ചാറ്റ് ജിപിടി, ജിപിടി -4 എന്നിവയുടെ പുതിയ ഫീച്ചറുകള്‍ ഓപ്പണ്‍ എഐ ഇന്ന് അവതരിപ്പിക്കും. എക്‌സ് അക്കൗണ്ടിലൂടെയാണ് ഓപ്പണ്‍ എഐ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് വെല്ലുവിളിയാവുന്ന പുതിയ ഉല്പന്നമാണ് ഓപ്പണ്‍ എഐ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും. ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ഇത് തള്ളി. ജിപിടി5, സെര്‍ച്ച് എഞ്ചിന്‍ എന്നിവയൊന്നുമല്ലെന്നും ഏറെ കാലമായി തങ്ങള്‍ കഠിനാധ്വാനം ചെയ്ത പുതിയ ചില കാര്യങ്ങളാണെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.
മാജിക്ക് ആയി തോന്നുന്ന ചിലതാണ് പുതിയ ഫീച്ചറുകള്‍ എന്നാണ് ഓള്‍ട്ട്മാന്‍ നല്‍കിയ സൂചന. ഇന്ന് രാത്രി 10.30 നാണ് പ്രഖ്യാപനം നടക്കുക. മറ്റ് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ചാറ്റ് ജിപിടിയില്‍ വെബ് പേജുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചേക്കുമെന്ന് കരുതുന്നുണ്ട്. ഇത് കൂടുതല്‍ തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ് ജിപിടിയെ പ്രാപ്തമാക്കും. നിലവില്‍ 2023 ഡിസംബര്‍ വരെയുള്ള വിവരങ്ങളാണ് ചാറ്റ് ജിപിടി നല്‍കുക.
മാജിക്ക് എന്ന വിശേഷണം പുതിയ ഫീച്ചറുകള്‍ക്ക് ഓള്‍ട്ട്മാന്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അത്ഭുതകരമായ മറ്റെന്തെങ്കിലും സംവിധാനങ്ങളും ഓപ്പണ്‍ എഐ ഇന്ന് പ്രഖ്യാപിച്ചേക്കും.
ചൊവ്വാഴ്ച ഗൂഗിള്‍ ഐ/ഒ ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് ഓപ്പണ്‍ എഐ പുതിയ ഫീച്ചറുകളുടെ പ്രഖ്യാപനങ്ങള്‍ക്കും ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഗൂഗിളിനെ വെല്ലുവിളിക്കുന്ന എന്തെങ്കിലും ഓപ്പണ്‍ എഐയുടെ പ്രഖ്യാപനത്തിലുണ്ടാകുമെന്ന സംശയത്തിന് ഇടയാക്കുന്നത്. ആന്‍ഡ്രോയിഡ് 15 ഫീച്ചറുകളും, പുതിയ എഐ സൗകര്യങ്ങളും ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.