എഐ മേഖല അനുദിനം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നിത്യജീവിതത്തിലെ ഭൂരിഭാഗം മേഖലകളിലും എഐ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അടുക്കളയിലേക്കും എഐ രംഗപ്രവേശം ചെയ്തിരിക്കുന്നു.

ചൈനയിലെ ഷെന്ഴെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ട് അപ് കമ്പനിയായ ബോട്ടിൻകിറ്റ് ആണ് എഐ പാചകക്കാരനെ നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ ഏറ്റവും നൂതനമായ എഐ ടെക്‌നോളജിയും റോബോട്ടിക്‌സും സമന്വയിപ്പിച്ചാണ് ബോട്ടിൻകിറ്റ് ഈ എഐ ഷെഫിനെ രംഗത്തിറക്കിയത്.

2021ൽ ഷിർലി ചെൻ റുയി സ്ഥാപിച്ച ഈ കമ്പനി തൊഴിലാളികളുടെ അഭാവം, ഭക്ഷണ നിലവാരത്തിന്റെ സ്ഥിരത ഉറപ്പാക്കൽ തുടങ്ങി റസ്റ്റോറന്റ് വ്യവസായത്തിൽ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം നൽകാനാണ് ലക്ഷ്യമിടുന്നത്.

ബോട്ടിൻകിറ്റിന്റെ ആദ്യ പ്രൊഡക്ട് ആയ ഓംനി റോബോട്ട് പാചകസംബന്ധമായ നിരവധി ജോലികൾ ചെയ്തുവരുന്നുണ്ട്. അരയ്ക്കൽ, വറുക്കൽ, പൊടിക്കൽ, കുഴയ്ക്കൽ, പ്രോസസിംഗ് തുടങ്ങി നിരവധിയായ അടുക്കള ജോലികൾ ചെയ്യുന്നതിനൊപ്പം ക്ളീനിംഗും ഓംനി റോബോട്ട് ചെയ്യുന്നുണ്ട്. ഓംനിയുടെ പരിഷ്‌ക്കരിച്ച എഐ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

പാചകത്തിൽ വിദഗ്ദർ അല്ലാത്തവർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. എന്തിനേറെ പറയുന്നു, അടുക്കളയിൽ കയറി ഒരു മുട്ട ഓംലറ്റ് പോലും ഉണ്ടാക്കാൻ അറിയാത്തവർക്കും ഇത് സിംപിളായി ഉപയോഗിക്കാം. ടച്ച് സ്ക്രീൻ മെനുവിന്റെ സഹായത്തോടെ റെസിപ്പികൾ തിരഞ്ഞെടുത്ത്, ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദേശങ്ങൾ പിന്തുടർന്ന് നമുക്ക് വിഭവങ്ങൾ തയ്യാറാക്കാം. റസ്റ്റോറന്റുകൾക്ക് ഇത് 30% വരെ തൊഴിൽ ചെലവ് കുറയ്ക്കുകയും ഭക്ഷണ-മസാല പാഴാക്കലിൽ 10% കുറവുണ്ടാക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു..

പാചക വേളയിൽ താപനിലയും മസാലകളുടെയും വെള്ളത്തിന്റെയും അളവും ഉൾപ്പെടെ കൃത്യമായി നിയന്ത്രിക്കാൻ ഇതിന് സാധിക്കും. കൂടാതെ, ഉപഭോക്താക്കളുടെ സ്വാദിനങ്ങളിൽ വന്ന മാറ്റങ്ങൾ പരിഗണിച്ചുകൊണ്ട് പുതിയ റെസിപ്പികൾ സൃഷ്ടിക്കാനും സാധിക്കും. ഇത് പ്രവർത്തനക്ഷമത കൂട്ടുക മാത്രമല്ല അടുക്കളയിലെ ക്രിയേറ്റിവിറ്റിയും വർധിപ്പിക്കുന്നു.

തടസരഹിതമായ കിച്ചൻ ഓട്ടോമേഷൻ മാത്രമല്ല ബോട്ടിൻകിറ്റ് ഇതുവഴി ലക്ഷ്യമിടുന്നത്. മറിച്ച് മനുഷ്യ-യന്ത്ര സഹകരണം എത്രത്തോളം വർധിപ്പിക്കാമെന്നും പ്രയോജനകരമാക്കാമെന്നുമാണ് ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ദിനംപ്രതി ഈ എഐയെ കൂടുതൽ നൂതനമാക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. പാചകം മനുഷ്യന്റെ വ്യക്തിപരമായ സ്പർശം ആവശ്യപ്പെടുന്ന പ്രക്രിയയാണ്. ഇത് മെഷീനുകളുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്താവുന്നതാണ്. ഈ നയം, മിസോ റോബോട്ടിക്സ് പോലുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ബോട്ടിൻകിറ്റിനെ വ്യത്യസ്തമാക്കുന്നു.

നിലവിൽ 19 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന ബോട്ടിൻകിറ്റ്, ലോകവ്യാപകമായി തങ്ങളുടെ സാന്നിധ്യം വേഗത്തിൽ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. ഏഷ്യ അവരുടെ ഏറ്റവും വലിയ വിപണിയാണെങ്കിലും, യൂറോപ്പിലും അമേരിക്കയിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമീപകാലത്ത് 21 മില്യൺ യുഎസ് ഡോളറിന്റെ ഫണ്ടിങ് ബോട്ടിൻകിറ്റ് നടത്തിയിട്ടുണ്ട്. ഇത് കമ്പനിയുടെ അന്താരാഷ്ട്ര വളർച്ചക്ക് കൂടുതൽ പ്രോത്സാഹനം നൽകും.

റെസ്റ്റോറന്റ് വ്യവസായം വളരുമ്പോൾ, എഐയും റോബോട്ടിക്സും സംയോജിക്കുന്ന ബോട്ടിൻകിറ്റിന്റെ നവീന സമീപനം ലോകമെമ്പാടുമുള്ള ഭക്ഷണാനുഭവങ്ങൾ ഒരു കുടക്കീഴിൽ രൂപപ്പെടുത്താൻ സാധിക്കും. അങ്ങനെ, സാങ്കേതിക പുരോഗതിയും പാചകകലയും ഒന്നിപ്പിച്ച്, പാചക മികവിന്റെ പുതിയ കാലഘട്ടത്തിന് വഴിയൊരുക്കുകയാണ് ബോട്ടിൻകിറ്റ്.

ബോട്ടിൻകിറ്റിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക:
https://www.botinkit.ai/

Select Language »