കോഴിക്കോട്: സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിന്റെ വളർച്ചയെ ലക്ഷ്യമാക്കി ഒരു ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള അതിനൂതന സാങ്കേതിക വിദ്യകളെ അടുത്തറിയാനും അതിന്റെ സാധ്യതകളെ തുറന്നുകാട്ടാനും ഒരുക്കുന്ന കേരള ടെക്‌നോളജി എക്‌സ്‌പോ (കെടിഎക്‌സ് 2024) ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് നടക്കും.
കോഴിക്കോട് മിനി ബൈപ്പാസിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ആന്റ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന ത്രിദിന പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ക്ലൗഡ് പ്ലാറ്റ്‌ഫോം, ഓഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്സ്, ഇൻഡസ്ട്രി, ഹെൽത്ത് കെയർ തുടങ്ങി വിവിധ വിഷയങ്ങളിൽ കേരളത്തിലെ, പ്രത്യേകിച്ച് മലബാർ മേഖലയുടെ വളർച്ചയെ മുൻനിർത്തിയുള്ള സെഷനുകളാണ് ഉണ്ടാവുക. സൗദി അറേബ്യയിലേക്കും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കുന്നതിനുള്ള കവാടമായി കോഴിക്കോടിനെ ഉയർത്താൻ കേരള ടെക്‌നോളജി എക്‌സ്‌പോ ലക്ഷ്യമിടുന്നു.
ആധുനിക ടെക്നോളജിയെ അടുത്തറിയാനുള്ള 200 -ഇൽ അധികം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഒപ്പം വിവിധ വിഷയങ്ങളിലെ നൂറിലധികം വിദഗ്ധർ നയിക്കുന്ന ചർച്ചകളും സെമിനാറുകളും ഉൾപ്പെടുന്ന ഈ പരിപാടിയിൽ ആറായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.
സിറ്റി 2.0 ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ടെക്നോളജി മേഖലയിൽ ഇന്ത്യയിലെ ശ്രദ്ധാകേന്ദ്രമായി നഗരത്തെ ഉയർത്തുന്നതിനുള്ള ലക്ഷ്യത്തിൽ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് (എംസിസി), കാലിക്കറ്റ് ഫോറം ഫോർ ഐടി (സിഎഎഫ്ഐടി), ഐഐഎം, എൻഐടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡാൽ), കേരള, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ (സിഎംഎ). യു എൽ സൈബർ പാർക്ക് കോഴിക്കോട് (ULCC), ഗവൺമെന്റ് സൈബർപാർക്ക് കോഴിക്കോട് എന്നിവരുടെ സംയുക്ത സംരംഭമാണ് CITI 2.0 (കാലിക്കറ്റ് ഇന്നൊവേഷൻ & ടെക്നോളജി ഇനിഷ്യേറ്റീവ്) സൊസൈറ്റി.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. https://ktx.global/