ആപ്പിളിനെ കടത്തിവെട്ടാൻ എഐ കംപ്യൂട്ടറുകളുമായി മൈക്രോസോഫ്റ്റ്

സമസ്ത മേഖലയിലും വൻമാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നേറുകയാണ് എഐ. ഈ സാഹചര്യത്തിൽ പുതിയ കംപ്യൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും നൂതന ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ തലമുറ മെഷീന്‍സ് വാങ്ങാന്‍ ശ്രമിക്കുന്നതായിരിക്കും ഉചിതം. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ പുതിയ വിഭാഗം കംപ്യൂട്ടറുകളാണ് ‘എഐ-റെഡി’ പിസികള്‍. ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ വിന്‍ഡോസിലേക്ക് നേരിട്ട് ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിക്കുന്നെ മെഷീനുകള്‍ക്കാണ് എഐ റെഡി എന്ന വിവരണം നല്‍കിയിരിക്കുന്നത്.

12 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 50 ദശലക്ഷം കംപ്യൂട്ടറുകള്‍ വില്‍ക്കാനാണ് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നത്. ലോകമെമ്പാടും ചാറ്റ്ജിപിറ്റി-സ്റ്റൈല്‍ കംപ്യൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു എന്നതാണ് കമ്പനിയെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മുമ്പില്ലാതിരുന്ന രീതിയല്‍ കരുത്തുകാട്ടാന്‍ ശേഷിയുള്ള പുതിയ കംപ്യൂട്ടറുകളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന്, റെഡ്മണ്ടില്‍ സംഘടിപ്പിച്ച അവതരണ മീറ്റിങില്‍ സംസാരിച്ച നാദെല പറഞ്ഞു. പുതിയ വിഭാഗത്തെ ‘കോപൈലറ്റ് പ്ലസ്’ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ചാറ്റ്ജിപിടി ശൈലി പേറുന്ന എഐയെ മൈക്രോസോഫ്റ്റ് വിളിക്കുന്നത് കോപൈലറ്റ് എന്നാണ്. ഇവയാണ് ഏറ്റവും വേഗതയേറിയ, എഐ-സജ്ജമായ കംപ്യൂട്ടറുകള്‍. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് എഐയുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത് മൈക്രോസോഫ്റ്റ് തന്നെയാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കമ്പനിയുടെ ടീംസ്, ഔട്ട്‌ലുക്ക്, വിന്‍ഡോസ് ഒഎസ് തുടങ്ങിയവയിലൊക്കെ കോപൈലറ്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.

പുതിയ മാറ്റങ്ങള്‍ കംപ്യൂട്ടര്‍ പ്രേമികളെ ആകര്‍ഷിച്ചേക്കുമെന്നു തന്നെയാണ് കമ്പനി കരുതുന്നത്. വളരെ കാലത്തിനിടയ്ക്ക് അര്‍ത്ഥവത്തായ മികവുകള്‍ പുതിയ തലമുറ കംപ്യൂട്ടറുകളില്‍ കാണാമെന്നാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് യുസുഫ് മെഹ്ദി പറഞ്ഞത്. കോപൈലറ്റ് പ്ലസ് വിവരണത്തോടു കൂടെ എത്തുന്ന കംപ്യൂട്ടറുകള്‍ ആപ്പിളിന്റെ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് എയര്‍ മെഷീനുകളേക്കാള്‍ 58 ശതമാനം അധിക കരുത്തുള്ളവയാണെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ലെനോവോ, ഡെല്‍, എയ്‌സര്‍, എച്പി തുടങ്ങിയ കംപ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികളും തങ്ങള്‍ ഉടനെ കോപൈലറ്റ് പ്ലസ് സോഫ്റ്റ്‌വെയര്‍ പേറുന്ന കംപ്യൂട്ടറുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തരം കംപ്യൂട്ടറുകളുടെ ഏറ്റവും വലിയ സവിശേഷത ഇവയ്ക്ക് സ്വന്തമായി എഐ ഡാറ്റാ പ്രൊസസിങ് നടത്താന്‍ സാധിക്കുമെന്നതാണ്. അതായത്, നിലവിലുള്ള പല കംപ്യൂട്ടറുകളെയും പോലെ ഡാറ്റ ക്ലൗഡിലേക്ക് അയച്ച് പ്രൊസസു ചെയ്ത് തിരിച്ചെത്താന്‍ കാത്തിരിക്കേണ്ട. സബ്‌സ്‌ക്രിപ്‌ഷൻ ചെയ്ത് ഉപയോഗിക്കേണ്ട സാഹചര്യവും ഒഴിവാക്കാനാകും. തത്സമയ തര്‍ജ്ജമ, ഇമേജ് ജനറേഷന്‍, കംപ്യൂട്ടറുമായി ഇന്ന് സാധ്യമായ ഏറ്റവും നൂതന രീതിയിലുള്ള ഇടപെടല്‍ ഇവയെല്ലാം പുതിയ തലമുറ പിസികളില്‍ ലഭ്യമാണ്. ചാറ്റുകളും, ലളിതമായ പ്രൊംപ്റ്റുകളും മാത്രംഉപയോഗിച്ചാല്‍ പല കാര്യങ്ങളും നിര്‍വ്വഹിക്കാം. നേരത്തെ ചെയ്തിരുന്നതു പോലെ ഫയലുകളില്‍ ക്ലിക്കു ചെയ്യുകയോ, ഡ്രോപ്ഡൗണ്‍ മെനുകളില്‍ പരതുകയോ വേണ്ടെന്ന് കമ്പനി പറയുന്നു.

മൊത്തം മൂല്യത്തിന്റെ കാര്യത്തില്‍ ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനി എന്ന വിവരണം സ്വന്തമാക്കിയ മൈക്രോസോഫ്റ്റിന്റെ നേട്ടം വോള്‍ സ്ട്രീറ്റും ആഘോഷിച്ചു. ചാറ്റ്ജിപിറ്റിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ 13 ബില്ല്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റ് ഇതുവരെ നിക്ഷേപിച്ചിരിക്കുന്നത്. പകരം, ഓപ്പണ്‍എഐയുടെ ജിപിറ്റി-4 ടെക്സ്റ്റ്, ഡാല്‍-ഇ ഇമേജ് ജനറേഷന്‍ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിന് ലഭിച്ചിരിക്കുന്നതാണ് കമ്പനിയുടെപുതിയ കുതിപ്പിന് കാരണം.

പുതിയ തലമുറയിലെ മെഷീനുകള്‍ക്ക് മാക് ശ്രേണികളോട് കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് നദെല. അതിനായി ഇവയില്‍ സവിശേഷ എഐ ചിപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് മൊത്തത്തിലുള്ള കരുത്തും വര്‍ദ്ധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ആപ്പിള്‍ ഗംഭീര പ്രകടനമാണ് നടത്തിവന്നത്. ഇപ്പോള്‍ മൈക്രോസോഫ്റ്റ് ആപ്പിളിനോട് മത്സരിക്കാന്‍ കെല്‍പ്പ് ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്.

പുതിയ തലമുറയിലെ എഐ കംപ്യൂട്ടറുകളുടെ വില ആരംഭിക്കുന്നത് 1000 ഡോളര്‍ മുതലാണ്. ഇവ ജൂണ്‍ 18 മുതല്‍ വാങ്ങാന്‍ സാധിക്കും. മൈക്രോസോഫ്റ്റിന് ആപ്പിളിനെ മറികടക്കാന്‍ സാധിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള മത്സരം ഉപയോക്താക്കള്‍ക്ക് ഗുണംചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Select Language »