കേന്ദ്ര കേന്ദ്ര ബജറ്റിൽ എഐ മേഖലയ്ക്ക് ഫണ്ട് അനുവദിച്ച് പ്രഖ്യാപനം. എഐയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 500 കോടി രൂപ വകയിരുത്തി. 100 കോടി ചെലവിൽ എഐയ്ക്കായി 5 മികവിന്റെ കേന്ദ്രങ്ങളും (സെന്റർ ഓഫ് എക്സ്‌ലൻസ്) സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എഐ മേഖലയിൽ ആഗോള പങ്കാളിത്തവും ഉറപ്പാക്കും.
ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായി ഇന്ത്യയും 10 മാസത്തിനകം സമാനമായ എഐ മോഡൽ (എൽഎൽഎം–ലാർജ് ലാംഗ്വേജ് മോഡൽ) വികസിപ്പിക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. 10,370 കോടി രൂപയുടെ ഇന്ത്യ എഐ മിഷന്റെ ഭാഗമായിട്ടാണിത്. ഈ ദൗത്യത്തിന് ഊർജം നൽകുന്നതാണു ബജറ്റ് തീരുമാനം.
മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.