടൂൾ പൊതുജനങ്ങൾക്കായി ഇന്ത്യയിലും അടുത്തുതന്നെ അവതരിപ്പിക്കും. ഡീപ്ഫേക്ക് ഡിറ്റക്ടർ കോപൈലറ്റ്+ കംപ്യൂട്ടറുകളിലാവും ആദ്യം ലഭ്യമാകുക. ഈ കംപ്യൂട്ടറുകളിൽ പ്ലേ ചെയ്യുന്ന വീഡിയോകളിലും ഓഡിയോകളിലും എഐ മാറ്റം വരുത്തിയ ഉള്ളടക്കം ഉണ്ടെങ്കിൽ ഉടൻ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിക്കും. വിഡിയോ കോളുകളിലും ഫോൺവിളികളിലും അടക്കം ഈ പരിശോധന നടക്കും.

ഏതെങ്കിലും വെബ്സൈറ്റിലോ ആപ്പുകളിലോ വിഡിയോ/ഓഡിയോ ഉള്ളടക്കങ്ങൾ പ്രത്യേകമായി അപ്‌ലോഡ് ചെയ്ത് പരിശോധന നടത്തേണ്ടതില്ല. ഇന്റർനെറ്റ് സഹായമില്ലാതെ ഓഫ്‍ലൈനായാണ് ഡീപ്ഫേക്ക് ഡിറ്റക്ടർ ടൂൾ പ്രവർത്തിക്കുന്നത് എന്നതിനാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാവില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

എല്ലാ എഐ ഉള്ളടക്കവും ദുരുദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടതല്ലെങ്കിലും, ഒരു വീഡിയോ യഥാർത്ഥമാണോ വ്യാജമാണോ എന്ന് അറിയാനുള്ള കഴിവ് ഉപഭോക്താക്കളെ ബുദ്ധിപരവും മികച്ചതുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുമെന്ന് മക്അഫിയിലെ എഞ്ചിനീയറിംഗ് സീനിയർ ഡയറക്ടർ പ്രതിം മുഖർജി പറഞ്ഞു.

മക്അഫി നടത്തിയ ഒരു സമീപകാല ഗവേഷണത്തിൽ, ശരാശരി ഇന്ത്യക്കാർ പ്രതിദിനം 4.7 ഡീപ്ഫേക്ക് വീഡിയോകൾ ഓൺലൈനിൽ കാണുന്നുണ്ടെന്നും, 66 ശതമാനം ഇന്ത്യക്കാരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തങ്ങൾ അല്ലെങ്കിൽ അവർ അറിയുന്ന ആരെങ്കിലും ഡീപ്ഫേക്ക് വീഡിയോ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും മക്അഫി റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി, ഈ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണവും കണ്ടെത്താൻ പ്രയാസകരവുമായി മാറിയിരിക്കുന്നു. ഒരു വർഷത്തിനുള്ളിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ ഇന്ത്യക്കാരിൽ 44 ശതമാനത്തിലധികം പേർ ഡീപ്ഫേക്ക് വീഡിയോ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും മക്അഫി റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത കോപൈലറ്റ്+ പിസികളിൽ ഇംഗ്ലീഷ് ഭാഷാ ഡിറ്റക്ഷനായി മക്അഫി ഡീപ്ഫേക്ക് ഡിറ്റക്ടർ ലഭ്യമാണ്. സ്റ്റാൻഡ്-എലോൺ മക്അഫി ഡീപ്ഫേക്ക് ഡിറ്റക്ടറിന് 499 രൂപയും ഡീപ്ഫേക്ക് ഡിറ്റക്ടറുള്ള മക്അഫി+ ന് 2,398 രൂപയുമാണ് വില.

Select Language »