ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3‘ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ളാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി ഉയർത്തി, ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്എഐ വികസിപ്പിച്ചെടുത്ത ആദ്യ എഐ ചാറ്റ്ബോട്ടാണ് ഗ്രോക് 3.

ഉദ്ഘാടന വേളയിൽ ചാറ്റ്ബോട്ടിന്റെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈനായി അതേസമയം എക്‌സ്എഐ നടത്തും. ‘ഭൂമിയിലെ ഏറ്റവും സ്‌മാർട്ടായ എഐ’ എന്നാണ് ഗ്രോക്ക് 3ക്ക് മസ്‌ക് നൽകിയിരിക്കുന്ന വിശേഷണം. നിലവിലുള്ള എല്ലാ എഐ പ്ളാറ്റ്‌ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക്ക് 3 നടത്തുകയെന്നും കമ്പനി അവകാശപ്പെടുന്നു. മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) വഴി നേരത്തെ നടത്തിയ പ്രഖ്യാപനം ഗ്രോക്ക് 3 യുടെ സാധ്യതകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ചാണ് എഐ പ്ളാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. ഒരു കുട്ടി ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കി വളരുന്നതുപോലെ ഡാറ്റ പഠിച്ചും വിലയിരുത്തിയുമാണ് എഐയും വികാസം തേടുന്നത്. വരുത്തുന്ന തെറ്റുകൾ ഡാറ്റ നോക്കി വീണ്ടും വീണ്ടും പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 പുലർത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. ഡാറ്റയിൽ തെറ്റുണ്ടെങ്കിൽ അത് കണ്ടെത്തി നീക്കാനും ഇതിന് കഴിയും. സ്‌ഥിരതയും കൃത്യതയും ഇതുവഴി പ്ളാറ്റ്‌ഫോം ഉറപ്പ് വരുത്തുമെന്നും മസ്‌ക് പറയുന്നു.

ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടെ സ്‌ഥാപകരിൽ ഒരാൾ ഇലോൺ മസ്‌ക് ആയിരുന്നു. എന്നാൽ, പിന്നീട് ഓപ്പൺ എഐയുടെ വലിയ വിമർശകനായി മസ്‌ക് മാറി. ലാഭരഹിത രീതിയിൽ വിഭാവനം ചെയ്യപ്പെട്ട കമ്പനി ലാഭക്കണക്കുകളോടെ പ്രവൃത്തിക്കുന്നെന്നായിരുന്നു മസ്‌കിന്റെ ആരോപണം. നിയമയുദ്ധങ്ങളിലേക്കും ഇത് വഴിവെച്ചിരുന്നു.

Select Language »