ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക വിദ്യയുടെ വ്യാപനം ലോകത്തെ 40 ശതമാനം തൊഴിലിനെയും ബാധിക്കുമെന്ന് മുന്നറിയിപ്പുമായിഐഎംഎഫ് . എഐ സ്വാധീനം ആഗോളതലത്തിലെ അസമത്വം വര്‍ധിപ്പിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‍കി.
ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയാണ് ഇക്കാര്യത്തെപ്പറ്റി തന്റെ ബ്ലോഗിലൂടെ മുന്നറിയിപ്പ് നല്‍കിയത്. എഐ സ്വാധീനത്തെ നേരിടാന്‍ സാമൂഹിക സുരക്ഷ പദ്ധതികള്‍ ഒരുക്കണമെന്നും തൊഴിലാളികള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഐഎംഎഫ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
“നിലവിലെ സാഹചര്യത്തില്‍ എഐ സാങ്കേതിക വിദ്യ സ്വാധീനം ആഗോളതലത്തിലുള്ള അസമത്വം കൂടുതല്‍ വഷളാക്കും. കൂടുതല്‍ സാമൂഹിക പിരിമുറുക്കങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ കൃത്യമായ നയരൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്,” എന്ന് ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഐഎംഎഫ് മേധാവിയുടെ പ്രതികരണം.