പുതിയതും പരീക്ഷണാത്മകവുമായ സവിശേഷതകൾ യൂട്യൂബ് നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ എഐ സഹായത്തോടെ ഷോർട്സുകൾ നിർമ്മിക്കാനുള്ള ഫീച്ചറും വരികയാണ്. നമ്മൾ നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റിനനുസരിച്ച് ഷോർട്ട്സ് വീഡിയോകൾ നിർമ്മിക്കാം എന്നതാണ് പ്രത്യേകത.
അതേസമയം ഈ പുതിയ അപ്ഡേറ്റ് യൂട്യൂബിന്റെ ഡ്രീം സ്ക്രീൻ ഫീച്ചറിലാണ് നിലവിൽ ലഭ്യമാവുന്നത്. ഡ്രീംസ്ക്രീനിൽ കൃത്യമായി പ്രോംപ്റ്റ് നൽകി സ്വന്തമായി നമുക്ക് ഇഷ്ടമുള്ള വീഡിയോകൾ നിർമിച്ചെടുക്കാനാവും. വീഡിയോയിൽ നിരവധി ഫീച്ചറുകളും ഇഫക്ടുകളും ലഭ്യമാവുകയും ചെയ്യും. നിലവിൽ ചില രാജ്യങ്ങളിലെ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.വരും ദിവസങ്ങളിൽ ഫീച്ചർ എല്ലാവർക്കുമായി ലഭിക്കും.
ആദ്യം യൂട്യൂബിലെ ഷോർട്സിന്റെ ക്യാമറ തുറന്ന് ഡ്രീം സ്ക്രീൻ ഓപ്ഷൻ തിരഞ്ഞെടുക്കണം. അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ള ടെക്സ്റ്റ് പ്രോംപ്റ്റ് നൽകാം. ഇങ്ങനെ ജനറേറ്റ് ചെയ്തുവരുന്ന ചിത്രം സെലക്ട് ചെയ്ത് ഷോർട്ട് റെക്കോഡ് ചെയ്ത് തുടങ്ങാം. ഇനി വിഡിയോ ക്ലിപ്പുകളാണ് നിർമിക്കേണ്ടതെങ്കിൽ ഷോർട്സ് ക്യാമറ തുറന്ന് മീഡിയ പിക്കർ തുറക്കണം. ശേഷം സ്ക്രീനിന്റെ മുകളിൽ വരുന്ന ജനറേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഈ വീഡിയോ ഉപയോഗിച്ച് നിങ്ങൾക്ക് ഷോർട്സ് നിർമ്മിക്കാം.