ആശയവിനിമയത്തിന് പല മാർഗങ്ങൾ ഉണ്ടെങ്കിലും സംസാരത്തിലൂടെയുള്ളതിനാണ് പൂർണ്ണത. ഭാഷ എന്നത് അതിമനോഹരമായ ഒരു ആശയവിനിമയോപാധിയാണ്. ലോകത്തിൽ എല്ലാവർക്കും അവരവരുടേതായ ഭാഷകളുണ്ട്, ലിപികളുണ്ട്, സംസാരരീതികളുണ്ട്. അങ്ങനെ ലോകത്തിൽ ആയിരക്കണക്കിന് ഭാഷകളുണ്ട്. എന്നാൽ മനുഷ്യർക്ക് മാത്രമല്ല ഇത്തരം ഭാഷകൾ ഉള്ളത്, എഐ ചാറ്റ്ബോട്ടുകൾക്കുമുണ്ട്. ആ ഭാഷ കേട്ടിട്ടുണ്ടോ? അത് എങ്ങനെയാണെന്നറിയാമോ? രണ്ട് എഐ ചാറ്റ്ബോട്ടുകൾ പരസ്പരം തിരിച്ചറിയുകയും, അവരുടേതായ ഭാഷയിൽ പരസ്പരം സംസാരിക്കുന്നതുമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജോർജി ഗർഗാനോവ് എന്നയാൾ. എക്‌സിൽ പങ്കുവെച്ച വീഡിയോ രസകരമാണ്.
രണ്ട് എഐ ചാറ്റ്ബോട്ടുകളാണ് വീഡിയോയിൽ ഉള്ളത്. അതിൽ ഒന്ന് ഒരു ഹോട്ടലിന് വേണ്ടിയും മറ്റൊന്ന് ബോറിസ് സ്ടാൾക്കോവ് എന്നയാൾക്ക് വേണ്ടിയുമാണ് സംസാരിക്കുന്നത്. ബോറിസിന് വിവാഹത്തിനായി മുറികൾ വേണമെന്നും നിങ്ങളുടെ ഹോട്ടലിൽ മുറികളുണ്ടോ എന്നുമാണ് എഐ ബോട്ട് ചോദിക്കുന്നത്. അതിന് മുൻപ് താൻ ഒരു എഐ ബോട്ട് ആണെന്ന് പറയുന്നുമുണ്ട്.
ഇത് കേട്ടതോടെ ഹോട്ടലിന് വേണ്ടിയുള്ള എഐ ബോട്ട് ആശ്ചര്യമടയുകയും, കൂടുതൽ മികച്ച കമ്യൂണിക്കേഷനായി ജിബ്ബർ ലിങ്ക് മോഡിലേക്ക് മാറിയാലോ എന്നും ചോദിക്കുകയാണ്. ഇതോടെ ഇരുബോട്ടുകളും അവരുടേതായ ഭാഷയിൽ പരസ്പരം സംസാരിക്കുകയാണ് !
മനുഷ്യന് മനസിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു പ്രത്യേക ശബ്ദം കൊണ്ടാണ് ഒരു ബോട്ടുകളും സംസാരിക്കുന്നത്. ഇരുവരും സംസാരിക്കുന്നത് എഴുതിക്കാണിക്കുന്നുണ്ട് എന്നത് മാത്രമാണ് നമുക്ക് എന്തെന്നത് മനസിലാകാനുള്ള ഏക വഴി. ഇവരുടെ ഈ ‘കാര്യംപറച്ചിൽ’ കാണാനും കേൾക്കാനും ശരിക്കും ബഹുരസവുമാണ്.
ജിബ്ബർ ലിങ്ക് മോഡിലാണ് രണ്ട് എഐ ചാറ്റ്ബോട്ടുകളും സംസാരിക്കുന്നത്. എഐ ചാറ്റ്ബോറ്റുകൾ തമ്മിൽ സംസാരിക്കാൻ ഉപയോഗിക്കുന്ന രഹസ്യഭാഷയാണത്. മനുഷ്യരുടെ ഭാഷ ഉപയോഗിക്കുന്നതിന് പകരം ചാറ്റ്ബോട്ടുകൾ അവരുടെ ഭാഷ ഉപയോഗിക്കുന്നു എന്നതാണ് ഇതിലെ വ്യത്യാസം. ബഹളമയമായ സ്ഥലത്ത് പോലും കൃത്യമായി ഇവർക്ക് ആശയവിനിമയം നടത്താനാകും എന്നതും അതിൽ പിഴവുകൾ പോലും ഉണ്ടാകില്ല എന്നതുമാണ് ജിബ്ബർ ലിങ്ക് മോഡിന്റെ പ്രത്യേകത.