ഡെമി ഗുവോ : ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സി ഇ ഓ

English  |  Other Languages

കവിതയെ പ്രണയിച്ച ഒരു പെൺകുട്ടി. അവൾ കവിതപോലെ മനോഹരമായ ഒരു ലോകം സൃഷ്ട്ടിച്ചു. ഓരോ കലാകാരനേയും അവരുടെ സ്വന്തമായ ക്രിയേറ്റിവിറ്റിയുടെ സംവിധായകനാകാൻ, തന്നിലെ കഴിവുകളെ യാഥാർഥ്യമാക്കാൻ കഴിവുള്ള ഒരു ലോകം. അതാണ് പിക ലാബ്സ്. അതിന്റെ സ്രഷ്ടാവാണ് ഡെമി ഗുവോ.

പുരുഷാധിപത്യം അടക്കി വാഴുന്ന എ ഐ ലോകത്ത് ഒരു മനോഹര പുഷ്പം പോലെ സുന്ദരിയായ പെൺകുട്ടി. ആ സൗന്ദര്യം ബാഹ്യമായത് മാത്രമല്ല, അവളുടെ കഴിവിലും പ്രവൃത്തിയിലും അത് വർണ്ണ മനോഹരമാണ്.

ദിനംപ്രതി റിലീസ് ചെയ്യപ്പെടുന്ന എ ഐ ടൂളുകളിൽ ശ്രദ്ദേയമായ സ്ഥാനം നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. അതും വളരെ കോംപ്ലിക്കേറ്റഡ് ആയ അൽഗോരിതങ്ങളുള്ള വീഡിയോ ക്രിയേഷൻ. പക്ഷെ തന്റെ അറിവും, അനുഭവ സമ്പത്തും, പാഷനും ഒത്തുചേർത്ത് ഡെമി നേടിയെടുത്തത് ആ കിരീടമാണ്. റിലീസ് ചെയ്ത് മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് ഉപഭോക്താക്കൾ, ഇൻവെസ്റ്റ് ചെയ്യാൻ വൻകിട ഇൻവെസ്റ്റർമാർ.. പിക ലാബ്‌സിന്റെ സ്വപ്നതുല്യമായ യാത്ര, ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

ഡെമി ഗുവോയുടെ അക്കാദമിക് പാത ആരംഭിച്ചത് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ്, അവിടെ നിന്ന് ഗണിതത്തിൽ ബാച്ചിലർ ഓഫ് ആർട്‌സും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഓഫ് സയൻസും നേടി. ഈ കാലഘട്ടം ശ്രദ്ധേയമായ നേട്ടങ്ങളും വിവിധ സാങ്കേതിക-അധിഷ്ഠിത പ്രവർത്തനങ്ങളിലെ പങ്കാളിത്തവും കൊണ്ട് സജീവമായിരുന്നു. ഹാർവാർഡിലെ അവളുടെ റോളുകൾ ഒരു വിദ്യാർത്ഥി എന്നതിലുമപ്പുറത്തായിരുന്നു. വുമൺ എഞ്ചിനീയേഴ്സ് കോഡ് കോൺഫറൻസിന്റെ (WECode) കോ-പ്രസിഡണ്ട് എന്ന നിലയിലും Four94 വനിതാ സംരംഭകത്വ കോൺഫറൻസിന്റെ സ്ഥാപക അംഗമെന്ന നിലയിലും, സാങ്കേതികവിദ്യയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത അവർ അടയാളപ്പെടുത്തി. അവൾ ഒരു നേതാവും നൂതന ആശയങ്ങളും ഉള്ളവളായിരുന്നു.

ഹാർവാർഡ്സിലെ ജീവിതത്തിനു ശേഷം, ഫേസ്ബുക്ക് എ ഐ റിസർച്ചിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻ സമയ ജീവനക്കാരിയായി ചേർന്നത് അവളുടെ അസാധാരണമായ കഴിവുകളുടെയും അറിവിന്റെയും തെളിവാണ്. ഗൂഗിൾ ബ്രെയിൻ, മൈക്രോസോഫ്റ്റ് ബിംഗ്, എംഎൽ/ഇൻഫ്രാസ്ട്രക്ചറിലെ ക്വോറ എന്നിവയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഇന്റേൺ എന്ന നിലയിലും അവൾ പ്രായോഗിക പരിജ്ഞാനം നേടി. കൂടാതെ, ഹഡ്‌സൺ റിവർ ട്രേഡിംഗിൽ, ട്രേഡിംഗ് അൽഗോരിതം വികസിപ്പിച്ചെടുത്തു, സാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടർ സയൻസിന്റെയും വിവിധ ഡൊമെയ്‌നുകളിൽ മികവ് പുലർത്തി. ഇൻഫോർമാറ്റിക്‌സിലെ ഇന്റർനാഷണൽ ഒളിമ്പ്യാഡിലെ വെള്ളി മെഡൽ, യുഎസ്എ കമ്പ്യൂട്ടിംഗ് ഒളിമ്പ്യാഡിലെ ഒന്നാം സ്ഥാന വിജയങ്ങൾ, ഇന്റർനാഷണൽ മാത്ത് ഒളിമ്പ്യാഡ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവയിലൂടെ അവളുടെ കഴിവ് കൂടുതൽ അംഗീകരിക്കപ്പെട്ടു.

ഹാർവാർഡിന് ശേഷം, ഡെമി തന്റെ പിഎച്ച്ഡിക്കായി സ്റ്റാൻഫോർഡ് സർവകലാശാലയിലേക്ക് മാറി. ഇവിടെ വെച്ചാണ് സ്റ്റാൻഫോർഡിലെ മറ്റൊരു വിദ്യാർത്ഥിയായ ചെലിൻ മെംഗുമായി ചേർന്നു പിക ലാബ്സ് ആരംഭിക്കുന്നത്. സാങ്കേതികതയുടെ അതിരുകൾ മറികടന്ന് ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വീഡിയോ ക്രിയേറ്റർ പ്ലാറ്റ്‌ഫോം ആയിരുന്നു അവരുടെ ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഒട്ടും പാഴായില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുക മാത്രമല്ല, ഗിറ്റ്ഹബ് ഫോർമർ സി ഇ ഓ  നാറ്റ് ഫ്രൈഡ്മാൻ, ഡാനിയൽ ഗ്രോസ്, എലാഡ് ഗിൽ, ലൈറ്റ്സ്പീഡ് വെഞ്ച്വർ പാർട്ണർസ് തുടങ്ങിയ വൻകിട ഇൻവെസ്റ്റേഴ്സിനെയും ഈ പ്ലാറ്റഫോമിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചു. ഇവരുടെ നൂതന ആശയങ്ങളോട് അഭിനിവേശത്തോട് കൂടിയുള്ള പരിശ്രമങ്ങളാണ് തങ്ങളെ ഇതിലേക്ക് അടുപ്പിച്ചതെന്ന് എല്ലാ ഇൻവെസ്റ്റേഴ്സും അടിവരയിട്ട് പറയുന്നുണ്ട്.

കോ ഫൗണ്ടറും സിഇഓ യുമായ ഡെമി ഗുവോ, സിടിഓ ചെലിൻ മെംഗ്, ഉൾപ്പടെ നാലു പേർ മാത്രമാണ് പിക ലാബ്‌സിന്റെ അണിയറ പ്രവർത്തകർ. ഉദാത്തമായ “കാവ്യസൃഷ്ടിക്ക്” എണ്ണമല്ല, കഴിവും അധ്വാനവുമാണ് വേണ്ടതെന്ന് ഇവർ ലോകത്തോട് വിളിച്ചു പറയുന്നു.

ഡെമി ഗുവോ അക്കാദമിക് മികവിന്റെയും പ്രായോഗിക വൈദഗ്ധ്യത്തിന്റെയും പ്രതീകമാണ്. അവളുടെ ഇതുവരെയുള്ള യാത്ര ലോകമെമ്പാടുമുള്ള യുവതികൾക്കും സാങ്കേതിക വിദഗ്ധർക്കും പ്രചോദനത്തിന്റെ ഒരു പ്രകാശഗോപുരമാണ്.

Info : Internet

പിക ലാബ്‌സിനെക്കുറിച്ച് കൂടുതൽ അറിയാം …

തരംഗം സൃഷ്ടിച്ച പിക ലാബ്സ്

Select Language »